ADVERTISEMENT

ചെന്നൈ ∙ മദ്യക്കുപ്പികൾ തിരികെ വാങ്ങി സുരക്ഷിതമായി പുനരുപയോഗിക്കുന്ന പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പാക്കാൻ തമിഴ്‌നാട് സ്റ്റേറ്റ് മാർക്കറ്റിങ് കോർപ്പറേഷനു (ടാസ്മാക്) മദ്രാസ് ഹൈക്കോടതി നിർദേശം. നീലഗിരി അടക്കം 6 ജില്ലകളിൽ നടപ്പാക്കിയ പദ്ധതി വിജയിച്ചതോടെയാണു സംസ്ഥാന വ്യാപകമായി ഇതു നടപ്പാക്കാൻ ജസ്റ്റിസ് എസ്.എൻ.സതീഷ് കുമാർ, ഡി.ഭരത ചക്രവർത്തി എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചത്. 

മദ്യംവാങ്ങുമ്പോൾ അധികമായി ഈടാക്കുന്ന 10 രൂപ ഒഴിഞ്ഞ കുപ്പികൾ നൽകുമ്പോൾ തിരികെ നൽകുന്നതാണു പദ്ധതി. കുപ്പി തിരികെ നൽകാത്തവരുടെ പണം ടാസ്മാക് അക്കൗണ്ടിലേക്കു മാറ്റും. മദ്യം വാങ്ങുന്നവർ അലക്ഷ്യമായി ഉപേക്ഷിക്കുന്ന കുപ്പികൾ വൻ പാരിസ്ഥിതിക പ്രശ്നങ്ങൾ സ‍ൃഷ്ടിക്കുന്നെന്ന പരാതിയിൽ നിന്നാണു കുപ്പി തിരികെ വാങ്ങാനുള്ള ആശയം ഉരുത്തിരിഞ്ഞത്. ചില്ലുകുപ്പികളും പ്ലാസ്റ്റിക് കുപ്പികളും വന്യജീവികളെ അടക്കം ദോഷകരമായി ബാധിക്കുന്നെന്നും കണ്ടെത്തി. ഗ്രാമപ്രദേശങ്ങളിൽ, വയലിലേക്കും ജലാശയങ്ങളിലേക്കും വലിച്ചെറിയപ്പെടുന്ന കുപ്പികൾ മൂലം പൊതുജനത്തിനു ബുദ്ധിമുട്ടുണ്ടാകുന്നതായും കൃഷിഭൂമികൾ നശിപ്പിക്കപ്പെടുന്നതായും പരാതി ഉയർന്നിരുന്നു.

വില കൂട്ടി; വിൽപന ഇടിഞ്ഞു

സംസ്ഥാനത്ത് മദ്യത്തിന്റെ വില വർധിപ്പിച്ചതിനെ തുടർന്നു വിൽപനയിൽ 4 മുതൽ 6 ശതമാനം വരെ കുറവുണ്ടായതായി ടാസ്മാക് അധികൃതർ. മാർച്ചിൽ മദ്യത്തിന്റെ വില 10 രൂപ മുതൽ 80 രൂപ വരെ ഉയർത്തിയിരുന്നു. ഇതോടെ വില കൂടിയ മദ്യത്തിന് ആവശ്യക്കാർ കുറഞ്ഞെന്നാണു ടാസ്മാക് അധികൃതരുടെ കണ്ടെത്തൽ. മദ്യം വിതരണം ചെയ്യുന്ന കമ്പനികൾ വില കുറഞ്ഞ മദ്യം എത്തിക്കുന്നതു കുറച്ചതും വിൽപന കുറയാൻ കാരണമായി. ലഭ്യതക്കുറവ് മൊത്ത വിൽപനയിലും ലാഭത്തിലും ഇടിവിനു കാരണമായെന്നും ടാസ്മാക് അധികൃതർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com