ADVERTISEMENT

ചെന്നൈ∙ വിദേശരാജ്യങ്ങളിൽ നിന്നെത്തി ക്വാറന്റീനിൽ കഴിയുന്നവർ സർക്കാർ നിർദേശങ്ങൾ അവഗണിച്ചു വീടിനു പുറത്തിറങ്ങിയാൽ പാസ്പോർട്ട് പിടിച്ചെടുക്കുമെന്നു സംസ്ഥാന സർക്കാർ. ക്വാറന്റീൻ നിർദേശിച്ച ചിലർ വീടിനു പുറത്തിറങ്ങി യാത്ര ചെയ്യുന്നതു ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണു നടപടി. നിർദേശങ്ങൾ അവഗണിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന ആരോഗ്യമന്ത്രി സി.വിജയഭാസ്കർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 

ക്വാറന്റീൻ നിർദേശങ്ങൾ അവഗണിച്ചാൽ സമൂഹ വ്യാപനമെന്ന വിപത്തിലേക്ക് സംസ്ഥാനം നീങ്ങുമെന്ന വിലയിരുത്തലിനെത്തുടർന്നാണു നടപടികൾ കർശനമാക്കിയത്. ഇതുപ്രകാരം, ചെന്നൈ കോർപറേഷൻ പരിധിയിൽ ക്വാറന്റീനിൽ കഴിയുന്നവരുടെ വീടുകൾക്കു പുറത്തു നോട്ടിസ് പതിപ്പിക്കും. നിരീക്ഷണത്തിലുള്ള ആളുടെ പേരും ക്വാറന്റീൻ നിർദേശിച്ച കാലയളവും ഇതിൽ രേഖപ്പെടുത്തും. നിർദേശം അവഗണിച്ചു പുറത്തിറങ്ങിയാൽ അയൽവാസികൾക്കോ മറ്റോ പരാതിപ്പെടാം. ക്വാറന്റീനിനു നിർദേശിക്കപ്പെടുന്നവരുടെ കൈകളിൽ സ്റ്റാംപ് പതിപ്പിക്കുന്നുണ്ട്. എന്നാൽ, ഇതു മറച്ചുവച്ചു ചിലർ പുറത്തു കറങ്ങുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണു നടപടി കർശനമാക്കിയത്. 

 

∙നിങ്ങൾക്കും പങ്കാളികളാകാം

നിങ്ങളുടെ അയൽപക്കത്തോ അറിയുന്ന സ്ഥലങ്ങളിലോ വിദേശത്തു നിന്നെത്തി ക്വാറന്റീനിൽ കഴിയാൻ നിർദേശിക്കപ്പെട്ടവരുണ്ടോ? അവർ നിർദേശം ലംഘിക്കുന്നതായി കണ്ടെത്തിയാൽ വിവരം സംസ്ഥാന ആരോഗ്യ വകുപ്പിനെ അറിയിക്കാം. ഓർക്കുക, ഇതുവഴി കോവിഡിന്റെ സമൂഹ വ്യാപനം തടയാനുള്ള ഉദ്യമത്തിൽ നിങ്ങളും പങ്കാളികളാകുകയാണ്.

അറിയിക്കേണ്ട നമ്പറുകൾ : 04429510400, 04429510500

മൊബൈൽ : 9445340496, 8754448477

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com