ADVERTISEMENT

ചെന്നൈ ∙ മാസങ്ങളുടെ കാത്തിരിപ്പിന് ഇന്നു വിരാമം. 10 മാസത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്നു തുറക്കുന്നു. 10,12 ക്ലാസുകളാണ് ഇന്നു പുനരാരംഭിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പ്രകാരമാണു സ്കൂളുകളുടെ പ്രവർത്തനം. ക്ലാസ് മുറിയും പരിസരവും അണുമുക്തമാക്കൽ, വിദ്യാർഥികൾക്ക് ഇരിക്കേണ്ട സ്ഥലം അടയാളപ്പെടുത്തൽ അടക്കം ഒരുക്കങ്ങൾ പൂർത്തിയാക്കി സ്കൂളുകൾ തയാറായിക്കഴിഞ്ഞു. മാസങ്ങൾക്കു ശേഷം സഹപാഠികളെ കാണുന്നതിന്റെ സന്തോഷത്തിലാണു വിദ്യാർഥികൾ. സ്കൂൾ തുറക്കുന്നതിൽ സന്തോഷവും ആശ്വാസവും ഉണ്ടെങ്കിലും കുട്ടികളുടെ സുരക്ഷയെപ്പറ്റിയുള്ള ആശങ്കയിലാണു രക്ഷിതാക്കൾ.

സൗജന്യ ബസ് യാത്ര

വിദ്യാർഥികൾക്കു ബസുകളിൽ സൗജന്യമായി യാത്ര ചെയ്യാമെന്ന് മന്ത്രി എം.ആർ.വിജയഭാസ്കർ. സ്കൂൾ യൂണിഫോം ധരിച്ചവർക്കോ പഴയ ബസ് പാസ് കൈവശം ഉള്ളവർക്കോ യാത്ര ചെയ്യാം. സർക്കാർ അറിയിപ്പ് ലഭിക്കാത്തതിനെ തുടർന്നു രക്ഷിതാക്കളും വിദ്യാർഥികളും ബസ് യാത്രയെക്കുറിച്ചു സംശയം പ്രകടിപ്പിച്ചിരുന്നു. ഇതെത്തുടർന്നാണു മന്ത്രിയുടെ വിശദീകരണം.

'എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. കോവിഡ് പ്രോട്ടോക്കോൾ പൂർണമായി പാലിച്ചായിരിക്കും ക്ലാസുകൾ. 10 മാസമായി ഓൺലൈൻ ക്ലാസ് ആയിരുന്നതിനാൽ പഠിച്ച കാര്യങ്ങളെക്കുറിച്ച് ചോദിച്ചറിയേണ്ടതുണ്ട്. കുട്ടികളെ കാണാനാവുന്നതിന്റെ സന്തോഷത്തിലാണ് അധ്യാപകർ. കുട്ടികൾ ഉണ്ടെങ്കിൽ മാത്രമാണല്ലോ സ്കൂൾ സ്കൂൾ ആവുകയുള്ളൂ.' -സതീഷ്, പ്രിൻസിപ്പൽ, കേരള വിദ്യാലയം.

'ക്ലാസ് ആരംഭിക്കുന്നതിനുള്ള എല്ലാ തയാറെടുപ്പുകളും പൂർത്തിയായി. മിക്ക വിദ്യാർഥികളും ഇന്നു മുതൽ വരും. ആരെയും നിർബന്ധിക്കില്ല. എന്നാലും പരീക്ഷയ്ക്കു തയാറെടുക്കുന്നതിനു സ്കൂളിലേക്കു വരുന്നതാണ് അഭികാമ്യം. ആദ്യ കുറച്ചു ദിവസം വിദ്യാർഥികൾക്കു കൗൺസലിങ് നൽകും. ഓൺലൈനിൽ പഠിപ്പിച്ച മുഴുവൻ പാഠഭാഗങ്ങളും വീണ്ടും പഠിപ്പിക്കേണ്ടി വരും. സ്കൂൾ തുറക്കുന്നതിന്റെ സന്തോഷത്തിലാണ് അധ്യാപകരും വിദ്യാർഥികളും.' -എ.വനജ, പ്രധാനാധ്യാപിക, മലയാള വിദ്യാലയം.

'കുട്ടികളുടെ ഭാവി കണക്കിലെടുത്ത് സ്കൂൾ തുറക്കേണ്ടത് അത്യാവശ്യമാണ്. അധ്യാപകർ നേരിട്ടു ക്ലാസെടുത്താൽ മാത്രമേ പരീക്ഷയ്ക്കു പൂർണമായി തയാറെടുക്കാൻ സാധിക്കൂ. എന്നാൽ കുട്ടികളുടെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ട്. കോവിഡ് പ്രോട്ടോക്കോൾ പൂർണമായി പാലിക്കപ്പെടുമോ എന്നു സംശയമുണ്ട്.' -വി.വി.ഹേമന്ത്, രക്ഷിതാവ്, വേപ്പംപെട്ട്.

'ഒരുപാടു നാളുകൾക്കു ശേഷം എല്ലാവരെയും കാണാനാവുന്നതിൽ സന്തോഷം.സ്കൂൾ തുറന്നാൽ മാത്രമേ പാഠഭാഗങ്ങൾ പൂർണമായി മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ. കണക്ക് അടക്കം പല വിഷയങ്ങളും പഠിക്കുന്നതിന് അധ്യാപകരുടെ സഹായം അത്യാവശ്യമാണ്.' -എച്ച്.അഭിജിത്, പത്താം ക്ലാസ് വിദ്യാർഥി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com