കോവിഡ് പ്രതിരോധം പാളി; കാശിമേട് മാർക്കറ്റിൽ തിരക്ക്

ചെന്നൈയിലെ പ്രധാന മത്സ്യമാർക്കറ്റായ കാശിമേട് തുറമുഖത്ത് ഇന്നലെ അനുഭവപ്പെട്ട തിരക്ക്.
SHARE

ചെന്നൈ∙ കാശിമേട് തുറമുഖത്തിൽ കോവിഡ് പ്രതിരോധ നിർദേശങ്ങൾ കാറ്റിൽ പറത്തി മീൻ വാങ്ങാൻ എത്തിയത് ആയിരങ്ങൾ. ഇന്നു സമ്പൂർണ ലോക്ഡൗൺ ലോക്ഡൗൺ നിലനിൽക്കുന്നതിനാൽ കഴിഞ്ഞ 2 ദിവസമായി തുറമുഖത്തു മത്സ്യം വാങ്ങാൻ എത്തുന്ന ചില്ലറ വിൽപനക്കാരുടെ തിരക്കാണ്. കോവിഡ് വ്യാപന ഭീഷണി നിലനിൽക്കുന്നതിനാൽ പൊതുജനങ്ങൾക്കു തുറമുഖത്തു പ്രവേശനം വിലക്കിയിരുന്നു. കച്ചവടക്കാർക്കു മാത്രമാണു കാശിമേട് മത്സ്യ മാർക്കറ്റിൽ പ്രവേശനം അനുവദിച്ചത്.

പൊതുജനങ്ങൾ വരുന്നത് ഒഴിവാക്കാൻ രാത്രി 12  മുതൽ രാവിലെ 8 വരെ മാത്രമാണു മാർക്കറ്റ് പ്രവർത്തിക്കുക. മാർക്കറ്റിലേക്കു പ്രവേശിക്കുന്നതിനും പുറത്തു കടക്കുന്നതിനും പ്രത്യേക പ്രവേശന കവാടങ്ങളും ഏർപ്പെടുത്തിയിരുന്നു. എന്നാൽ  2 ദിവസമായി മൂവായിരത്തിൽ അധികം ചില്ലറ വ്യാപാരികളാണു മാർക്കറ്റിൽ എത്തിയത്. തിരക്കു വർധിച്ചതോടെ സാമൂഹിക അകലം ഉൾപ്പെടെയുള്ള പ്രതിരോധ നിർദേശങ്ങൾ ലംഘിക്കപ്പെട്ടതായി പരാതി ഉയർന്നു. മാസ്‌ക് ഉള്ളവരെ മാത്രമാണു മാർക്കറ്റിൽ പ്രവേശിപ്പിച്ചതെന്ന് പൊലീസ് പറയുമ്പോഴും മിക്കവരും മാസ്‌ക് കൃത്യമായി ധരിക്കുന്നില്ലെന്നു മൊത്ത വ്യാപാരികൾ പരാതിപ്പെട്ടു.

തിരക്കു കൂടിയതു കോവിഡ് വ്യാപനത്തിനുള്ള സാധ്യത ഇരട്ടിയാക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. ചില്ലറ വ്യാപാരികൾക്കു കോവിഡ് പിടിപെട്ടാൽ അതു കൂടുതൽ പേർക്കു രോഗം ബാധിക്കാൻ വഴിയൊരുക്കും. കോയമ്പേട് മാർക്കറ്റിനു പിന്നാലെ കാശിമേട് മാർക്കറ്റും കോവിഡ് ക്ലസ്റ്ററായി മാറുമോ എന്ന ആശങ്കയാണ് ആരോഗ്യ പ്രവർത്തകർ പങ്കുവയ്ക്കുന്നത്. നഗരത്തിൽ പലയിടത്തായുള്ള മാർക്കറ്റുകളിലെ വ്യാപാരികൾക്കു കോവിഡ് പരിശോധന നടത്തുന്നതിനുള്ള നടപടികൾക്കു കോർപറേഷൻ തുടക്കമിട്ടിരുന്നു.

പരിശോധനയ്ക്കു വിധേയരായവരിൽ 7% വ്യാപാരികൾക്കു രോഗം സ്ഥിരീകരിച്ചിരുന്നു. വ്യാപാരികൾ ദിവസവും 100ൽ അധികം പേരുമായി സമ്പർക്കമുള്ളതിനാൽ ഇവരുടെ സമ്പർക്ക പട്ടിക തയാറാക്കുന്നതും പ്രായോഗികമല്ല. മൊത്തവ്യാപാര കേന്ദ്രങ്ങളിൽ തിരക്കു നിയന്ത്രിക്കാൻ സംവിധാനം ഒരുക്കിയില്ലെങ്കിൽ സമൂഹവ്യാപനത്തിലേക്കു കാര്യങ്ങൾ എത്തുമെന്ന് ആരോഗ്യ പ്രവർത്തകർ മുന്നറിയിപ്പു നൽകി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHENNAI
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA