ADVERTISEMENT

ചെന്നൈ ∙ ഭാവിതലമുറയുടെ ജീവിതം മെച്ചപ്പെടാൻ നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങൾ വേണമെന്നും അടിസ്ഥാന സൗകര്യ വികസനത്തിന് മുൻഗണന നൽകുന്ന രാജ്യങ്ങൾ വികസിത രാജ്യങ്ങളായി മാറിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. റെയിൽവേ സൗകര്യം വിപുലീകരിക്കുന്നതിലൂടെ ഒട്ടേറെ നേട്ടങ്ങളുണ്ടാകും. ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് ഹൈവേ രാജ്യവികസനത്തിന്റെ രണ്ടു നിർണായക മേഖലകളെ ബന്ധിപ്പിക്കുന്നതാണ്. 

ഭാവിയുടെ ആവശ്യങ്ങൾ കണക്കിലെടുത്താണ് വികസനവും നവീകരണവും നടത്തുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. തമിഴ്നാട്ടിൽ 31,500 കോടി രൂപയുടെ 11 വികസന പദ്ധതികൾക്കു തുടക്കമിട്ടു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.തമിഴ് ഭാഷയെയും ദ്രാവിഡ സംസ്കാരത്തെയും മോദി പുകഴ്ത്തി. തമിഴ് ഭാഷ ശാശ്വതമാണെന്നും തമിഴ് സംസ്‌കാരം ആഗോളമാണെന്നും പറഞ്ഞ പ്രധാനമന്ത്രി തമിഴ്‌നാട്ടിൽ നിന്നുള്ളവർ എല്ലാ മേഖലയിലും മികവ് പുലർത്തുന്നുവെന്നു കൂട്ടിച്ചേർത്തു. 

തമിഴ്നാട് സന്ദർശനം എപ്പോഴും ആഹ്ലാദകരമാണ്. എല്ലാ ഭാഷകൾക്കും പ്രോത്സാഹനം നൽകുന്നതിനായി ദേശീയ വിദ്യാഭ്യാസ നയത്തിന് പ്രത്യേക പ്രാധാന്യം നൽകും. മെഡിക്കൽ, സാങ്കേതിക കോഴ്സുകൾ പ്രാദേശിക ഭാഷകളിൽ പഠിക്കുന്നതിന് വിദ്യാഭ്യാസ നയം അവസരമൊരുക്കും. ശ്രീലങ്കയ്ക്കു സാമ്പത്തിക സഹായം തുടർന്നും ലഭ്യമാക്കുന്നതിന് ലോക വേദികളിൽ ഇന്ത്യ ശക്തമായി ആവശ്യപ്പെടുന്നുണ്ടെന്നും മോദി പറഞ്ഞു. ഗവർണർ ആർ.എൻ.രവി, മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, കേന്ദ്രമന്ത്രി എൽ.മുരുകൻ എന്നിവരും പ്രസംഗിച്ചു.

കൂടുതൽ കേന്ദ്ര പദ്ധതികൾ വേണം: മുഖ്യമന്ത്രി

പ്രധാനമന്ത്രിയെ വേദിയിലിരുത്തി സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ വിശദമായി തന്നെ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പറഞ്ഞു. നീറ്റ് പരീക്ഷ ഒഴിവാക്കുന്നതിനുള്ള നിയമം സംസ്ഥാനം പാസാക്കിയതായും ഇതിൽ എത്രയും വേഗം തീരുമാനമെടുക്കണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു. കൂടുതൽ കേന്ദ്ര പദ്ധതികളും അതിനായി കൂടുതൽ തുകയും സംസ്ഥാനങ്ങൾക്കു നീക്കി വയ്ക്കണം. തമിഴ്നാട്ടിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും മീൻപിടിക്കുന്നതിനുള്ള പരമ്പരാഗത അവകാശം ഉറപ്പാക്കുന്നതിനുമായി കച്ചത്തീവ് തിരിച്ചു പിടിക്കണം. ജിഎസ്ടി നഷ്ടപരിഹാരമായി തമിഴ്നാടിനു ലഭിക്കേണ്ട 14,006 കോടി രൂപ ഉടൻ ലഭ്യമാക്കണം. തമിഴ് ഭാഷയെ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ ഔദ്യോഗിക ഭാഷയാക്കണമെന്നും ഹൈക്കോടതിയിൽ കോടതി ഭാഷയായി അംഗീകരിക്കണമെന്നും ആവശ്യപ്പെട്ടു.

തുടക്കമിട്ട  പദ്ധതികൾ

∙ മധുര-തേനി റെയിൽപാത–75 കിലോ മീറ്റർ റെയിൽപാത തുറന്നു; കേരളത്തിനും ഏറെ പ്രയോജനം

∙ താംബരം-ചെങ്കൽപെട്ട് മൂന്നാം റെയിൽപാത–കൂടുതൽ സബേർബൻ ട്രെയിൻ സർവീസുകൾക്ക് വഴിയൊരുക്കും

∙ എന്നൂർ-തിരുവള്ളൂർ-ബെംഗളൂരു-പുതുച്ചേരി-നാഗപട്ടണം-മധുര-തൂത്തുക്കുടി പ്രകൃതി വാതക പൈപ്‌ലൈൻ പദ്ധതി അടുത്ത ഘട്ടം

∙ പ്രധാനമന്ത്രി ആവാസ് യോജനയ്ക്കു കീഴിൽ ലൈറ്റ് ഹൗസ് പദ്ധതി പ്രകാരം നിർമിച്ച 1152 വീടുകൾ

∙ ബെംഗളൂരു-ചെന്നൈ 4 വരി എക്സ്പ്രസ്‌ വേ - 262 കിലോമീറ്റർ പാത ഇരു നഗരങ്ങൾക്കിടയിലെ യാത്രാ സമയം 2-3 മണിക്കൂറായി കുറയ്ക്കും

∙ ഡബിൾ ഡക്കർ പറക്കും പാത – പോർട്ട്-മധുരവോയൽ 21 കിലോ മീറ്റർ പാത തുറമുഖത്തിലേക്കുള്ള ചരക്കു ഗതാഗതം വേഗത്തിലാക്കും

∙ നേരളൂരു-ധർമപുരി (എൻഎച്ച് 44) നാലു വരി റോഡ്

∙ മീൻസുരുട്ടി-ചിദംബരം ദേശീയപാത

∙ ചെന്നൈയിൽ മൾട്ടി മോഡൽ ലോജിസ്റ്റിക് പാർക്ക്

∙ എഗ്‌മൂർ, രാമേശ്വരം, കാട്പാടി, മധുര, കന്യാകുമാരി റെയിൽവേ സ്റ്റേഷനുകൾ ലോകോത്തര നിലവാരത്തിലേക്കു വികസിപ്പിക്കൽ

സന്ദർശനത്തിന് എതിരെ വ്യാപക പ്രതിഷേധം

ചെന്നൈ ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനെതിരെ തമിഴ്നാട്ടിൽ വ്യാപക പ്രതിഷേധവും നടന്നു. 'മോദി ഗോബാക്ക്' എന്ന ഹാഷ്ടാഗ് പ്രചാരണം ട്വിറ്ററിലും ട്രെൻഡിങ്ങായി. വടക്കൻ സംസ്ഥാനങ്ങളിലെ വികസന പദ്ധതികൾക്കായി വൻതോതിൽ പണം ഒഴുക്കുമ്പോൾ തമിഴ്നാട് ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ അവഗണിക്കുകയാണെന്നാണ് പ്രധാന വിമർശനം. മോദി ജനാധിപത്യത്തെയും ഭരണഘടനയെയും തകർക്കുകയാണെന്നും വിമർശനം ഉയർന്നു. കഴിഞ്ഞ വർഷം തമിഴ്നാട്ടിലെത്തിയപ്പോഴും പ്രധാനമന്ത്രിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com