വാഷർമാൻപെട്ട് - വിംകോ നഗർ മെട്രോ പാത ഈ വർഷം തന്നെ

blr-train-logo
SHARE

ചെന്നൈ∙ ഒന്നാം ഘട്ട മെട്രോയുടെ വികസന പദ്ധതിയായ വാഷർമാൻപെട്ട്-വിംകോ നഗർ (9കി.മീ) പാതയുടെ നിർമാണം 4 മാസത്തിനുള്ളിൽ പൂർത്തിയാകും. നിർമാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണെന്നും പാത ഡിസംബറിൽ തുറക്കാൻ കഴിയുമെന്നാണു പ്രതീക്ഷയെന്നും ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് (സിഎംആർഎൽ) അറിയിച്ചു. നിർമാണം ജൂണിൽ പൂർത്തിയാക്കാനാണു നേരത്തേ നിശ്ചയിച്ചിരുന്നത്. എന്നാൽ  മാർച്ചിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ നിർമാണം മുടങ്ങി.ഇതര സംസ്ഥാന തൊഴിലാളികൾ നാട്ടിലേക്കു മടങ്ങിയതും ലോക്ഡൗൺ മൂലം യൂറോപ്പിൽ നിന്നും ജപ്പാനിൽ നിന്നും സാങ്കേതിക ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുന്നതിലെ തടസ്സവും നിർമാണം ഇഴയാൻ കാരണമായി.

ഇന്ത്യ- ചൈന സംഘർഷം ഉടലെടുത്തതോടെ ചൈനയിൽ നിന്ന് ഇലക്ട്രോണിക് ഉപകരണങ്ങൾ എത്തിക്കുന്നതും അനിശ്ചിതത്വത്തിലായി. ഭൂഗർഭ സ്‌റ്റേഷനുകളിൽ യാത്രക്കാരുടെ സുരക്ഷയ്ക്കായി സ്ഥാപിക്കുന്ന പ്ലാറ്റ്‌ഫോം സ്‌ക്രീൻ ഡോർ ഉൾപ്പെടെയുള്ളവ ചൈനയിൽ നിന്നാണ് എത്തിച്ചിരുന്നത്. അതേസമയം ലഭ്യമായ 1,200 തൊഴിലാളികളെ വച്ചു നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചതായും ഡിസംബറോടെ പാത പ്രവർത്തനയോഗ്യമാകുമെന്നും സിഎംആർഎൽ വ്യക്തമാക്കി. ലോക്ഡൗൺ ഇളവുകൾ പ്രാബല്യത്തിൽ വരുന്നതോടെ കൂടുതൽ ഇതരസംസ്ഥാന തൊഴിലാളികളെ എത്തിക്കും. 118.9 കി.മീ ദൂരത്തിൽ 3 ഇടനാഴികളോടെ നിർമിക്കുന്ന രണ്ടാംഘട്ട മെട്രോയുടെ ടെൻഡർ നടപടികളും ഉടൻ ആരംഭിക്കും.

.വടക്കൻ ചെന്നൈ മേഖലയെ നഗരവുമായി ബന്ധിപ്പിക്കുന്ന പദ്ധതിയാണ് വാഷർമാൻപെട്ട്-വിംകോനഗർ പാത. നിലവിൽ പ്രവർത്തിക്കുന്ന രണ്ട് ഇടനാഴികളായ വാഷർമാൻപെട്ട്-എയർപോർട്ട്, സെൻട്രൽ-എയർപോർട്ട് എന്നിവയുമായി ബന്ധിപ്പിച്ചാണ് പുതിയ പാത നിർമിക്കുന്നത്. വടക്കൻ മേഖലകളിൽ നിന്നുള്ളവർക്ക് കുറഞ്ഞ സമയത്തിൽ തെക്കൻ ചെന്നൈയിലേക്കും, വിമാനത്താവളം, കോയമ്പേട് തുടങ്ങിയ മറ്റു പ്രധാന സ്ഥലങ്ങളിലേക്കും എത്താം എന്നതാണു മെച്ചം. നിലവിൽ എന്നൂർ അടക്കമുള്ള വടക്കൻ മേഖലകളിൽ നിന്നു സെൻട്രലിൽ എത്താൻ 1 മണിക്കൂറോളം സമയമെടുക്കും. പാത പ്രവർത്തിച്ചു തുടങ്ങുന്നതോടെ യാത്രാ സമയം 20 മിനിറ്റായി കുറയും. 9 സ്റ്റേഷനുകളാണു പാതയിലുള്ളത്. ഇതിൽ മൂന്നെണ്ണം ഭൂഗർഭ സ്റ്റേഷനുകൾ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHENNAI
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA