ADVERTISEMENT

ചെന്നൈ ∙ അണ്ണാഡിഎംകെ ജനറൽ സെക്രട്ടറി താൻ തന്നെയെന്നു വ്യക്തമാക്കുന്ന ഫലകം അനാഛാദനം ചെയ്തും പാർട്ടി പതാക ഉയർത്തിയും തുറന്ന പോരാട്ടത്തിനൊരുങ്ങി  വി.കെ.ശശികല. പാർട്ടി സുവർണ ജൂബിലിയോട് അനുബന്ധിച്ച് ടി നഗറിലെ എംജിആർ സ്മാരകത്തിൽ നാടകീയ രംഗങ്ങൾ അരങ്ങേറി. ‘ അണ്ണാഡിഎംകെ സുവർണ ജൂബിലി ആഘോഷത്തിന്റെ പതാക ഉയർത്തിയതു പാർട്ടി ജനറൽ സെക്രട്ടറി വി.കെ.ശശികല’ എന്ന ഫലകമാണ് അവർ അനാഛാദനം ചെയ്തത്. 

പാർട്ടിക്കും ജനന്മയ്ക്കുമായി എല്ലാവരും ഒന്നിക്കേണ്ട സമയമാണിതെന്നും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി മികച്ച വിജയം നേടുമെന്നും ശശികല പറഞ്ഞു. പാർട്ടി പ്രവർത്തകർക്കു മധുരവും വിതരണം ചെയ്ത ശേഷമാണു മടങ്ങിയത്. അതേ സമയം, ഫലകത്തിൽ പേരെഴുതിയതു കൊണ്ട് ശശികല പാർട്ടിയുടെ ജനറൽ സെക്രട്ടറിയാകുമോയെന്നാണു നേതൃത്വത്തിന്റെ ചോദ്യം. ജനറൽ സെക്രട്ടറി എന്ന പദം ഉപയോഗിച്ചതിനും പാർട്ടി പതാക കാറിൽ സ്ഥാപിച്ചതിനുമെതിരെ കോടതിയെ സമീപിക്കുമെന്ന് അണ്ണാഡിഎംകെ നേതാവ് ഡി.ജയകുമാർ പറഞ്ഞു. 

ജയലളിതയുടെ മരണത്തിനു പിന്നാലെ വി.കെ.ശശികല പാർട്ടി ജനറൽ സെക്രട്ടറിയായെങ്കിലും അനധികൃത സ്വത്തു സമ്പാദനക്കേസിൽ ജയിലായതോടെ അവരെ  പുറത്താക്കി. തുടർന്നു ജനറൽ സെക്രട്ടറി എന്ന പദവി ഒഴിവാക്കി കോ–  ഓർഡിനേറ്റർ, ജോയിന്റ് കോ–ഓർഡിനേറ്റർ പദവികൾ സൃഷ്ടിച്ചു. ഇതിനെതിരെ ശശികല നൽകിയ പരാതി മദ്രാസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com