ADVERTISEMENT

ചെന്നൈ∙ നേർക്കുനേർ ഡിഎംകെ– അണ്ണാഡിഎംകെ മുന്നണികൾ, നിർണായകമാകാൻ മക്കൾ നീതി മയ്യവും അമ്മമക്കൾ മുന്നേറ്റ കഴകവും നാം തമിഴർ കക്ഷിയും; തമിഴ്നാട്ടിൽ ‘പഞ്ചഗുസ്തി’ നടക്കുമ്പോൾ പോളിങ് കുതിച്ചുയരുമെന്നായിരുന്നു നിഗമനങ്ങൾ. അതു തെറ്റിയതോടെ, 72.78% എന്ന പോളിങ് ശതമാനത്തിൽ കണക്കു കൂട്ടിയും കിഴിച്ചും ആശങ്കപ്പെടുകയാണ് മുന്നണികൾ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 1.46% കുറവ്. 2 വർഷം മുൻപ് നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിനേക്കാൾ .34% കൂടുതൽ. അതാണ് ഇത്തവണത്തെ പോളിങ് കണക്ക്. കുറവിന് കോവിഡ് ആശങ്ക കാരണമായിട്ടുണ്ടെന്നാണു വിലയിരുത്തൽ. പതിവുപോലെ, ഗ്രാമീണ മേഖലകൾ വൻതോതിൽ വോട്ട് ചെയ്തപ്പോൾ ചെന്നൈ ഉൾപ്പെടെയുള്ള നഗര കേന്ദ്രങ്ങൾ മന്ദഗതിയിലായിരുന്നു.

പോളിങ് ശതമാനത്തിൽ ഫലസൂചന നൽകുന്ന പതിവു തമിഴ്നാടിനില്ല. സമീപകാലത്ത് ഏറ്റവും കുറഞ്ഞ പോളിങ് 2001-ലായിരുന്നു - 59.07%. ഏറ്റവും കൂടുതൽ 2011ൽ- 78.29%. രണ്ടു തവണയും ഭരണമാറ്റം ഉണ്ടായി. എന്നാൽ, വരികൾക്കിടയിലൂടെ വായിക്കുമ്പോൾ ഇരു മുന്നണികൾക്കും ആശങ്കയ്ക്കു പ്രതീക്ഷയ്ക്കും വകയുണ്ട്. വണ്ണിയർ സമുദായത്തിനു നിർണായക സ്വാധീനമുള്ള വടക്കൻ തമിഴ്നാട്ടിൽ കനത്ത പോളിങ്ങാണു നടന്നത്. അതീവ പിന്നാക്ക വിഭാഗത്തിലുൾപ്പെടുന്ന സമുദായത്തിനു നൽകിയ 10.5% പ്രത്യേക സംവരണം പ്രചാരണത്തിലെ പ്രധാന വിഷയമായിരുന്നു.

വണ്ണിയർ വോട്ട് അണ്ണാഡിഎംകെ മുന്നണിക്കനുകൂലമായി ഏകീകരിച്ചതാകാം വോട്ടു ശതമാനം ഉയരാൻ കാരണമെന്ന് അവർ കണക്കുകൂട്ടുന്നു. എന്നാൽ സംവരണത്തിനെതിരെ മറ്റു സമുദായങ്ങളുടെ ധ്രുവീകരണമാണിതെന്ന് ഡിഎംകെ പ്രതീക്ഷിക്കുന്നു. അണ്ണാഡിഎംകെ മുൻ ജനറൽ സെക്രട്ടറി വി.കെ.ശശികലയുടെ അനന്തരവനായ ടി.ടി.വി. ദിനകരൻ (അമ്മ മക്കൾ മുന്നേറ്റ കഴകം) തന്റെ ശക്തികേന്ദ്രമെന്നു കരുതുന്ന തെക്കൻ തമിഴ്നാട്ടിൽ വമ്പൻ പ്രചാരണം നടത്തിയിട്ടും വോട്ടിങ് ശതമാനം സംസ്ഥാന ശരാശരിയേക്കാൾ താഴെയാണ്.

ഇവിടെ അണ്ണാഡിഎംകെയുടെ പരമ്പരാഗത വോട്ടുകൾ പോൾ ചെയ്തില്ലെന്ന ആശങ്ക പാർട്ടി കേന്ദ്രങ്ങളിലുണ്ട്. അണ്ണാഡിഎംകെയുടെ ഉരുക്കുകോട്ടയായ കൊങ്കുനാട്ടിലെ (കോയമ്പത്തൂർ, സേലം, തിരുപ്പൂർ, നാമക്കൽ, ധർമപുരി) ഗ്രാമ മേഖലകളിൽ വൻ പോളിങ്ങായിരുന്നു. എന്നാൽ, ഏറ്റവും ശക്തമായ ത്രികോണ മത്സരം നടന്ന കോയമ്പത്തൂർ സൗത്തിൽ വെറും 60.72% ആണു പോളിങ്. മക്കൾ നീതിമയ്യം മേധാവി കമൽ ഹാസനും ബിജെപിയുടെ വാനതി ശ്രീനിവാസനും കോൺഗ്രസിന്റെ മയൂര ജയകുമാറുമാണു മത്സരിക്കുന്നത്. അണ്ണാഡിഎംകെ വോട്ടുകൾ എല്ലാം ബൂത്തിലെത്തിയില്ലേ ആശങ്കയാണു ബിജെപി കേന്ദ്രങ്ങളിൽ.

പുതുച്ചേരിയും പിന്നോട്ട്

ബിജെപി കാടിളക്കി പ്രചാരണം നടത്തിയിട്ടും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെ (84.11%) അപേക്ഷിച്ചു പുതുച്ചേരിയിൽ പോളിങ് കുറഞ്ഞു- ഇക്കുറി 81.76%. കുറവ് 2.34%. കോൺഗ്രസ് സഖ്യം പ്രചാരണത്തിൽ അത്ര സജീവമല്ലാതിരുന്നതു പോളിങ്ങിൽ പ്രതിഫലിച്ചിരിക്കാമെന്നാണു സൂചന. കോവിഡ് ഭീതിയും കാരണമായി. എന്നാൽ, തങ്ങളുടെ വോട്ടുകൾ എല്ലാം ചെയ്തിട്ടുണ്ടെന്നും ബിജെപിയുടെ പ്രചാരണം ജനങ്ങൾക്കിടയിൽ ഏശിയിട്ടില്ലെന്നും കോൺഗ്രസ് അവകാശപ്പെടുന്നു.

തഞ്ചാവൂരിൽ ‘പ്രിയം’ തേടി വോട്ടർമാരെത്തി

ചെന്നൈ ∙ തഞ്ചാവൂർ ജില്ലയിലെ കുംഭകോണത്തെ ‘പ്രിയം’ പല ചരക്കു കടയിലേക്കു വോട്ടിങ് ദിനമായ ചൊവ്വാഴ്ച രാവിലെ 10 മുതൽ ആളുകൾ കൂട്ടത്തോടെ എത്തി. എല്ലാവരുടെ കയ്യിലും 2000 രൂപയെന്നു വലിയ അക്ഷരത്തിൽ പ്രിന്റ് ചെയ്ത, പ്രിയം ഗ്രോസറി ഷോപ്പിന്റെ വിലാസമെഴുതിയ കൂപ്പണുണ്ടായിരുന്നു. ‘സ്ഥാനാർഥി തന്നതാണ്, കൂപ്പൺ നൽകിയാൽ 2000 രൂപയുടെ സാധനങ്ങൾ വാങ്ങാമെന്നു പറഞ്ഞു’- വന്നവരെല്ലാം പറഞ്ഞതിത്.

ആദ്യം ഒറ്റയ്ക്കും തെറ്റയ്ക്കും വന്നവരെ, തനിക്ക് ഒരു സ്ഥാനാർഥിയുമായും ബന്ധമില്ലെന്നും ആരെങ്കിലും പറ്റിച്ചാതാകാമെന്നും പറഞ്ഞ് കടയുടമ ഷെയ്ഖ് മുഹമ്മദ് തിരിച്ചയച്ചു. സ്ഥാനാർഥിയുടെ പേരു വെളിപ്പെടുത്തൻ വന്നവർ തയാറായുമില്ല. എന്നാൽ, ഉച്ചയായതോടെ ആൾക്കൂട്ടം കൂടിയപ്പോൾ കടപൂട്ടി മുഹമ്മദ് രക്ഷപ്പെട്ടു. കൂപ്പണുമായി ബന്ധമില്ലെന്ന ബോർഡ് കടയ്ക്കു പുറത്തു തൂക്കാനും മറന്നില്ല. എങ്കിലും വോട്ടർമാരെത്തിക്കൊണ്ടേയിരുന്നു.

‘പിടിച്ചെടുത്ത വോട്ടിങ് യന്ത്രം തിര​ഞ്ഞെടുപ്പിൽ ഉപയോഗിച്ചതല്ല’

ചെന്നൈ ∙ വേളാച്ചേരിയിൽ ഇരുചക്ര വാഹനത്തിൽ നിന്നു പിടിച്ചെടുത്ത വോട്ടിങ് യന്ത്രം തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചതല്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ സത്യബ്രത സാഹു വിശദ അന്വേഷണം നടക്കുകയാണെന്നും വോട്ടിങ് യന്ത്രം തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചിട്ടില്ലെന്നാണു പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നതെന്നും നിയമലംഘനം നടന്നിട്ടുണ്ടെങ്കിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും സത്യബ്രത സാഹു അറിയിച്ചു. വോട്ടിങ് യന്ത്രവുമായി ഇരുചക്ര വാഹനത്തിൽ പോകുകയായിരുന്ന 3 കോർപറേഷൻ ജീവനക്കാരെ വേളാച്ചേരിയിൽ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. തിരഞ്ഞെടുപ്പ് അവസാനിച്ചതിനു പിന്നാലെയായിരുന്നു സംഭവം. യന്ത്രം വോട്ടിങ്ങിന് ഉപയോഗിച്ചില്ലെന്നും സ്ട്രോങ് റൂമിലേക്കു മാറ്റുകയായിരുന്നു എന്നായിരുന്നു ഇവരുടെ വാദം.

കുതിക്കാതെ പോളിങ്

ചെന്നൈ∙ ചെന്നൈ പതിവുപോലെ മടിച്ചു നിന്നു. വടക്കൻ തമിഴ്നാട്ടിൽ കനത്ത പോളിങ്. മധ്യ- തെക്കൻ തമിഴ്നാട്ടിൽ പ്രതീക്ഷിച്ചയിടത്തെത്തിയില്ല. പടിഞ്ഞാറൻ തമിഴ്നാട്ടിലെ ഗ്രാമ മണ്ഡലങ്ങളിൽ ജനം ബൂത്തിലേക്കൊഴുകി- സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിലെ അന്തിമ വോട്ടിങ് കണക്കുകൾ പ്രകാരം വിവിധ മേഖലകളിൽ പ്രതികരിച്ചതു വ്യത്യസ്ത രീതിയിൽ. ജനവിധി കുറിച്ച വോട്ടിങ് യന്ത്രങ്ങൾ മേയ് 2 വരെ 75 വോട്ടിങ് കേന്ദ്രങ്ങളിൽ സുരക്ഷിതം. ചെന്നൈയിൽ 3 വോട്ടെണ്ണൽ കേന്ദ്രങ്ങളുണ്ട്. അതേസമയം, പോളിങ് നൽകുന്ന സൂചനകളെക്കുറിച്ചുള്ള ചർച്ച രാഷ്ട്രീയ വൃത്തങ്ങളിൽ സജീവമായി.

ബൂത്തിലെത്താതെ ചെന്നൈ

സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ പോളിങ് നടന്ന 5 മണ്ഡലങ്ങൾ ചെന്നൈയിൽ. തിരഞ്ഞെടുപ്പിനോടു തലസ്ഥാന നഗരത്തിന്റെ പ്രതികരണം കാണിക്കാൻ ഇതിലും നല്ലൊരു ചിത്രമില്ല. ആകെയുള്ള 44 ലക്ഷം വോട്ടർമാരിൽ 25 ലക്ഷം മാത്രമാണു സമ്മതിദാനാവകാശം രേഖപ്പെടുത്തിയത്. നഗരത്തിലെ തെക്കൻ, മധ്യ മണ്ഡലങ്ങളിൽ കുറഞ്ഞ പോളിങ് രേഖപ്പെടുത്തിയപ്പോൾ വടക്കൻ ചെന്നൈയിലെ ജനങ്ങളാണു മാനം കാത്തത്. മുൻ മുഖ്യമന്ത്രി ജയലളിതയുടെ മണ്ഡലമായിരുന്ന ആർകെ നഗറിലാണു നഗരത്തിൽ ഏറ്റവും കൂടുതൽ പേർ വോട്ടു ചെയ്തത്- 66.57. താരങ്ങൾ മത്സര രംഗത്തുണ്ടായിരുന്ന ചെപ്പോക്കിലും (ഉദയനിധി സ്റ്റാലിൻ), തൗസന്റ് ലൈറ്റ്സിലും (ഖുഷ്ബു) 60ൽ താഴെയാണു പോളിങ്ങ്.

വാശി വോട്ടെടുപ്പിലില്ല

വീറും വാശിയും നിറഞ്ഞ പ്രചാരണത്തിനൊത്ത പോളിങ് പല മണ്ഡലങ്ങളിലും കണ്ടില്ല. ശക്തമായ ത്രികോണ മത്സരം നടക്കുന്ന കോയമ്പത്തൂർ സൗത്തിൽ 60.72 മാത്രം പേരാണു വോട്ടു ചെയ്തത്.ടി.ടി.വി.ദിനകരനും മന്ത്രി കടമ്പൂർ രാജുവും സിപിഎമ്മിന്റെ കെ.ശ്രീനിവാസനും ലക്ഷണമൊത്ത ത്രികോണ മത്സരം നടന്ന കോവിൽപെട്ടിയിൽ 67.43 % പേർ മാത്രം. തെക്കൻ ജില്ലകളിൽ പൊതുവിൽ പോളിങ് കുറഞ്ഞതു രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയായിട്ടുണ്ട്.

പുതുച്ചേരിയിലെ‌ കുറ​വ്

പുതുച്ചേരിയിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ചു മൂന്നു ശതമാനത്തോളം പോളിങ് കുറഞ്ഞു. എൻ.ആർ കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എൻ.രംഗസാമി മത്സരിക്കുന്ന യാനമാണു വോട്ടിങ്ങിൽ മുന്നിൽ – 91.28. സർക്കാർ ഉദ്യോഗസ്ഥർ പ്രധാന വോട്ടർമാരായ രാജ് ഭവൻ മണ്ഡലത്തിൽ 72% പേർ മാത്രമാണു വോട്ടു ചെയ്യാനെത്തിയത്. കേരളത്തോടു ചേർന്നു കിടക്കുന്ന മാഹിയിലും പോളിങ് കുറവായിരുന്നു- 73.54

∙പോളിങ് കണക്ക്

2021 : 72.78
2016 : 74.81
2011 : 78.29
2006 : 70.56
2001 : 59.07
2019 ലോക്സഭ : 72.44%

∙ കൂടുതൽ

പാലക്കോട് (ധർമപുരി) : 87.33%
കുലിത്തല (കരൂർ ) : 86.15
എടപ്പാടി (സേലം ) : 85.60
വീരപാണ്ടി (സേലം) : 85.53
വിരാളിമല (പുതുക്കോട്ട): 85.43
ഒട്ടച്ചത്രം(ഡിണ്ടിഗൽ) : 85.09
പെണ്ണഗരം (ധർമപുരി) : 84.19

∙ കുറവ്

വില്ലിവാക്കം (ചെന്നൈ) : 55.00
വേളാച്ചേരി (ചെന്നൈ) : 55.95
ടി നഗർ (ചെന്നൈ) : 55.92
മൈലാപൂർ (ചെന്നൈ) : 56.59
അണ്ണാനഗർ (ചെന്നൈ) : 57.02
സൈദാപെട്ട് (ചെന്നൈ) : 57.26
ഷോളിംഗനല്ലൂർ (ചെന്നൈ) : 57.86

∙ പ്രധാന മണ്ഡലങ്ങൾ

കൊളത്തൂർ (എം.കെ.സ്റ്റാലിൻ) : 60.52
കോയമ്പത്തൂർ സൗത്ത്
(കമൽ ഹാസൻ ) : 60.72
കോവിൽപെട്ടി (ടി.ടി.വി.ദിനകരൻ ) : 67.43
തിരുവൊട്ടിയൂർ (സീമാൻ): 65.00
തൗസന്റ് ലൈറ്റ്സ് (ഖുഷ്ബു) : 58.4
ബോഡിനായ്ക്കന്നൂർ
(ഒ.പനീർസെൽവം) : 73.65

പുതുച്ചേരി

2021 : 8176
2016 :84.11
2011 : 86.19
∙ കൂടുതൽ : യാനം (91.28)
∙ കുറവ് : രാജ് ഭവൻ : 72.68, മാഹി : 73.54

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com