ADVERTISEMENT

ചെന്നൈ ∙ തമിഴ്നാട് മുൻ ആരോഗ്യമന്ത്രി സി. വിജയഭാസ്കറിനു സമ്പാദ്യങ്ങളിലുണ്ടായ വർധന പത്തിരട്ടിക്കടുത്ത് ! ഇതിൽ പകുതിയിലധികവും അനധികൃത സമ്പാദ്യമാണെന്നു വിലയിരുത്തി മന്ത്രിയുടെയും ബന്ധുക്കളുടെയും വീടുകളിലും സ്ഥാപനങ്ങളിലും വിജിലൻസ് റെയ്ഡ് നടത്തി. അഞ്ചു ജില്ലകളിലായി 48 ഇടങ്ങളിലാണ് പരിശോധന നടന്നത്. പരിശോധനയിൽ കണക്കിൽപെടാത്ത 23.85 ലക്ഷം രൂപയും 4.87 കിലോ സ്വർണവും 136 വാഹനങ്ങളുടെ രേഖകളും 10 ഹാർഡ് ഡിസ്കുകളും പിടിച്ചെടുത്തു.

എടപ്പാടി പളനിസാമി സർക്കാരിൽ മന്ത്രിയാകുന്നതിനു മുൻപും പദവി ഒഴിഞ്ഞതിനു പിന്നാലെയും സമർപ്പിച്ച ആദായനികുതി റിട്ടേണുകളാണ് സമ്പാദ്യത്തെക്കുറിച്ച് സംശയമുണ്ടാക്കിയത്. ഞായറാഴ്ച ഉച്ചയോടെ വിജിലൻസ് കേസ് റജിസ്റ്റർ ചെയ്തു.  പുലർച്ചെ റെയ്ഡ് തുടങ്ങി. ചെന്നൈ,ചെങ്കൽപേട്ട്, ‌കാഞ്ചീപുരം, കോയമ്പത്തൂർ, തിരുച്ചിറപ്പള്ളി, പുതുക്കോട്ട ജില്ലകളിലെ വിജയഭാസ്കറിന്റെയും ബന്ധുക്കളുടെയും വീടുകളിലും സ്ഥാപനങ്ങളിലുമാണ് ഒരേ സമയം പരിശോധന നടന്നത്.

മുൻ മന്ത്രിയും ഭാര്യ രമ്യയും 5 വർഷത്തിനിടെ 27.22 കോടി അനധികൃതമായി സമ്പാദിച്ചെന്ന് പരിശോധനയിൽ കണ്ടെത്തി. വാഹനങ്ങൾ ,ആഭരണങ്ങൾ,ഫാം ഹൗസുകൾ, കെട്ടിടങ്ങളും വീടുകളും തുടങ്ങി എൽ.ഐ.സി പോളിസികളിൽ വരെ ധാരാളം പണം നിക്ഷേപിച്ചതിന്റെ രേഖകളാണ് പിടിച്ചെടുത്തത് . മന്ത്രിയാകുന്നതിനു മുൻപ് വെറും 6.4 കോടി രൂപയാണ് വിജയഭാസ്കർ ആദായനികുതി റിട്ടേണുകളിൽ സമ്പാദ്യമായി കാണിച്ചിരുന്നത്. എന്നാൽ പദവിയൊഴിഞ്ഞ ശേഷം 57.77 കോടിയായി ഇത് ഉയർന്നു.

ചെലവ് ആയി കാണിച്ച 30 കോടി രൂപ കിഴിച്ചുള്ള സമ്പാദ്യങ്ങൾക്കാണു രേഖകളില്ലാത്തത്. സന്നദ്ധ സ്ഥാപനത്തിന്റെ പേരിൽ നിക്ഷേപം നടത്തിയാണു പ്രധാനമായും ക്രമക്കേട് നടത്തിയത്. വിജിലൻസ് കേസിൽപെടുന്ന മുൻസർക്കാരിലെ നാലാമനാണ് സി. വിജയഭാസ്കർ. പൊതുമരാമത്ത് മന്ത്രിയായിരുന്ന എസ്.പി വേലുമണി, വാണിജ്യനികുതി വകുപ്പ് കൈകാര്യം ചെയ്തിരുന്ന കെ.സി വീരമണി,ഗതാഗതമന്ത്രിയായിരുന്ന എം.ആർ വിജയഭാസ്കർ എന്നിവർ അഴിമതിക്കേസുകളിൽ പ്രതികളായി. എടപ്പാടി സർക്കാരിലെ ജനകീയ മുഖമായിരുന്ന വിജയഭാസ്കർ കൂടി അഴിമതിക്കേസിൽപെട്ടതോടെ അണ്ണാഡിഎംകെ കടുത്ത പ്രതിരോധത്തിലായി. വിജയഭാസ്കറിന്റെ സമ്പാദ്യങ്ങൾക്കെല്ലാം രേഖകളുണ്ടെന്നും അവ ആദായ നികുതി വകുപ്പിന് കൈമാറിയിട്ടുണ്ടെന്നുമാണ് പാർട്ടിയുടെ വിശദീകരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com