ADVERTISEMENT

ചെന്നൈ∙ കോവിഡ് പടർന്നു പിടിക്കുന്നതിനിടെ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കും. രാത്രി കർഫ്യൂ ഏർപ്പെടുത്താനും പാർക്കുകളും ജിംനേഷ്യം ഉൾപ്പെടെയുള്ള സ്ഥാപനങ്ങളും രണ്ടാഴ്ച അടച്ചിടാനും ഇന്നലെ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി. മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷം ഔദ്യോഗിക പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകും. എന്നാൽ, സമ്പൂർണ ലോക്ഡൗണിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നു ആരോഗ്യ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് ഭാഗിക നിയന്ത്രണമേർപ്പെടുത്തി ഒരാഴ്ച പിന്നിടുമ്പോഴും കോവിഡ് പിടിവിട്ടു പടരുകയാണ്. ഓരോ ദിവസവും റെക്കോർഡ് പോസിറ്റീവ് കേസുകളാണു റിപ്പോർട്ട് ചെയ്യുന്നത്. നിലവിലെ നിയന്ത്രണങ്ങൾ കൊണ്ട് രോഗ വ്യാപനം നിയന്ത്രിക്കാനാവില്ലെന്നു ഇന്നലെ ചീഫ് സെക്രട്ടറി വിളിച്ചു ചേർത്ത യോഗത്തിൽ അഭിപ്രായമുയർന്നു. കൂടുതൽ നിയന്ത്രണം വേണമെന്ന ധാരണയും യോഗത്തിലുണ്ടായി. ജനജീവിതത്തെയും സാമ്പത്തിക മേഖലയെയും ബാധിക്കുന്ന രീതിയിൽ സമ്പൂർണ ലോക്ഡൗൺ വേണ്ടെന്ന നിലപാടിലാണു സർക്കാർ.

എന്നാൽ, രാത്രി കർഫ്യൂ, ഡൽഹിയിൽ പ്രഖ്യാപിച്ച പോലെ വാരാന്ത്യ കർഫ്യൂ തുടങ്ങിയ സാധ്യതകൾ സജീവ പരിഗണനയിലുണ്ട്. മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത ശേഷം ഇന്നു അന്തിമ തീരുമാനമുണ്ടാകുമെന്നാണു സൂചന. പ്രാദേശിക സാഹചര്യമനുസരിച്ച് ലോക്ഡൗൺ ഉൾപ്പെടെയുള്ള നടപടികളെടുക്കാൻ ജില്ലാ ഭരണ കൂടങ്ങൾക്കു അധികാരം നൽകാനും സാധ്യതയുണ്ട്.

ലോക്ഡൗൺ നടപ്പാക്കണം: ഗവ.ഡോക്ടർമാർ

ചെന്നൈ ∙ കുതിച്ചുയരുന്ന കോവിഡ് വ്യാപനം ആരോഗ്യ പ്രവർത്തകർക്കുമേൽ വലിയ ഭാരം സൃഷ്ടിക്കുമെന്നും അതിനാൽ സംസ്ഥാനത്ത് 14 ദിവസത്തെ തീവ്ര ലോക്ഡൗൺ നടപ്പാക്കണമെന്നും സർക്കാരിനു ഗവ.ഡോക്ടർമാരുടെ നിർദേശം. കോവിഡ് വ്യാപനം തടയുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾക്ക് തയാറെടുക്കുന്നതിനുമായി രണ്ടാഴ്ചത്തേക്കുള്ള ലോക്ഡൗൺ നടപ്പാക്കണമെന്നാണു ഡോക്ടർമാരുടെ നിർദേശം. കോവി‍ഡ് അതിവേഗം വ്യാപിക്കുന്നത് ആരോഗ്യ സംവിധാനത്തിനും ആരോഗ്യ പ്രവർത്തകർക്കും വലിയ വെല്ലുവിളി സൃഷ്ടിക്കും. ആരോഗ്യ പ്രവർത്തകർ ഒരേസമയം ചികിത്സയ്ക്കും വാക്സിനേഷനുമായി പ്രവർത്തിക്കേണ്ടി വരുന്നത് കാര്യങ്ങൾ അവതാളത്തിലാക്കും.

രണ്ടാം നിര നഗരങ്ങളിൽ വ്യാപനം

ചെന്നൈ, കോയമ്പത്തൂർ ഉൾപ്പെടെയുള്ള നഗരങ്ങൾക്കൊപ്പം രണ്ടാം നിര നഗരങ്ങളിലും രോഗം പടരുന്നതാണു സർക്കാരിനെ ആശങ്കയിലാക്കുന്നത്. ചെന്നൈ ഉൾപ്പെടെയുള്ള നഗരങ്ങളിൽ മാസ്ക് ധാരണമുൾപ്പെടെയുള്ള കോവിഡ് നിയന്ത്രണ നടപടികൾ മെച്ചപ്പെട്ടതായി യോഗം വിലയിരുത്തി. എന്നാൽ, രണ്ടാംനിര നഗരങ്ങളിലും ഗ്രാമ പ്രദേശങ്ങളിലു മാസ്ക് ധാരണവും സാമൂഹിക അകലം പാലിക്കലും നടപ്പിലാകുന്നില്ല. കൂടുതൽ പിഴയുൾപ്പെടെയുള്ള കർശന നടപടികൾ ആലോചിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com