ADVERTISEMENT

ചെന്നൈ ∙ഗതാഗതക്കുരുക്കഴിക്കാൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഫലപ്രദമായതോടെ നഗരവേഗം വർധിച്ചു.  തിരക്കുള്ള ജംക്‌ഷനുകളിൽ വൺവേ ക്രമീകരിച്ചത് യാത്ര സുഗമമാക്കാൻ സഹായിച്ചെന്നാണ് ഈ മേഖലകളിലൂടെ മനോരമ സംഘം നടത്തിയ യാത്രയിൽ തെളിഞ്ഞത്. പുതുതായി ഏർപ്പെടുത്തിയ ക്രമീകരണങ്ങൾ വിജയിച്ച സാഹചര്യത്തിൽ മറ്റിടങ്ങളിലും സമാന പരിഷ്കാരങ്ങൾ ഉടനുണ്ടാകും.

മൗണ്ട് റോഡിൽ മൂന്നിടത്ത്

നഗരഹൃദയത്തിലെ ഏറ്റവും തിരക്കേറിയ പാതയായ മൗണ്ട് റോഡിൽ (അണ്ണാ ശാല) മൂന്നിടങ്ങളിലാണു ഗതാഗത ക്രമീകരണം നടപ്പിലാക്കിയത്. പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയ പരിഷ്കാരങ്ങൾ യാത്രക്കാരുടെ പ്രതികരണങ്ങൾ കണക്കിലെടുത്തു സ്ഥിരമാക്കി പരിഷ്കരിക്കുകയായിരുന്നു. 

ദർഗ മുതൽ അണ്ണാ പ്രതിമ വരെയുള്ള ഭാഗത്താണ് ആദ്യമായി വൺവേ ഏർപ്പെടുത്തിയത്. വാലജ റോഡിൽ നിന്ന് വലത് ഭാഗത്തേക്കുള്ള പ്രവേശനം തടയുകയും ഈ വാഹനങ്ങൾക്ക് ദർഗയ്ക്കു മുൻ ഭാഗത്ത് യു–ടേൺ ഏർപ്പെടുത്തുകയും ചെയ്തു. ഇതോടെ അണ്ണാ പ്രതിമയ്ക്കു മുൻപിലെ സിഗ്നൽ ‍സമയം കുറഞ്ഞു. തടസ്സമില്ലാതെ യാത്ര തുടരാനായതു യാത്രക്കാർക്കു സഹായമായി. ഇതേത്തുടർന്നാണ് തൗസന്റ് ലൈറ്റ്സിലും പിന്നീട് നന്ദനത്തും സമാനമായ വൺവേ ഏർപ്പെടുത്തിയത്. ഗതാഗതക്കുരുക്കിൽ നഷ്ടമാകുന്ന അര മണിക്കൂറിലേറെ സമയം ലാഭിക്കാൻ മൗണ്ട് റോഡിലെ പരിഷ്കാരങ്ങൾ സഹായിച്ചതായി സ്ഥിരം യാത്രക്കാർ അഭിപ്രായപ്പെടുന്നു.

പുതിയ ക്രമീകരണം മൂന്ന് ജംക്‌ഷനുകളിൽ

പൂനമല്ലി ഹൈ റോഡ് (ഇവിആർ പെരിയാർ ശാല), ചെത്പെട്ട്, ഇന്നർ റിങ് റോഡിൽ (ജവാഹർലാൽ നെഹ്റു റോഡ്) കാശി തിയറ്റർ ജംക്‌ഷൻ എന്നിവിടങ്ങളിലാണ് തിങ്കളാഴ്ച മുതൽ പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയത്. തിരക്കേറിയ സമയങ്ങളിലാണ് പൂനമല്ലി ഹൈ റോഡിലും ചെത്പെട്ടിലും നിയന്ത്രണങ്ങളുള്ളത്. കാശി ജംക്‌ഷനിൽ വൺവേ സംവിധാനവും യു–ടേണും വഴി മുഴുവൻ സമയ ക്രമീകരണമാണ് നടപ്പാക്കിയത്.

കാശി തിയറ്റർ സിഗ്നൽ ഒഴിവാകും

കാശി തിയറ്ററിന് സമീപത്തുള്ള സിഗ്നലിൽ കാത്തുനിൽക്കാതെ വാഹനങ്ങൾക്ക് സുഗമമായി കടന്നു പോകാവുന്ന ക്രമീകരണമാണ് ഇന്നർ റിങ് റോഡിൽ ഏർപ്പെടുത്തിയത്. എംജിആർ നഗറിൽ നിന്ന് പിള്ളയാർ കോവിൽ സ്ട്രീറ്റ് വഴി വരുന്ന വാഹനങ്ങൾക്ക് ഗിണ്ടി ഭാഗത്തേക്കു പോകുന്നതിന് ഇടത് തിരിഞ്ഞ് ഉദയം തിയറ്ററിലെത്തി യു–ടേൺ എടുക്കണം. സമാനമായ രീതിയിൽ വെസ്റ്റ് സെയ്ദാപെട്ടിൽ നിന്ന് ഉദയം തിയറ്റർ ഭാഗത്തേക്കുള്ള വാഹനങ്ങൾ ഇടതു തിരിഞ്ഞ് കാശി പാലത്തിനു കീഴിൽ യു–ടേണെടുത്ത് പോകണം. 

പുരുഷവാക്കത്ത് ആശയക്കുഴപ്പം

രാവിലെ 9 മുതൽ 11 വരെ രാജാ അണ്ണാമലൈ ശാല ജം‌ക്‌ഷനും (ദാസപ്രകാശ്) ഡോ. നായർ പോയിന്റിനും ഇടയിലാണ് നിയന്ത്രണം. ഈ സമയത്ത് പുരുഷവാക്കത്തു നിന്ന് രാജാ അണ്ണാമലൈ ശാലയിലേക്കു വാഹനങ്ങൾക്കു പ്രവേശനമില്ല. ഈ വാഹനങ്ങൾ ഡോ. അളഗപ്പ റോഡു വഴി ഡോ. നായർ പോയിന്റിലെത്തി പൂനമല്ലി ഹൈറോഡിൽ പ്രവേശിക്കണം. എന്നാൽ ഈ ക്രമീകരണം കൊണ്ട് വലിയ ഗുണമില്ല എന്നാണ് പ്രദേശവാസികളുടെയും യാത്രക്കാരുടെയും പ്രതികരണം. ദാസപ്രകാശിൽ സിഗ്നൽ കുറയുന്നത് തൊട്ടടുത്ത് നായർ ‍പോയിന്റിലെ സിഗ്നൽ സമയം കൂട്ടാൻ കാരണമാകുമെന്നാണ് വിമർശനം.

കാശി തിയറ്റർ സിഗ്നൽ ഒഴിവാകും

കാശി തിയറ്ററിന് സമീപത്തുള്ള സിഗ്നലിൽ കാത്തുനിൽക്കാതെ വാഹനങ്ങൾക്ക് സുഗമമായി കടന്നു പോകാവുന്ന ക്രമീകരണമാണ് ഇന്നർ റിങ് റോഡിൽ ഏർപ്പെടുത്തിയത്. എംജിആർ നഗറിൽ നിന്ന് പിള്ളയാർ കോവിൽ സ്ട്രീറ്റ് വഴി വരുന്ന വാഹനങ്ങൾക്ക് ഗിണ്ടി ഭാഗത്തേക്കു പോകുന്നതിന് ഇടത് തിരിഞ്ഞ് ഉദയം തിയറ്ററിലെത്തി യു–ടേൺ എടുക്കണം. സമാനമായ രീതിയിൽ വെസ്റ്റ് സെയ്ദാപെട്ടിൽ നിന്ന് ഉദയം തിയറ്റർ ഭാഗത്തേക്കുള്ള വാഹനങ്ങൾ ഇടതു തിരിഞ്ഞ് കാശി പാലത്തിനു കീഴിൽ യു–ടേണെടുത്ത് പോകണം. 

പരീക്ഷണം 10 ദിവസത്തേക്ക് 

പരീക്ഷണാടിസ്ഥാനത്തിൽ 10 ദിവസത്തേക്കാണ് പുതിയ ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയത്. യാത്രക്കാരുടെയും പ്രദേശവാസികളുടെയും പ്രതികരണം തേടിയ ശേഷമായിരിക്കും അന്തിമ തീരുമാനം. നിർദേശങ്ങൾ നൽകാൻ എല്ലാ ജംക്‌ഷനുകളിലും ട്രാഫിക് പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്.- അയ്യപ്പൻ, ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥൻ, വെപേരി

സിഗ്നൽ കുറച്ച് യു–ടേൺ ഏർപ്പെടുത്തണം 

കാശി തിയറ്റർ ജംക്‌ഷനിലെ സിഗ്നൽ ഇല്ലാതായത് യാത്രാ സമയം കുറയാൻ കാരണമായിട്ടുണ്ട്. പരമാവധി സിഗ്നലുകൾ കുറച്ച് സാധ്യമായ സ്ഥലങ്ങളിലെല്ലാം യു–ടേൺ ഏർപ്പെടുത്തണം. യാത്രാ സമയത്തിലും ഗതാഗത കുരുക്ക് ഇല്ലാതാക്കാനും ഇത് സഹായിക്കും.- സഞ്ജയ് കിഷോർ, യാത്രക്കാരൻ, അശോക് നഗർ

ചെത്പെട്ടിൽ നിയന്ത്രണം വൈകിട്ട്

വൈകിട്ട് 6 മുതൽ 8 വരെയാണ് ചെത്പെട്ടിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. ഈ സമയത്ത് ഹാരിങ്ടൺ റോഡിൽ നിന്നു വരുന്ന വാഹനങ്ങൾക്ക് വലത്തേക്കു തിരിയാനോ എതിർ വശത്തു സ്പർടാങ്ക് റോഡിലേക്കു നേരിട്ടു പ്രവേശിക്കാനോ കഴിയില്ല. ഈ വാഹനങ്ങൾ ഇടതു തിരിഞ്ഞ് ഗുരുസ്വാമി പാലത്തിനടിയിലെത്തി യു–ടേണെടുത്ത് പോകണം. ഹാരിങ്ടൺ റോഡിൽ നിന്നുള്ള വാഹനങ്ങളുടെ സിഗ്നൽ ഒഴിവാകുന്നതോടെ മറ്റു ഭാഗങ്ങളിലെ വാഹനങ്ങൾ കാത്തുനിൽക്കുന്ന സമയം കുറയുകയും ഗതാഗതം കൂടുതൽ ‍സുഗമമാകുകയും ചെയ്യുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com