ADVERTISEMENT

ചെന്നൈ∙ കോവിഡിനെ പിടിച്ചു കെട്ടുന്നതിന്റെ ഭാഗമായി ചെന്നൈ കോർപറേഷൻ പുതിയ നടപടികൾ പ്രഖ്യാപിച്ചു. കോവിഡ് രണ്ടാം തരംഗം പിടിച്ചുനിർത്തുന്നതിനായി പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ ഇന്നു മുതൽ നിലവിൽ വരും. നിയന്ത്രണങ്ങൾ ലംഘിക്കുന്നവരെ പിടികൂടുന്നതിനാണു കോർപറേഷൻ പിഴ ഉൾപ്പെടെയുള്ള ശിക്ഷാ നടപടികൾ  പ്രഖ്യാപിച്ചത്. ഇന്നു മുതൽ പുറത്തിറങ്ങുമ്പോൾ ശ്രദ്ധിക്കാം.അല്ലെങ്കിൽ പോക്കറ്റ് കാലിയാകും. 

∙ മാസ്കില്ലെങ്കിൽ 200 

മാസ്കില്ലാതെ പുറത്തിറങ്ങിയാലും പൊതു സ്ഥലത്ത് ശരിയായി ധരിച്ചില്ലെങ്കിലും 200 രൂപയാണു പിഴ. കോയമ്പത്തൂർ കോർപറേഷൻ പരിധിയിൽ മാസ്കില്ലെങ്കിൽ 500 രൂപയാണു പിഴ

∙ അകലമില്ലെങ്കിൽ 500 

പൊതു സ്ഥലത്ത് തുപ്പുകയോ, സാമൂഹിക അകലം പാലിക്കാതിരിക്കുകയോ ചെയ്താൽ 500 രൂപയാണു പിഴ.

∙ മാസ്ക് നഹി പെട്രോൾ നഹി നഹി

മാസ്ക് ധരിക്കാത്തവർക്കു ഇന്നു മുതൽ തമിഴ്നാട്ടിൽ പെട്രോൾ നൽകില്ല. പെട്രോൾ പമ്പ് ഉടമകളുടെ സംഘടനയുടേതാണു തീരുമാനം. പ്രഖ്യാപനങ്ങൾ നടപ്പാകുന്നുവെന്നുറപ്പാക്കാൻ കോർപറേഷൻ സ്ക്വാഡുകൾക്കു രൂപം നൽകിയിട്ടുണ്ട്. ഐഎഎസ് ഉദ്യോഗസ്ഥർക്കാണു ഇതിന്റെ മേൽനോട്ട ചുമതല. ചെറിയ വീഴ്ച പോലും കോവിഡ് പിടിവിട്ടു പടരാൻ കാരണമാകുമെന്നതിനാൽ വീട്ടുവീഴ്ചയില്ലാതെ നടപ്പാക്കാനാണു കോർപറേഷന്റെ നിർദേശം. ചുമതലപ്പെട്ട ഉദ്യോഗസ്ഥർക്കു സ്പോട്ടിൽ തന്നെ പിഴ ഈടാക്കാം. ഇതിനു രസീത് നൽകും.

∙ ഹോട്ടലുകൾ, ചായക്കട, സലൂൺ, മാളുകൾ  5000  

50% പേർക്കു മാത്രം പ്രവേശനമെന്നതുൾപ്പെടെ വാണിജ്യ സ്ഥാപനങ്ങൾക്കു പ്രവർത്തിക്കാൻ സർക്കാർ ഒട്ടേറെ മാർഗനിർദേശങ്ങൾ  പ്രഖ്യാപിച്ചിട്ടുണ്ട്. ഇതു ലംഘിച്ചാൽ സ്ഥാപനങ്ങൾക്കു 5000 രൂപയാണു പിഴ. കോയമ്പത്തൂരിൽ നടപടിക്രമങ്ങൾ ലംഘിക്കുന്ന കടകൾ ഒരാഴ്ച അടച്ചിടും

∙രണ്ടാമതു ലംഘിച്ചാൽ പൂട്ട്

കോവിഡ് മാർഗനിർദേശങ്ങൾ രണ്ടാം തവണ ലംഘിക്കുന്ന സ്ഥാപനങ്ങൾ അടച്ചു പൂട്ടും. 

∙ പ്രതിദിന ലക്ഷ്യം 10 ലക്ഷം

കോവിഡ് നിയന്ത്രണങ്ങളിൽ ലംഘിക്കുന്നവരിൽ നിന്നു ദിനംപ്രതി 10 ലക്ഷം രൂപയെങ്കിലും പിഴയായി ഈടാക്കാനാണു കോർപറേഷന്റെ തീരുമാനം. ഇതിനായി വിവിധ സോണുകൾക്കു ദിവസവും ഈടാക്കേണ്ട പിഴത്തുക എത്രയെന്ന നിർദേശം നൽകി.  കോവിഡ് ബാധ രൂക്ഷമായ പ്രദേശങ്ങളിൽ നിയന്ത്രണം കർശനമായി നടപ്പാക്കും. ഇത്തരം പ്രദേശങ്ങൾക്കു ഉയർന്ന തുകയാണു ലക്ഷ്യമായി നിശ്ചയിച്ചിരിക്കുന്നത്. ആകെ 15 സോണുകളാണു കോർപറേഷനു കീഴിലുള്ളത്. റോയപുരം, തേനാംപെട്ട് (1.50 ലക്ഷം വീതം), കോടമ്പാക്കം (1.25 ലക്ഷം), അണ്ണാനഗർ (1 ലക്ഷം) എന്നിങ്ങനെയാണു വിവിധ സോണുകൾക്കു നിശ്ചയിച്ചിരിക്കുന്ന ലക്ഷ്യം.

കോവിഡ് വാക്സീൻ ഉത്സവ്

ചെന്നൈ∙ 45 വയസ്സിനു മുകളിലുള്ള എല്ലാവരും കോവിഡ് വാക്സീൻ സ്വീകരിച്ചുവെന്ന് ഉറപ്പാക്കുന്നതിനായി 14 മുതൽ 16 വരെ തമിഴ്നാട്ടിൽ കോവിഡ് വാക്സീൻ ഉത്സവ് സംഘടിപ്പിക്കും.  ഇതുവരെ 34 ലക്ഷം പേരാണു കുത്തിവയ്പെടുത്തത്. മാർച്ച് 16 മുതൽ ഇന്നലെ വരെ കോവിഡ് നിയന്ത്രണം ലംഘിച്ച 1.36 ലക്ഷം പേരിൽ നിന്ന് 2.88 കോടി രൂപ പിഴ ഈടാക്കി. 

∙ പാലിച്ചില്ലെങ്കിൽ കർശന നിയന്ത്രണം

നിലവിൽ പ്രഖ്യാപിച്ച നിയന്ത്രണങ്ങളോട് ജനം സഹകരിച്ചില്ലെങ്കിൽ സമ്പൂർണ ലോക്ഡൗൺ ഉൾപ്പെടെയുള്ള കർശന നടപടികൾ വേണ്ടിവരുമെന്നു സംസ്ഥാന സർക്കാർ. ഇതിന്റെ ആദ്യപടിയായി രാത്രി കർഫ്യൂ ഏർപ്പെടുത്തേണ്ടിവരും. സംസ്ഥാനത്തെ കോവിഡ് വ്യാധ ആശങ്കപ്പെടുത്തുന്ന രീതിയിലാണ്. പ്രഖ്യാപിച്ച നിയന്ത്രണങ്ങളോട് ജനം സഹകരിച്ചാൽ ഏപ്രിൽ അവസാനത്തോടെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയാമാക്കാനാകുമെന്നാണു പ്രതീക്ഷയെന്നു സർക്കാർ അറിയിച്ചു.

∙ 10 കേസുണ്ടെങ്കിൽ കർശന കണ്ടയ്മെന്റ്

3 കോവിഡ് പോസിറ്റീവ് കേസുകളുള്ള തെരുവുകളെ കണ്ടയ്മെന്റ് സോണുകളായി പ്രഖ്യാപിക്കും. ഇവിടെ ജനങ്ങളുടെ സഞ്ചാരത്തിനുൾപ്പെടെ നിയന്ത്രണങ്ങളുണ്ടാകും. 10 കേസുകൾ സ്ഥിരീകരിച്ച തെരുവുകളിൽ കർശന കണ്ടയ്മെന്റ് നടപടികൾ നടപ്പാക്കും. 10 ദിവസത്തേയ്ക്കു വീട്ടിൽ കഴിയേണ്ടിവരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com