ADVERTISEMENT

ചെന്നൈ∙ഭൂമി തട്ടിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി, പ്രമുഖ മലയാളി വ്യവസായ കുടുംബത്തിലെ വയോധികയെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയ മുൻ പൊലീസുകാരൻ അറസ്റ്റിൽ. ക്രൈംബ്രാഞ്ച് ഡിഎസ്പിയെന്ന വ്യാജേന പൊലീസ് യൂണിഫോം ധരിച്ചെത്തിയ എലഫന്റ് ഗേറ്റ് സ്റ്റേഷനിലെ മുൻ പൊലീസുകാരൻ  ജെ.ഡേവിഡ് ആനന്ദ് രാജിനെയാണു തിരുമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. 

ശങ്കർ സീലിങ് സിസ്റ്റം സ്ഥാപകനും  ചെന്നൈയിലെ മലയാളി പൗര പ്രമുഖനുമായിരുന്ന പരേതനായ എം.കെ.ഉണ്ണിത്താന്റെ ഭാര്യ ശ്രീദേവി ഉണ്ണിത്താനെ (84) ഭീഷണിപ്പെടുത്തിയ കേസിലാണു അറസ്റ്റ്. മേൽ അയനമ്പാക്കത്ത് ഉണ്ണിത്താൻ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിക്കു സമീപമാണു ആനന്ദ് രാജ് താമസിക്കുന്നത് നേരത്തെ ഭൂമി കയ്യേറാൻ ആനന്ദ് രാജ് ശ്രമിച്ചിരുന്നു. പിന്നീട് സ്ഥലം മതിൽകെട്ടി തിരിച്ചു കെട്ടിടം പണിതു.

 ശങ്കർ സീലിങ്ങുമായി ബന്ധപ്പെട്ട സ്ഥാപനം ഇവിടെ പ്രവർത്തിക്കുന്നുണ്ട്. കോവിഡ് കാലത്ത് കെട്ടിടം കയ്യേറി അവിടെ വടിവാൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ ശേഖരിച്ചുവച്ചു. ഉണ്ണിത്താൻ കുടുംബത്തിന്റെ ഹർജി പരിഗണിച്ചു പൂനമല്ലി മുൻസിഫ് കോടതി പെർമനന്റ് ഇൻജക്‌ഷൻ പുറപ്പെടുവിച്ചിരുന്നു. ഇതു ലംഘിച്ചു കെട്ടിടത്തിലേക്കു അതിക്രമിച്ചു കയറി സുരക്ഷാ ജീവനക്കാരനെ മർദിച്ചു.

ഇതുമായി ബന്ധപ്പെട്ട പരാതിയിൽ തിരുവേർക്കാട് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.വിഷുദിനത്തിൽ രാവിലെയാണു ആനന്ദ് രാജ് രണ്ടു കൂട്ടാളികളെയും കൂട്ടി അണ്ണാനഗറിൽ ഉണ്ണിത്താൻ കുടുംബം താമസിക്കുന്ന വീട്ടിലെത്തിയത്. ആനന്ദരാജ് പൊലീസ് യൂണിഫോമിലായിരുന്നു. അയനമ്പാക്കത്ത് 23 സെന്റ് സ്ഥലം കയ്യേറിയ കേസിൽ ശ്രീദേവി ഉണ്ണിത്താനെ അറസ്റ്റ് ചെയ്യാൻ വാറന്റുണ്ടെന്നായിരുന്നു വാദം. 

ഏതു പൊലീസ് സ്റ്റേഷനിൽ നിന്നാണെന്നു ചോദിച്ചപ്പോൾ ക്രൈംബ്രാഞ്ച് ഡിഎസ്പിയാണെന്നറിയിച്ചു. സംശയം  തോന്നിയ  ശ്രീദേവിയുടെ പേരമകൻ സൈലേഷ് ഇയാളെ ചോദ്യം ചെയ്തു.  പൊലീസിനെ വിളിക്കുമെന്നായപ്പോൾ രക്ഷപ്പെടാൻ ശ്രമിച്ചു. കൂടെയുണ്ടായിരുന്ന രണ്ടു പേർ രക്ഷപ്പെട്ടെങ്കിലും ആനന്ദ് രാജിനെ സൈലേഷും പ്രദേശവാസികളും ചേർന്നു പൊലീസിലേൽപ്പിച്ചു. അതിക്രമിച്ചു കടക്കൽ, വധ ഭീഷണി മുഴക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്തു കേസെടുത്ത ആനന്ദരാജിനെ ജയിലിലടച്ചു. എലഫന്റ് ഗേറ്റ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന ആനന്ദരാജ് 2018 മുതൽ ജോലിക്കെത്തുന്നില്ലെന്നു അന്വേഷണത്തിൽ വ്യക്തമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com