ADVERTISEMENT

ചെന്നൈ∙ തമിഴ്നാട്ടിലും ഇതര സംസ്ഥാനങ്ങളിലും മഴ മൂലം വിളവെടുപ്പു മുടങ്ങിയതിനാൽ വരും ദിവസങ്ങളിൽ പച്ചക്കറി വില ഉയരുമെന്നു മൊത്തവ്യാപാരികൾ. നവരാത്രി ഉത്സവം പ്രമാണിച്ച് ഡിമാൻഡ് ഉയരുന്നതും വിലക്കയറ്റമുണ്ടാക്കും. വരും ആഴ്ചകളിൽ നിത്യോപയോഗ പച്ചക്കറികളുടെ വില 20% വരെ ഉയരുമെന്നു കോയമ്പേട് മാർക്കറ്റിലെ വ്യാപാരികൾ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ചില്ലറ കേന്ദ്രങ്ങളിൽ പച്ചക്കറി വില 10%വരെ ഉയർന്നിരുന്നു. 

ഇതര സംസ്ഥാനങ്ങളിൽ മഴ തുടരുന്നത് ഉള്ളി വിലയെയും ബാധിച്ചു. ഒരാഴ്ചയ്ക്കിടെ ഉള്ളിവില ഇരട്ടിയായി ഉയർന്നു. 40 രൂപയായിരുന്ന സവാളയ്ക്ക് 80 രൂപയാണു കോയമ്പേടിലെ മൊത്തവ്യാപാര കേന്ദ്രങ്ങളിൽ വില. ചെറിയ ഉള്ളിയുടെ  വില 50 രൂപയിൽ  നിന്നു 100 രൂപയിൽ എത്തി. 

മാർക്കറ്റിൽ  എത്തുന്ന ലോഡുകളുടെ എണ്ണം പകുതിയായി കുറഞ്ഞെന്നു വ്യാപാരികൾ പറഞ്ഞു. ഉള്ളി വില ഉയരുന്നത് ഹോട്ടൽ വിഭവങ്ങളുടെ വിലയും ഉയർത്തിയേക്കും. ആന്ധ്ര, തെലങ്കാന, കർണാടക എന്നിവിടങ്ങളിൽ നിന്നാണു പ്രധാനമായും കോയമ്പേട് മാർക്കറ്റിൽ പച്ചക്കറി എത്തുന്നത്. ഇവിടങ്ങളിൽ മഴ മൂലം വ്യാപക കൃഷിനാശം ഉണ്ടായതാണു വില ഉയരാൻ കാരണം. നീലഗിരി, കൃഷ്ണഗിരി ജില്ലകളിൽ തുടരുന്ന മഴ കാരറ്റ് അടക്കമുള്ള കൃഷികളെ ബാധിച്ചു. നവംബർ അവസാനം വരെ വില ഉയർന്നു തന്നെ തുടരാനാണു സാധ്യതയെന്നു കോയമ്പേട് മാർക്കറ്റ് മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹി പി.സുകുമാരൻ പറഞ്ഞു. പഴങ്ങളുടെ വിലയും ഉയരാനാണു സാധ്യതയെന്നു കോയമ്പേടിലെ വ്യാപാരികൾ പറഞ്ഞു. വില ഉയരുന്നതു ചില്ലറ വിൽപനയെ ബാധിക്കും. വില കൂടിയാൽ ഉപഭോക്താക്കൾ വാങ്ങുന്ന പച്ചക്കറിയുടെ അളവ് കുറയ്ക്കും എന്നതിനാലാണിത്. ഡിസംബർ ആദ്യവാരത്തോടെ വില സാധാരണ നിലയിലാകുമെന്നാണു വിലയിരുത്തൽ. 

പച്ചക്കറി വില

നഗരത്തിലെ പച്ചക്കറി വില ചുവടെ. പഴയ വില ബ്രാക്കറ്റിൽ.

∙ബീൻസ്: 50 (40). 

∙ബീറ്റ് റൂട്ട്: 35 (30)

∙പാവയ്ക്ക: 40 (35)

∙വഴുതനങ്ങ: 20 (18)

∙വഴുതനങ്ങ (വലുത്): 86 (60)

∙കാബേജ്: 20 (15)

∙കാരറ്റ്: 75 945)

∙കോളിഫ്ലവർ: 35 (35)

∙പച്ചമുളക്:25 (25)

∙തക്കാളി: 35 (30)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com