ADVERTISEMENT

ചെന്നൈ∙ കോവിഡ് ഭീതിയിൽ ഇനി റേഷൻ വാങ്ങാൻ ക്യൂ നിൽക്കേണ്ട. റേഷൻ ഇനി വീട്ടുപടിക്കൽ എത്തും. സംസ്ഥാനത്തുടനീളം 3,501 മൊബൈൽ റേഷൻ കടകൾ ഏർപ്പെടുത്തുമെന്നു പൊതുവിതരണ വകുപ്പ് അറിയിച്ചു. അടുത്ത ആഴ്ച മുതൽ പ്രത്യേകം സജ്ജീകരിച്ച വാഹനങ്ങളിൽ ഇവ പ്രവർത്തിച്ചു തുടങ്ങും. കണ്ടെയ്ൻമെന്റ് സോണുകളിലെ ജനങ്ങളുടെ പ്രയാസം പരിഗണിച്ചാണു തീരുമാനം. മൊബൈൽ റേഷൻകടകൾ വഴി സൗജന്യ റേഷനും വിതരണം ചെയ്യും. നിരീക്ഷണത്തിൽ കഴിയുന്നവരുടെ വീടുകളിൽ റേഷൻ എത്തിക്കുന്നതിനും ഇവ ഉപയോഗിക്കുമെന്നു  മന്ത്രി സെല്ലൂർ രാജു പറഞ്ഞു.

ചെന്നൈ, ധർമപുരി, ഈറോഡ്, നാമക്കൽ, നീലഗിരി, സേലം, തിരുച്ചിറപ്പള്ളി, തിരുനെൽവേലി, തിരുപ്പൂർ, തിരുവണ്ണാമലൈ, വെല്ലൂർ, വില്ലുപുരം എന്നിവിടങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഏർപ്പെടുത്തിയ മൊബൈൽ റേഷൻ കടകൾ വിജയിച്ചതോടെയാണു 37 ജില്ലകളിലും ഏർപ്പെടുത്താൻ തീരുമാനിച്ചത്. നഗര പ്രദേശങ്ങളിൽ 800 കാർഡുകൾക്ക് ഒരു വാഹനം എന്ന അനുപാതത്തിലാവും ഇവ പ്രവർത്തിക്കുക. ഗ്രാമപ്രദേശങ്ങളിലും മലയോരമേഖലകളിലും ഇത് 500, 400 അനുപാതത്തിലാണ്.

കൂടാതെ റേഷൻ കടകളിൽ ബയോമെട്രിക് സംവിധാനത്തിനുള്ള പദ്ധതിക്കും സർക്കാർ തുടക്കമിട്ടു. സ്മാർട് റേഷൻ കാർഡുകളിലെ ക്യൂ ആർ കോഡ് സ്‌കാൻ ചെയ്തു വിവരങ്ങൾ ശേഖരിച്ച ശേഷം റേഷൻ വിതരണം നടത്തുന്ന പദ്ധതിയാണിത്. റേഷൻകടകളിലെ വിൽപനയുടെയും സ്റ്റോക്കിന്റെയും വിവരങ്ങൾ പൊതുവിതരണ വകുപ്പിന്റെ കംപ്യൂട്ടറിൽ  തൽസമയം രേഖപ്പെടുത്തും. തിരുച്ചിറപ്പള്ളി, അരിയലൂർ, പെരമ്പലൂർ എന്നിവിടങ്ങളിൽ ഇവ പ്രവർത്തനം ആരംഭിച്ചു. ഒക്ടോബർ അവസാനത്തോടെ മറ്റു ജില്ലകളിലും ഇവ ഏർപ്പെടുത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com