കറക്കവും ഉറക്കവും കാരവനിലാക്കാം

Caravan
SHARE

ചെന്നൈ ∙ വിനോദസഞ്ചാര മേഖലയിൽ പുതിയ പരീക്ഷണങ്ങൾക്കൊരുങ്ങി തമിഴ്നാട്. കാരവൻ ടൂറിസത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താനുള്ള നീക്കങ്ങളാണ് സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ നേതൃത്വത്തിൽ ‍നടപ്പിലാക്കുന്നത്.  ഇതിനു മുന്നോടിയായി സമൂഹ മാധ്യമങ്ങളിൽ സജീവമായ പ്രശസ്തർക്കു യാത്ര ചെയ്യാനുള്ള കാരവനുകൾ (ഇൻഫ്ലുവൻസർ ഓൺ വീൽസ്) സംസ്ഥാന വിനോദസഞ്ചാര വകുപ്പ് മന്ത്രി എം.മതിവേന്തൻ ഫ്ലാഗ് ഓഫ് ചെയ്തു. തമിഴ്നാടിന്റെ വടക്കു പടി‍ഞ്ഞാറൻ ജില്ലകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കാണ് ആദ്യ ഘട്ടത്തിൽ ഈ കാരവനുകൾ ‍യാത്ര ചെയ്യുക. പ്രചാരണത്തിന് സമൂഹ മാധ്യമങ്ങൾ

സമൂഹ മാധ്യമങ്ങളിൽ ഒരു ലക്ഷത്തിൽ കൂടുതൽ ഫോളോവേഴ്സുള്ള 10 വ്യക്തികളെയാണ് കാരവൻ ടൂറിസത്തിന്റെ പ്രചാരണത്തിനായി നിയോഗിക്കുന്നത്. ഇവർ ജവാദുമല, ഹൊഗനേക്കൽ, കൊല്ലിമല, പൂച്ചമരത്തൂർ, സേതുമടെ, വാൽപ്പാറ തുടങ്ങി തമിഴ്‌നാട്ടിലെ അധികം അറിയപ്പെടാത്ത വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും മറ്റു പ്രധാന കേന്ദ്രങ്ങളിലേക്കും പോകുക എന്നതാണ് പദ്ധതി. ഇവരുടെ സമൂഹ മാധ്യമ അക്കൗണ്ടുകൾ വഴി ഈ സ്ഥലങ്ങളുടെ പ്രത്യേകതകൾ സ്വദേശത്തും വിദേശത്തുമുള്ള ആളുകളിലേക്ക് എത്തിക്കാൻ സാധിക്കുമെന്നു മന്ത്രി പറഞ്ഞു.

വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ജനപ്രീതി വർധിപ്പിക്കുന്നതിനും കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നതിനും ഇത്തരം പ്രചാരണം സഹായിക്കും. തമിഴ്‌നാട്ടിലെ കാരവൻ ടൂറിസത്തിനുള്ള മാർഗരേഖ ഉടൻ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സാഹസിക ടൂറിസം, ഇക്കോ ടൂറിസം, സെൽഫ് കേറ്ററിങ്, കാരവൻ ടൂറിസം തുടങ്ങിയ പദ്ധതികളുടെ മാർഗരേഖയാണ് പുറത്തിറക്കുക.

വീടായി മാറുന്ന വാഹനങ്ങൾ

വിനോദ സഞ്ചാരികളുടെ പ്രധാന ആകുലത താമസവും സഞ്ചാരവുമാണ്. ഈ രണ്ടു കാര്യങ്ങളെയും ഒരുമിച്ച് പരിഹരിക്കുന്നതാണ് കാരവനുകൾ. യാത്ര ചെയ്യുന്ന വാഹനത്തിൽ തന്നെ ഹോട്ടലുകൾക്കു സമാനമായ തരത്തിൽ താമസ, ഭക്ഷണ സൗകര്യങ്ങളും ഒരുക്കുന്നു എന്നതാണ് കാരവനുകളുടെ പ്രത്യേകത. യാത്ര ചെയ്യാൻ ടാക്സികളോ മറ്റു വാഹനങ്ങളോ തേടുന്നതിന്റെയും താമസ സൗകര്യത്തിനായി ഹോട്ടലുകൾ ബുക്കു ചെയ്യുന്നതിന്റെയും കഷ്ടപ്പാടുകൾ ഇല്ലാതാകും.

എന്നാൽ ‍വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ‍കാരവനുകൾ പാർക്കു ചെയ്യാനുള്ള സൗകര്യം കൂടി ഒരുക്കിയാൽ മാത്രമേ പദ്ധതി വിജയിക്കൂ എന്ന് പുതുച്ചേരി ആരോവില്ലിനടുത്ത് ജോവിയൽ ‍ഹോളിഡേയ്സ് എന്ന ‍വിനോദസഞ്ചാര ഏജൻസി നടത്തുന്ന കെ.ജെ.ജോർജ്കുട്ടി പറയുന്നു. കാരവനുകൾ എവിടെയെങ്കിലും പാർക്കു ചെയ്യാനാകില്ല. രാത്രികളിൽ പാർക്ക് ചെയ്യുന്ന ഇടങ്ങളിൽ വൈദ്യുതി, വണ്ടിക്കുള്ളിലെ ശുചിമുറി മാലിന്യവും മറ്റും സംസ്കരിക്കാനുള്ള സൗകര്യം തുടങ്ങിയ ക്യാംപിങ് സൗകര്യങ്ങൾ കൂടി വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒരുക്കാൻ സാധിച്ചെങ്കിൽ മാത്രമേ കാരവൻ ടൂറിസം വിജയിക്കൂ എന്ന് ജോർജ്കുട്ടി പറഞ്ഞു. കേരളത്തിൽ വിഭാവനം ചെയ്ത കാരവൻ പാർക്കുകൾ ഇത്തരത്തിലുള്ള സൗകര്യമൊരുക്കാൻ ലക്ഷ്യം വച്ചുള്ളതാണ്. ‍മികച്ച കാരവൻ സേവനങ്ങൾ ഏർപ്പെടുത്താൻ കഴി‍ഞ്ഞാൽ വിനോദ സഞ്ചാര രംഗത്ത് പുതിയ അനുഭവമായി മാറാൻ കാരവനുകൾക്കു കഴിയും.

കേരളത്തിൽ 350 കാരവൻ പാർക്കുകൾ

ഇന്ത്യയിലും കാരവൻ ടൂറിസം പച്ചപിടിച്ചു വരുന്നതായി വിനോദസഞ്ചാര മേഖലയിൽ ‍പ്രവർത്തിക്കുന്നവർ ‍പറയുന്നു. കേരളത്തിൽ അടുത്തിടെ കാരവൻ ടൂറിസം പദ്ധതി അവതരിപ്പിച്ചിരുന്നു. 350 കാരവൻ പാർക്കുകളാണു കേരളത്തിൽ വിവിധ ഇടങ്ങളിലായി തയാറാക്കാൻ പദ്ധതിയിട്ടിട്ടുള്ളത്. മഹാരാഷ്ട്രയിലും ഗോവയിലും കാരവൻ ടൂറിസം പദ്ധതികൾ വിജയകരമായി പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യൻ ‍വിനോദ സഞ്ചാര മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ കാരവൻ ടൂറിസത്തിനു സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}