ADVERTISEMENT

ചെന്നൈ ∙ പ്രതിദിന രോഗികളുടെ എണ്ണം ആയിരവും കടന്നു കോവിഡ് കുതിക്കുമ്പോൾ ജാഗ്രതയുടെ പഴയ പാഠങ്ങളിലേക്കു പതിയെ തിരിയുകയാണു നഗരവും. കേസുകളിൽ പകുതിയും ചെന്നൈയിലാണെന്നത് ആശങ്ക വർധിപ്പിക്കുന്നു. അതേസമയം, ആശങ്കയല്ല ജാഗ്രതയും ശുചിത്വവുമാണു വേണ്ടതെന്നു തെളിയിച്ചവർ ഏറെയുണ്ട്. നഗരത്തിൽ നിന്നു മാറിയുള്ള ദേവാലയത്തിലെ വൈദികൻ 4 തവണയാണ് ഇതിനോടകം പോസിറ്റീവായത്. പേരു വെളിപ്പെടുത്താത്ത ഇൗ മലയാളി വൈദികൻ താൻ കടന്നുപോയ പ്രതിസന്ധി കാലത്തെക്കുറിച്ചു പറയുന്നു. 

‘കോവിഡ് ബാധിച്ചാലും മനസ്സ് പോസിറ്റീവ് ആയിരിക്കണമെന്നു പറയുന്നതു ശരിയാണ്. തളരാതെ മുന്നോട്ടു പോകണമെന്ന പ്രത്യാശയാണു വേണ്ടത്. ഈ പ്രത്യാശയുടെ പടി ചവിട്ടിയാണ് ഓരോ തവണയും കോവിഡിൽ നിന്നു മുക്തി നേടിയത്. പോസിറ്റീവ് ആയ ഉടൻ തന്നെ മറ്റുള്ളവർക്കു ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിനു കർശന ക്വാറന്റീനിലേക്കു പ്രവേശിച്ചു. ഏകാന്തവാസം എന്നു തന്നെ പറയാം. ഒറ്റയ്ക്കാണെങ്കിലും മറ്റാർക്കും പകരില്ലല്ലോയെന്നതാണ് ആശ്വാസം. ഭക്ഷണ രീതികളിലൊന്നും യാതൊരു മാറ്റവും വരുത്താറില്ല. ആവശ്യമുള്ളത്ര ഭക്ഷണം കഴിക്കുകയും വെള്ളം കുടിക്കുകയും ചെയ്തു.

ഭക്ഷണ ക്രമീകരണമോ മരുന്നു കഴിക്കലോ അല്ല കോവിഡിന്റെ യഥാർഥ ചികിത്സയെന്ന് ഈ ദിവസങ്ങളിൽ മനസ്സിലാക്കി. മാനസികമായി തളരാതിരിക്കുകയെന്നതാണു പ്രധാനം. ഒറ്റയ്ക്കായിരുന്നെങ്കിലും ഒട്ടേറെ പേരോടു ക്വാറന്റീൻ കാലത്തു സംസാരിച്ചു. ഒറ്റയ്ക്കുള്ള ലോകത്തെ വിശേഷങ്ങൾ പങ്കുവച്ചു. വൈദികനെന്ന നിലയിൽ ജനങ്ങളുമായി സംവദിച്ചു ശീലമുള്ള എനിക്ക് ക്വാറന്റീൻ കാലത്ത് ആശയവിനിമയത്തിൽ ഏർപ്പെടുന്നതിന് ബുദ്ധിമുട്ടുണ്ടായില്ല. എന്നാൽ ആരോടും സംസാരിക്കാനില്ലാതെ, മാനസികമായി തളർന്ന് എത്രയോ പേരുടെ ജീവിതം കോവിഡ് കാലത്ത് തകർന്നു പോയിട്ടുണ്ട്. 

നാലു തവണ കോവിഡ് ബാധിച്ചു കഴിയുമ്പോൾ ശരീരത്തിനു മാറ്റങ്ങൾ സംഭവിച്ചു. ദഹനപ്രശ്നം, നടുവേദന തുടങ്ങി നേരത്തേ ഉണ്ടായിരുന്ന ചെറിയ പ്രശ്നങ്ങൾ ഇപ്പോൾ വർധിച്ചതായി അനുഭവപ്പെടുന്നുണ്ട്. എന്നാൽ ഇതിനെ വലിയ പ്രശ്നമായി കാണാതിരിക്കുക. ഇതിനാവശ്യമായ ചികിത്സ നൽകി മുന്നോട്ടു പോകുക. 

പല ആവശ്യങ്ങൾക്കായി ഒട്ടേറെ തവണ സബേർബൻ ട്രെയിനുകളിൽ യാത്ര ചെയ്യുന്ന വ്യക്തിയാണു ഞാൻ. ജനം തിങ്ങിഞെരുങ്ങി യാത്ര ചെയ്യുന്ന ഒരിടം കൂടിയാണു സബേർബൻ ട്രെയിൻ. എന്നാൽ യാത്രക്കാരിൽ പലരും മാസ്ക് ധരിക്കുന്നില്ല. കൂട്ടംകൂടി യാത്ര ചെയ്യുമ്പോൾ മാസ്ക് ധരിക്കാത്തവരിൽ നിന്നു മറ്റുള്ളവരിലേക്കു രോഗം വ്യാപിക്കാനുള്ള സാധ്യത കൂടുതലാണ്. 

കോവി‍ഡിനോടുള്ള സമീപനത്തിൽ ഇപ്പോൾ മാറ്റം വന്നിട്ടുണ്ട്. കോവിഡ് ബാധിച്ചാലും കുഴപ്പമില്ലെന്ന മനോഭാവമാണുള്ളത്. നേരത്തേ ഉണ്ടായിരുന്ന ഗൗരവം നഷ്ടപ്പെട്ടിരിക്കുന്നു. കല്യാണം പോലെ വിവിധ ചടങ്ങുകളിൽ നിന്നു കോവിഡ് വ്യാപിക്കാൻ സാധ്യതയുണ്ടെന്നറിഞ്ഞിട്ടും നിയന്ത്രണങ്ങളൊന്നുമില്ലാതെ പങ്കെടുക്കുന്നത് അതുകൊണ്ടല്ലേ. ചടങ്ങുകളിൽ പങ്കെടുത്ത് കോവിഡ് ബാധിക്കുന്നവരിൽ നിന്നു പുറത്തുള്ളവരിലേക്കും വ്യാപിക്കുന്നു. 

അതുകൊണ്ട് കോവിഡിനെ ഗൗരവത്തോടെ സമീപിക്കുക. വന്നാലും കുഴപ്പമില്ലെന്ന മനോഭാവം ഒഴിവാക്കുക. ഒരാളുടെ അശ്രദ്ധ ഒരു കൂട്ടം ആളുകളെയാണു ബാധിക്കുന്നതെന്ന് ഓർക്കുക.

ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങളെ നിസ്സാരമായി കാണരുത്. എവിടെ പോകുമ്പോഴും മാസ്ക് ധരിക്കുക. ഇടയ്ക്കിടെ കൈകൾ ശുചിയായി സൂക്ഷിക്കുക. നമ്മുടെ ആരോഗ്യം നമ്മുടെ കൈകളിൽ തന്നെയാണെന്ന് ഓർക്കുക. കോവിഡ് ബാധിച്ചെന്നു കരുതി തളരാൻ പാടില്ല. ചില ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെട്ടേക്കാം. തളരരുത്. കിതയ്ക്കാതെ, മുന്നോട്ടു കുതിക്കുക. 

തിരുവള്ളൂരിൽ കർശന നിയന്ത്രണം

കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ തിരുവള്ളൂർ ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചു. മാസ്ക് നിർബന്ധമാക്കി കലക്ടർ ഉത്തരവിറക്കി. ധരിക്കാത്തവരില്‍ നിന്നു 500 രൂപ പിഴ ഈടാക്കും. അകലം പാലിക്കണം. വാണിജ്യ സ്ഥാപനങ്ങള്‍, ഭക്ഷണശാലകള്‍ എന്നിവിടങ്ങളില്‍ സാനിറ്റൈസര്‍ നിര്‍ബന്ധമാക്കി. സംസ്ഥാനത്തു നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുമെന്നും ജനം ജാഗ്രത പുലർത്തണമെന്നും ആരോഗ്യ മന്ത്രി എം.സുബ്രഹ്മണ്യൻ പറഞ്ഞു. ആർടിപിസിആർ പരിശോധനയുടെ എണ്ണം വർധിപ്പിക്കും. സംസ്ഥാനത്തുടനീളം കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഇപ്പോൾ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.

കുട്ടികൾക്ക് കൂടുതൽ കരുതൽ

നഗരത്തിൽ കുട്ടികളിൽ കോവിഡ് ലക്ഷണങ്ങൾ കൂടുന്നു. പനി, ചുമ, തൊണ്ടവേദന, ജലദോഷം തുടങ്ങിയ ലക്ഷണങ്ങളാണു കാണുന്നത്. സ്കൂളുകൾ തുറന്നതിനു പിന്നാലെയാണു ലക്ഷണങ്ങൾ പ്രകടമാകുന്നത്. സ്കൂളിൽ നിന്നു മടങ്ങിയെത്തുന്ന കുട്ടികളെ പ്രത്യേകം നിരീക്ഷിക്കണമെന്ന് ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തുടർച്ചയായി നിരീക്ഷിക്കുന്നത് വഴി കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കാമെന്നും മറ്റുള്ളവരിലേക്കു പടരുന്നത് ഒഴിവാക്കാമെന്നും മന്ത്രി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com