ADVERTISEMENT

ചെന്നൈ∙കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിനു 4 ദിവസത്തിനിടെ സംസ്ഥാനത്ത് പിഴയായി ഈടാക്കിയതു 2.52 കോടി രൂപ. മാസ്ക് ധരിക്കാതിരിക്കൽ, സാമൂഹിക അകലം പാലിക്കാതിരിക്കൽ തുടങ്ങിയ കുറ്റങ്ങൾക്കാണു ശിക്ഷ. കോവിഡ് നിയന്ത്രണങ്ങളുടെ രണ്ടാംഘട്ടം ശനിയാഴ്ച മുതലാണു സംസ്ഥാനത്തു നിലവിൽ വന്നത്. മധുര ഉൾപ്പെടുന്ന തെക്കൻ മേഖലയിൽ നിന്നാണു ഏറ്റവും കൂടുതൽ പിഴ ഈടാക്കിയത്. - 85 ലക്ഷം. ആകെയുള്ള 2.52 കോടിയിൽ 1 കോടിയും ഞായറാഴ്ചയാണു ഈടാക്കിയത്. മാസ്ക് ധരിക്കാത്തതിനു 200 രൂപയും സാമൂഹിക അകലം പാലിക്കാത്തതിനും പൊതു സ്ഥലത്തു തുപ്പുന്നതിനു 500 രൂപയുമാണു പിഴ. നിയന്ത്രണങ്ങൾ ലംഘിക്കുന്ന കടയുടമകൾക്കു 5000 രൂപ പിഴയായി ഈടാക്കും. മറ്റു കണക്കുകൾ ഇപ്രകാരമാണ്. ആകെ 1.30 ലക്ഷം കേസുകളാണു ഇതുമായി ബന്ധപ്പെട്ടു റജിസ്റ്റർ ചെയ്തത്.

∙ചെന്നൈയിൽ 5 ലക്ഷം

സംസ്ഥാനത്തെ മറ്റു ജില്ലകളുമായി താരതമ്യം ചെയ്യുമ്പോൾ ചെന്നൈയിൽ ഈടാക്കിയ പിഴ കുറവ്. 4 ദിവസത്തിനിടെ 5 ലക്ഷം രൂപയാണു നിയന്ത്രണങ്ങൾ ലംഘിച്ചതിനു നഗരത്തിൽ ഈടാക്കിയത്. മാസ്ക് ധരിക്കാത്തതിന്റെ പേരിൽ 2351 പേർക്കെതിരെ കേസെടുത്തു. ആകെ പിഴയായി ഈടാക്കിയതു 444600. സാമൂഹിക അകലം പാലിക്കാത്തതിനു 119 പേർക്കെതിരെയാണു കേസെടുത്തത്. ഇവരിൽ നിന്നു 59500 രൂപ പിഴ ഈടാക്കി.

സർക്കാർ ഉദ്യോഗസ്ഥർ രണ്ടാഴ്ചയ്ക്കകം വാക്സീൻ എടുക്കണം: മുഖ്യമന്ത്രി

ചെന്നൈ∙സർക്കാർ ഉദ്യോഗസ്ഥർ രണ്ടാഴ്ചയ്ക്കകം കോവിഡ് വാക്സീൻ സ്വീകരിക്കണമെന്നു മുഖ്യമന്ത്രി എടപ്പാടി കെ. പളനി സാമി. 45 വയസ്സിനു മുകളിലുള്ള എല്ലാവരും വാക്സീൻ സ്വീകരിച്ചു കോവിഡിനെതിരായ യുദ്ധത്തിൽ പങ്കുചേരണം. താമസ സ്ഥലത്തിനു സമീപത്തെ സർക്കാർ ആശുപത്രിയിൽ ആധാർ കാർഡുമായി ചെന്നാൽ വാക്സീൻ സ്വീകരിക്കാം. സംസ്ഥാനത്ത് ആവശ്യത്തിനു കോവിഡ് വാക്സീൻ സ്റ്റോക്കുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് നിയന്ത്രണം കടുപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ വിളിച്ചു ചേർത്ത യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.

സ്വകാര്യ സ്ഥാപനങ്ങൾ മുൻകയ്യെടുത്ത് ജീവനക്കാർക്കു കോവിഡ് വാക്സീൻ ക്യാംപുകൾ സംഘടിപ്പിക്കണം. ഇക്കാര്യത്തിൽ സഹകരിക്കാൻ സർക്കാർ തയാറാണ്. മാർക്കറ്റുകളിലും പൊതു സ്ഥലങ്ങളിലും കൂട്ടം കൂടുന്നതു ഒഴിവാക്കണം. കോവിഡ് പിടിച്ചുനിർത്തുന്നതിന്റെ ഭാഗമായി ആർടിപിസിആർ പരിശോധന വർധിപ്പിക്കും. ചെന്നൈയിൽ പനി ക്ലിനിക്കുകളുടെ എണ്ണം ഇരുനൂറിൽ നിന്നു 400 ആയി വർധിപ്പിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു.

പനിയുള്ളവർ യാത്ര ഒഴിവാക്കണമെന്ന് റെയിൽവേ

ചെന്നൈ ∙ പനി അടക്കമുള്ള കോവിഡ് ലക്ഷണങ്ങൾ ഉള്ളവരോ ക്വാറന്റീനിൽ കഴിയുന്നവരോ ട്രെയിൻ യാത്ര ഒഴിവാക്കണമെന്ന് ദക്ഷിണ റെയിൽവേ. സംഘം ചേര്‍ന്നുള്ള യാത്ര ഒഴിവാക്കണമെന്നും അറിയിച്ചു. കോവിഡ് പശ്ചാത്തലത്തിലാണു ദക്ഷിണ റെയിൽവേയുടെ നിർദേശം. അനാവശ്യ യാത്രകൾ ഒഴിവാക്കുക, മാസ്ക് ധരിക്കുക, അകലം പാലിക്കുക, കൈകൾ ശുചിയായി സൂക്ഷിക്കുക മുതലായ കാര്യങ്ങൾ പാലിക്കണമെന്നും അറിയിച്ചു. ഭക്ഷണവും വെള്ളവും യാത്രക്കാർ തന്നെ കരുതണം. റെയിൽവേ ജീവനക്കാർ ആവശ്യപ്പെടുമ്പോൾ യാത്രയ്ക്കാവശ്യമായ ഇ-പാസ് കാണിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com