ADVERTISEMENT

ചെന്നൈ ∙ അണ്ണാഡിഎംകെയുടെ സുവർണ ജൂബിലി ആഘോഷം ഇന്നു തുടങ്ങാനിരിക്കെ, പാർട്ടി പിടിക്കാനുള്ള നീക്കം ശക്തമാക്കുമെന്നു സൂചിപ്പിച്ചു മുൻ ജനറൽ സെക്രട്ടറി വി.കെ.ശശികല മറീനയിൽ ജയലളിതയുടെ സ്മാരകത്തിലെത്തി. അമ്മ ജയയും പാർട്ടി സ്ഥാപകൻ എംജിആറും അണ്ണാ ഡിഎംകെയെ സംരക്ഷിക്കുമെന്ന പ്രഖ്യാപനവും നടത്തി. അതേസമയം, സ്മാരകത്തിലെ അഭിനയത്തിന് ഓസ്കർ നൽകാമെന്നല്ലാതെ പാർട്ടിയിൽ കയറ്റില്ലെന്ന് അണ്ണാ ഡിഎംകെ മുൻ മന്ത്രി ഡി. ജയകുമാർ പരിഹസിച്ചു. 

എന്നാൽ, പാർട്ടി അധ്യക്ഷ സ്ഥാനത്തുള്ള ഒ.പനീർസെൽവവും എടപ്പാടി പളനിസ്വാമിയും പ്രതികരിക്കാത്തതു ശ്രദ്ധേയമായി.പിണങ്ങിപ്പുറത്തായെങ്കിലും പാർട്ടിക്കൊടിവച്ച കാറിലെത്തിയ ‘ചിന്നമ്മ’യെ ജനറൽ സെക്രട്ടറിയെന്നു വിളിച്ചാണു നൂറുകണക്കിന് അനുയായികൾ വരവേറ്റത്.  ‘അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി ത്യാഗതായ് ചിന്നമ്മ വാഴ്ക’ വിളികൾക്കു നടുവിലുടെ സ്മാരകത്തിലെത്തിയ അവർ പൂക്കളർപ്പിക്കവേ വിതുമ്പി.

പിന്നീട് എംജിആറിന്റെയും ദ്രാവിഡാചാര്യൻ അണ്ണാദുരൈയുടെയും സമാധികളിൽ വണങ്ങി. ‘5 വർഷമായി ഞാൻ ഹൃദയത്തിൽ വഹിച്ചിരുന്ന എല്ലാ ഭാരവും അമ്മയുടെ സ്മാരകത്തിൽ ഇറക്കി വച്ചു. അമ്മയും എംജിആറും പാർട്ടിയെയും പ്രവർത്തകരെയും രക്ഷിക്കും. പാർട്ടിയുടെ ശോഭനമായ ഭാവി എന്റെ മുന്നിലുണ്ട്. ഞാൻ ഇവിടെ വന്നതിന്റെ കാരണം തമിഴ്നാട്ടിലെ ജനങ്ങൾക്കു നന്നായി അറിയാം.’ – ചുരുങ്ങിയ വാക്കുകളിൽ പറയേണ്ടതെല്ലാം പറഞ്ഞാണു ചിന്നമ്മ മടങ്ങിയത്.

ചെന്നൈ നോർത്ത് ഉസ്മാൻ റോഡിലുള്ള ശ്രീനിവാസ പെരുമാൾ - പത്മാവതി അമ്മ ക്ഷേത്രത്തിൽ തൊഴുത ശേഷമായിരുന്നു മറീന യാത്ര. വഞ്ചിച്ചവരോടു പ്രതികാരം ചെയ്യുമെന്ന ശപഥവുമായി ശശികല ഇതിനു മുൻപു സ്മാരകത്തിലെത്തിയതു സ്വത്തുകേസിൽ 4 വർഷത്തെ ജയിൽവാസത്തിനു 2017ൽ പുറപ്പെടുമ്പോഴാണ്. ഈ ജനുവരിയിലായിരുന്നു ജയിൽ മോചനം. രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്നു മാർച്ചിൽ പറഞ്ഞെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടു മുൻപും പാർട്ടിയുടെ തോൽവിക്കു ശേഷവും അണ്ണാഡിഎംകെയെ രക്ഷിക്കുമെന്ന പ്രസ്താവനകൾ പുറത്തിറക്കി.

 പാർട്ടിയെ നയിക്കുന്നതു തെറ്റായ കൈകളാണെന്നും കോവിഡ് ഒതുങ്ങിയ ശേഷം പ്രവർത്തകരെ കാണാൻ സംസ്ഥാന പര്യടനം നടത്തുമെന്നും അറിയിച്ചു. ജയലളിതയ്ക്കും എംജിആറിനും വേണ്ടി പാർട്ടി തിരിച്ചുപിടിക്കുമെന്നറിയിച്ച് ഒട്ടേറെ അണികളെ ഫോണിൽ വിളിക്കുകയും ആ ശബ്ദസന്ദേശങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തു. അതിനിടെ, സ്വത്തുകേസിൽ ശശികലയ്ക്കൊപ്പം ശിക്ഷിക്കപ്പെട്ടു ബെംഗളൂരു പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ ആയിരുന്ന സഹോദരീപുത്രൻ വി.എൻ. സുധാകരൻ ഇന്നലെ മോചിതനായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com