ADVERTISEMENT

ചെന്നൈ ∙ വ്യാജരേഖ ചമച്ച് സ്ഥലവും മറ്റും കൈക്കലാക്കുന്ന തട്ടിപ്പുകാരിൽ നിന്നു ജനങ്ങളെ രക്ഷിക്കുന്ന പുതിയ നിയമം നടപ്പാക്കി സംസ്ഥാന സർക്കാർ. തട്ടിപ്പിനിരയായവർ നീതിക്കായി കോടതി കയറിയിറങ്ങുന്ന ദുരവസ്ഥയ്ക്കു പരിഹാരമായി റജിസ്ട്രേഷൻ വകുപ്പ് സ്വമേധയോ പരാതിയുടെ അടിസ്ഥാനത്തിലോ വ്യാജ റജിസ്ട്രേഷനുകൾ റദ്ദാക്കുന്നതാണ് നിയമം. 

നേരത്തേ റജിസ്ട്രേഷൻ വകുപ്പിന് ഇതിനുള്ള അധികാരമുണ്ടായിരുന്നില്ല. തട്ടിപ്പിനിരയായ വ്യക്തികൾക്ക് യഥാർഥ രേഖകൾ നൽകിക്കൊണ്ട് മുഖ്യമന്ത്രി എം.െക.സ്റ്റാലിൻ നടപടിക്ക് തുടക്കമിട്ടു. നടി വാണിശ്രീയുടെ 20 കോടി വിലമതിക്കുന്ന ഭൂമിയുടെ രേഖകളും ഇതിൽപെടുന്നു.

വാണിശ്രീക്ക് വൈകി ലഭിച്ച നീതി

അമിഞ്ചിക്കര, നെൽസൺ മാണിക്കം റോഡ് എന്നിവിടങ്ങളിലടക്കം നടി വാണിശ്രീയുടെ 20 കോടി രൂപ വിലമതിക്കുന്ന ഭൂമിയുടെ രേഖകളാണ് തട്ടിപ്പു സംഘം കൈക്കലാക്കിയത്. ഇതിലൊന്നിൽ ബാറ്ററി ഫാക്ടറിയായിരുന്നു നടത്തിയിരുന്നത്. എന്നാൽ നഷ്ടത്തിലായതോടെ അത് ഒഴിവാക്കിയതിനു പിന്നാലെയാണു വ്യാജ രേഖ ചമച്ച് തട്ടിപ്പു സംഘം ഇതു കൈക്കലാക്കിയത്. കോടതി, താലൂക്ക് ഓഫിസ് അടക്കം പലയിടങ്ങളിലും കയറിയിറങ്ങേണ്ട അവസ്ഥയ്ക്കും പണച്ചെലവിനും മനോവേദനയ്ക്കും വിരാമമാകുമെന്നും മുഖ്യമന്ത്രിക്കു നന്ദി അറിയിക്കുന്നുവെന്നും വാണിശ്രീ പറഞ്ഞു.

തട്ടിപ്പുകാരുടെ കൈവെട്ടി സർക്കാർ

ഉന്നത വ്യക്തികളുടെ വരെ വസ്തുക്കളുടെ പേരിൽ വ്യാജ രേഖ ചമച്ച് അവ കൈക്കലാക്കുന്ന റിയൽ എസ്റ്റേറ്റ് അടക്കമുള്ള മാഫിയയിൽ നിന്നു രക്ഷപ്പെടാൻ പുതിയ നിയമം സഹായിക്കും. വ്യാജ രേഖ ചമയ്ക്കൽ, വ്യാജ റജിസ്ട്രേഷൻ എന്നിവ നടത്തുന്നവർക്കെതിരെ നടപടി എടുക്കുന്നതിന് സംസ്ഥാന റജിസ്ട്രേഷൻ വകുപ്പിന് അധികാരമില്ലാത്തതിനാൽ നിയമത്തിൽ ഭേദഗതി വരുത്തിയാണ് അവയെല്ലാം റദ്ദാക്കുന്നതിനുള്ള അധികാരം വകുപ്പിനു നൽകിയത്. നേരത്തേ തട്ടിപ്പിനിരയാകുന്നവർക്കു കോടതിയിൽ അഭയം പ്രാപിക്കുക മാത്രമായിരുന്നു ശരണം. എന്നാൽ കോടതി നടപടികൾ ചിലപ്പോൾ നീണ്ടുപോകുന്നതിനാൽ നീതിക്കായുള്ള കാത്തിരിപ്പിനും നീളമേറെയാണ്.

പുതിയ നിയമപ്രകാരം സ്ഥലം വ്യാജമായി റജിസ്റ്റർ ചെയ്തതായി ഒരാൾക്കു തോന്നിയാൽ ബന്ധപ്പെട്ട രേഖകൾ സഹിതം ജില്ലാ റജിസ്ട്രാർക്കു പരാതി നൽകാം. തുടർന്ന് ജില്ലാ റജിസ്ട്രാർ ഹർജിക്കാരെയും കുറ്റാരോപിതരെയും വിളിച്ചുവരുത്തുകയും അന്വേഷണം നടത്തുകയും ചെയ്യും. അന്വേഷണത്തിൽ റജിസ്ട്രേഷൻ വ്യാജമാണെന്നു കണ്ടെത്തിയാൽ അതു റദ്ദാക്കും. ഈ ഉത്തരവിനെതിരെ ഒരു മാസത്തിനകം റജിസ്ട്രേഷൻ വകുപ്പ് മേധാവിക്ക് അപ്പീൽ നൽകാവുന്നതാണ്. കുറ്റക്കാർക്കെതിരെ ക്രിമിനൽ നിയമപ്രകാരം കേസെടുക്കുന്നതിനും പുതിയ നിയമം വകുപ്പിന് അധികാരം നൽകുന്നുണ്ട്.

തത്കാൽ റജിസ്ട്രേഷൻ

അത്യാവശ്യക്കാർക്കും വിശേഷ ദിവസങ്ങളിലേക്കും റജിസ്ട്രേഷൻ നടത്തുന്നതിനായി തത്കാൽ റജിസ്ട്രേഷൻ പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. 5,000 രൂപ അടച്ച് https://tnreginet.gov.in എന്ന വെബ്സൈറ്റിൽ അപേക്ഷിക്കാം. ഏറ്റവും കൂടുതൽ റജിസ്ട്രേഷൻ നടക്കുന്ന 100 സബ് റജിസ്ട്രാർ ഓഫിസുകളിലാണ് ആദ്യ ഘട്ടത്തിൽ നടപ്പാക്കുക. കല്യാണ സർട്ടിഫിക്കറ്റുകളിലെ തെറ്റുകൾ ഓൺലൈനായി തിരുത്തുന്നതിനുള്ള സൗകര്യവും ആരംഭിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com