ADVERTISEMENT

ചെന്നൈ ∙ ലോക്ഡൗണിനെത്തുടർന്നു ചെന്നൈയിൽ കുടുങ്ങിയ മലയാളികൾക്ക് ആശ്വാസമായി വിമാന സർവീസ് പുനരാരംഭിച്ചെങ്കിലും അധികം ആഹ്ലാദിക്കാൻ വകയില്ല. സാധാരണ നിരക്കിനേക്കാൾ മൂന്നിരട്ടി നൽകി യാത്ര ചെയ്യേണ്ട അവസ്ഥയിലാണു പലരും. ചെന്നൈയിൽ നിന്നു കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്കാണു കഴുത്തറപ്പൻ നിരക്ക് ഈടാക്കുന്നത്. കൊച്ചിയിലേക്കുള്ള നോൺ-സ്റ്റോപ് വിമാനത്തിന് ഈ മാസം 31 വരെ 7,556 മതൽ 9,708 വരെയാണ് ഈടാക്കുന്നത്. ലോക്ഡൗണിനു മുൻപ് 4000 രൂപയ്ക്കു വരെ ടിക്കറ്റ് ലഭിച്ചിരുന്ന സ്ഥാനത്താണ് ഇരട്ടി വർധന.

നോൺ-സ്റ്റോപ് അല്ലാത്ത വിമാനങ്ങൾക്ക് അതിലും മേലെയാണു നിരക്ക്. ബെംഗളൂരു വഴിയുള്ള സർവീസിന് 10,876 – 15,000 രൂപയാണ് ഈടാക്കുന്നത്. കോഴിക്കോട്ടേക്കുള്ള യാത്ര അതിലും കഷ്ടമാണ്. നോൺ-സ്റ്റോപ് വിമാനങ്ങൾ ലഭ്യമല്ലെന്നു മാത്രമല്ല, 11,000 രൂപയോളം രൂപ ടിക്കറ്റ് ചാർജായി നൽകുകയും വേണം. ബെംഗളൂരു വഴിയാണു കോഴിക്കോട്ടേക്കുള്ള യാത്ര. കണ്ണൂരിലേക്കും നേരിട്ടുള്ള സർവീസ് ലഭ്യമല്ല. തിരുവനന്തപുരം, ബെംഗളൂരു വഴിയാണു യാത്ര. നിരക്ക് 5,000 - 16,000. അതേസമയം, തിരുവനന്തപുരത്തേക്ക് സാധാരണ നിരക്ക് തന്നെയാണു ടിക്കറ്റിന് ഈടാക്കുന്നത്. 3000 – 3500 രൂപയാണ് ഈ മാസാവസാനം വരെ.

∙ ചെന്നൈയിലേക്കു തിരിച്ചുള്ള യാത്രയ്ക്കു കൂടിയും കുറഞ്ഞുമാണു നിരക്ക്. കൊച്ചിയിൽ നിന്ന് 6,300 – 20,000, തിരുവനന്തപുരത്തു നിന്നു 13,000-14,000 എന്നിങ്ങനെയാണു നാളത്തെ നിരക്ക്. തുടർന്നുള്ള രണ്ടു ദിവസങ്ങളിലെ നിരക്ക് 3,000 – 7000 .

∙ ലോക്ഡൗണിനെത്തുടർന്നു 2 മാസത്തോളമായി ചെന്നൈയിൽ കുടുങ്ങിക്കിടക്കുകയാണ് ഏറെ മലയാളികൾ. ബെംഗളൂരു, മുംബൈ ഉൾപ്പെടെയുള്ള നഗരങ്ങളിൽ നിന്നു കേരളത്തിലേക്കു ട്രെയിൻ അനുവദിച്ചെങ്കിലും ചെന്നൈയെ മാത്രം പരിഗണിച്ചിട്ടില്ല. സിടിഎംഎ, എയ്മ ഉൾപ്പെടെയുള്ള മലയാളി സംഘടനകളുടെ നേതൃത്വത്തിൽ ലഭ്യമാക്കുന്ന വാഹനങ്ങളിലാണു പലരും ഇപ്പോൾ വീടണയുന്നത്. എന്നാൽ പാസ് ലഭിക്കുന്നത് ഉൾപ്പെടെയുള്ള ബുദ്ധിമുട്ടുകൾ ഇവർ നേരിടുന്നുണ്ട്.

യാത്രക്കാർ കുറവ്

വിമാന സർവീസ് പുനരാരംഭിച്ചെങ്കിലും കേരളത്തിലേക്കുള്ളത് ഉൾപ്പെടെ വിമാനങ്ങളിലെല്ലാം യാത്രക്കാർ കുറവ്. ഇന്നലെ എത്തിച്ചേർന്നതും പുറപ്പെട്ടതുമായ വിമാനങ്ങളിലെല്ലാം നൂറിൽ താഴെ മാത്രം യാത്രക്കാർ. ചില വിമാനങ്ങളിൽ 50ൽ താഴെ. കോവിഡ് ഭീതിയും കർശന നിയന്ത്രണങ്ങളുമാണ് അവസാന നിമിഷം പലരെയും പിന്തിരിപ്പിക്കുന്നത്. യാത്രക്കാർ ഇല്ലാത്തതിനാലും മറ്റു കാരണങ്ങളാലും ചില വിമാനങ്ങൾ അവസാന നിമിഷം റദ്ദാക്കിയിരുന്നു. ഇന്നലെ 41 വിമാനങ്ങളാണു സർവീസ് നടത്തിയത്. കോവിഡ് പശ്ചാത്തലത്തിൽ ചെന്നൈയിൽ എത്തിച്ചേരുന്ന വിമാനങ്ങളുടെ എണ്ണം 25 മതിയെന്നു സംസ്ഥാന സർക്കാരിന്റെ അഭ്യർഥനയും സർവീസുകൾ കുറയാൻ കാരണമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com