ADVERTISEMENT

ചെന്നൈ ∙ കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞ യുവാവ് നേടിയെടുത്ത വിദ്യാഭ്യാസ യോഗ്യതയിൽ വിസ്മയിച്ച് മദ്രാസ് ഹൈക്കോടതി. ശിക്ഷാകാലയളവിൽ 4 ബിരുദാനന്തര ബിരുദം അടക്കം നേടിയ തടവുകാരനെയും അദ്ദേഹത്തിന്റെ അറിവിനെയും പുറംലോകത്തിന് ആവശ്യമുണ്ടെന്നും അതിനാൽ ശിക്ഷയിളവു നൽകുന്ന കാര്യം പരിഗണിക്കണമെന്നും മദ്രാസ് ഹൈക്കോടതി സർക്കാരിനു നിർദേശം നൽകി. 

മറ്റൊരു സമുദായ അംഗത്തെ കൊലപ്പെടുത്തിയ കേസിൽ 2001ൽ, 21–ാം വയസ്സിൽ പുഴൽ ജയിലിലടയ്ക്കപ്പെട്ട റോജ വെങ്കിടേഷിന് (വെങ്കിടേഷ്) ജീവപര്യന്തം തടവാണ് ശിക്ഷ.  ഇതിനിടെ സ്വയം പഠിച്ച് കംപ്യൂട്ടർ ആപ്ലിക്കേഷൻ, ബിസിനസ് അഡ്മിനിസ്ട്രേഷൻ, ക്രിമിനോളജി, ക്രിമിനൽ ജസ്റ്റിസ് ആൻഡ് അഡ്മിനിസ്ട്രേഷൻ എന്നിവയിൽ ബിരുദാനന്തര ബിരുദം നേടി. ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദം ഇവ കൂടാതെ മറ്റു വൊക്കേഷനൽ ഡിപ്ലോമകളും പഠിച്ചു. 2018ൽ ശിക്ഷയിളവു തേടിയെങ്കിലും അപേക്ഷ നിരസ്സിക്കപ്പെട്ടിരുന്നു. ഇതു വീണ്ടും ഹൈക്കോടതിയുടെ മുന്നിലെത്തിയപ്പോഴാണ് വെങ്കിടേഷിന്റെ വിദ്യാഭ്യാസ യോഗ്യത വിസ്മയിപ്പിക്കുന്നതാണെന്നും അതിനാൽ അദ്ദേഹത്തിന്റെ അറിവുകൾ പുറംലോകത്തിനും ഉപകാരപ്പെടണമെന്നും ജസ്റ്റിസുമാരായ എൻ.കൃപാകരൻ, പി.വേൽമുരുകൻ എന്നിവർ പറഞ്ഞത്. 

ഇതിനൊപ്പം ജയിലിൽ വെങ്കിടേഷിന്റെ സ്വഭാവം തൃപ്തികരമാണെന്നും പരോൾ അനുവദിച്ചപ്പോൾ മറ്റു പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നുള്ളതും കോടതി കണക്കിലെടുത്തു. ഇതോടെയാണ് നിലവിൽ 41 വയസ്സുള്ള വെങ്കിടേഷിന്റെ അപേക്ഷയ്ക്ക് അനുകൂലമായി തീരുമാനെടുക്കുന്ന കാര്യം പരിഗണിക്കാൻ ആഭ്യന്തര വകുപ്പിനോട് നിർദ്ദേശിച്ചത്. 

വിഷയത്തിൽ 4 ആഴ്ചയ്ക്കകം തീരുമാനം അറിയിക്കണമെന്നും കോടതി നിർദേശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com