ADVERTISEMENT

ചെന്നൈ ∙ പൊങ്കൽ ആഘോഷത്തിന്റെ ചൂടാറും മുൻപേ നഗരത്തെ തണുപ്പിച്ച് അപ്രതീക്ഷിത മഴ. ഇന്നലെ പുലർച്ചെ മുതലാണു വിവിധ ഇടങ്ങളിൽ മഴ ലഭിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ അന്തരീക്ഷത്തിൽ അനുഭവപ്പെട്ടിരുന്ന കനത്ത ചൂട് ശമിപ്പിച്ചാണു മഴ പെയ്തത്. എന്നാൽ, ജനുവരി മാസത്തിൽ അപ്രതീക്ഷിത മഴ പെയ്തതിന്റെ അമ്പരപ്പിലാണു നഗരവാസികൾ. നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും പുലർച്ചെ 5 മുതൽ ഏതാണ്ട് ഒരേ തോതിൽ തന്നെ മഴ ലഭിച്ചു.

∙ പറഞ്ഞതു പോലെ പെയ്തു 

മഴയ്ക്ക് സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം രണ്ടു ദിവസം മുൻപ് അറിയിച്ചിരുന്നെങ്കിലും ജനം അതു കണക്കിലെടുത്തിരുന്നില്ല. എന്നാൽ, അതിരാവിലെ പുറത്തിറങ്ങിയവരെ വീടിനു മുൻപിൽ കെട്ടിക്കിടന്ന മഴവെള്ളമാണ് വരവേറ്റത്. അമ്പത്തൂരിൽ ഇന്നലെ രാവിലെ രേഖപ്പെടുത്തിയ കണക്കു പ്രകാരം 24 മണിക്കൂറിനിടെ 6 സെൻിമീറ്റർ മഴയാണ് ലഭിച്ചത്. പൂനമല്ലി, കൊരട്ടൂർ, നുങ്കംപാക്കം, വേലപ്പൻചാവടി, താംബരം എന്നിവിടങ്ങളിലും ധാരാളം മഴ ലഭിച്ചു. നഗരത്തിൽ ഇന്നലെ ആകാശം മേഘാവൃതമായ നിലയിലായിരുന്നു. 

ശരാശരി താപനില 29.3 ഡിഗ്രി സെൽഷ്യസിലും താഴെയായിരുന്നു. 22.7 ഡിഗ്രിയായിരുന്നു കൂടിയ താപനില.സംസ്ഥാനത്തെ മറ്റു ജില്ലകളിലും രാവിലെ മുതൽ മഴ പെയ്തു. നാഗപട്ടണം, വിഴുപ്പുറത്തെ മാരക്കാനം എന്നിവിടങ്ങളിൽ 4 സെന്റിമീറ്ററും നീലഗിരി ജില്ലയിലെ കോത്തഗിരിയിൽ 3 സെ.മീ, കാരയ്ക്കൽ, തിരുച്ചെന്തൂർ എന്നിവിടങ്ങളിൽ 2 സെ.മീ മഴയും ലഭിച്ചു. വടക്കൻ തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും പുതുച്ചേരിയിലും ഇന്നും കൂടി മഴ പെയ്‌തേക്കുമെന്നു കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

∙ നനഞ്ഞ് ജനജീവിതം

ശക്തമായ മഴയിൽ കഴിഞ്ഞ മാസങ്ങളിലുണ്ടായ വെള്ളക്കെട്ട് ഇത്തവണ എവിടെയും അനുഭവപ്പെട്ടില്ലെങ്കിലും പെട്ടെന്നുണ്ടായ മഴ ജനജീവിതത്തെ ബാധിച്ചു. ജോലിക്കും മറ്റുമായി പുറത്തിറങ്ങിയവർ മഴയിൽ നനയാതിരിക്കാൻ വല്ലാതെ ബുദ്ധിമുട്ടി. തിരക്കേറിയ ടിടികെ റോഡ്, ടി നഗർ, ചൂളൈമേട്, കോടമ്പാക്കം, അണ്ണാശാല, റോയപ്പേട്ട, കെകെ നഗർ, അശോക് നഗർ, എഗ്മൂർ, പാരിസ്, പുരുഷവാക്കം എന്നിവിടങ്ങളിലൊക്കെ ജനങ്ങൾ ബുദ്ധിമുട്ടി. പ്രധാന പാതകളിൽ ഉൾപ്പെടെ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.

കാലാവസ്ഥാ മാറ്റത്തിന്റെ സൂചന?

തെക്കൻ പസഫിക് സമുദ്രത്തിൽ കഴിഞ്ഞ ദിവസം അഗ്നി പർവതം പൊട്ടിത്തെറിച്ചത് ചെന്നൈയിലെ കാലാവസ്ഥാ കേന്ദ്രത്തിലെ ഉപകരണങ്ങളിൽ പോലും പ്രതിഫലിച്ചിരുന്നതായി ചുഴലിക്കാറ്റ് മുന്നിറിയിപ്പ് കേന്ദ്രം ഡയറക്ടർ എൻ.പുവിയരശൻ അറിയിച്ചിരുന്നു. ശക്തമായ തരംഗങ്ങളാണ് രേഖപ്പെടുത്തിയത്. ഇതിന്റെ ആഘാതം പെട്ടെന്നുണ്ടായ മഴയ്ക്ക് കാരണമായോ എന്ന രീതിയിൽ നഗരവാസികൾ ആശങ്കയും അഭിപ്രായവും പങ്കുവച്ചു. 

പസഫിക് സമുദ്രത്തിലെ താപനിലയിൽ മാറ്റമുണ്ടായതിനാൽ ഇത് ഭാവിയിൽ മഴയുടെ പ്രവചനത്തെ ബാധിക്കുമെന്ന ആശങ്കയും ചർച്ച ചെയ്യപ്പെട്ടിരുന്നു. നഗരത്തിൽ ആഴ്ചകൾക്കു മുൻപുണ്ടായ മിന്നൽ മഴയെ തുടർന്നു മിക്കപ്രദേശങ്ങളും വെള്ളത്തിലായിരുന്നു. അതേസമയം, അതിശക്തമായ മഴ ഉണ്ടാകുമെന്ന് പ്രവചിക്കാൻ കാലാവസ്ഥാ കേന്ദ്രത്തിന് കഴിഞ്ഞിരുന്നില്ല. ഇവിടത്തെ ഉപകരണങ്ങൾ മാറ്റണമെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

പി.ചെന്താമരകണ്ണൻ ചുമതലയേറ്റു

ചെന്നൈ മേഖലാ ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രത്തിന്റെ പുതിയ ഡയറക്ടറായി പി.ചെന്താമരകണ്ണൻ ചുമതലയേറ്റു. ഇപ്പോഴത്തെ ഡയറക്ടർ പുവിയരശനു പകരമാണ് ചുമതല

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com