ADVERTISEMENT

ചെന്നൈ ∙ കേന്ദ്ര സർക്കാർ ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും, ചെന്നൈ ഉൾപ്പെടെ കോവിഡ് വ്യാപനം തീവ്രമായ പ്രദേശങ്ങളിൽ നിന്നു കേരളത്തിലേക്കു പോകാൻ യാത്രാ പാസ് വേണ്ടിവരും. രോഗ വ്യാപനം കുറഞ്ഞയിടങ്ങളിൽ നിന്നു പാസില്ലാതെ യാത്ര ചെയ്യാം. അടുത്തഘട്ട ലോക്ഡൗൺ സംബന്ധിച്ച് തമിഴ്നാട്, കേരള സർക്കാരുകളുടെ പ്രഖ്യാപനം വരുന്നതോടെ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരും. ചെന്നൈ, സമീപ ജില്ലകളായ ചെങ്കൽപേട്ട്, കാഞ്ചീപുരം, തിരുവള്ളൂർ എന്നിവിടങ്ങളിൽ നിന്നുള്ളവർക്കു യാത്രയ്ക്കു നിലവിലെ നിയന്ത്രണങ്ങൾ തുടരും.

സംസ്ഥാനാന്തര യാത്രകൾക്കുള്ള നിയന്ത്രണങ്ങൾ നീക്കിയതായി ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. എന്നാൽ,അതാതിടങ്ങളിലെ സാഹചര്യമനുസരിച്ച് നിയന്ത്രണം വേണോയെന്നു  ബന്ധപ്പെട്ട സംസ്ഥാനങ്ങൾക്കു തീരുമാനിക്കാമെന്നു ഉത്തരവിൽ പറയുന്നു. രാജ്യത്ത് തന്നെ രോഗ വ്യാപനം ഏറ്റവും കൂടുതലുള്ള നഗരങ്ങളിലൊന്നായ ചെന്നൈയിൽ നിന്നു യാത്രയ്ക്കു നിയന്ത്രണം തുടരും. ഇതര സംസ്ഥാനങ്ങളിൽ നിന്നു ചെന്നൈയിലേക്കു വരുന്നതിനു പാസ് നൽകുന്നതും കൂടുതൽ കർശനമാക്കാൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചിട്ടുണ്ട്. 

കണ്ടെയ്ൻമെന്റ് സോണുകളിൽ മാത്രം കടുത്ത നിയന്ത്രണങ്ങൾ തുടരാനാണു കേന്ദ്ര സർക്കാർ ഉത്തരവ്. എന്നാൽ, ചെന്നൈയിൽ എല്ലായിടങ്ങളിലും കണ്ടെയ്ൻമെന്റ് സോണുകളുണ്ട്. എന്നാൽ, സമീപ ജില്ലകളായ തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപേട്ട് ജില്ലകളിൽ ചില പ്രത്യേക മേഖലകളിലാണു രോഗ വ്യാപനം കൂടുതലുള്ളത്. അതിനാൽ, ഈ ജില്ലകളിൽ നിന്നു കേരളമുൾപ്പെടെയുള്ള ജില്ലകളിലേക്കു യാത്ര ചെയ്യാനുള്ള നിയന്ത്രണത്തിൽ ഇളവു നൽകിയേക്കും. ചെന്നൈയിലേക്കു പുറത്തു നിന്നുള്ള വരവ് കർശനമായി നിയന്ത്രിക്കാൻ തമിഴ്നാട് തീരുമാനിച്ചിട്ടുണ്ട്. നാളെ മുതൽ സംസ്ഥാനത്തിനുള്ളിൽ റെയിൽവേ സർവീസിനു അനുമതി നൽകിയെങ്കിലും ചെന്നൈയിൽ ഇതു അനുവദിക്കാത്തത് ഇതിന്റെ ഭാഗമായാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com