ADVERTISEMENT

ചെന്നൈ ∙ നഗരത്തിലേതിനു സമാനമായ വീതിയുള്ള റോഡുകളും മികച്ച അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി നഗര പ്രാന്തപ്രദേശങ്ങളിലും വൻ വികസന പദ്ധതികൾ വരുന്നു. ഇതിനായി ചെങ്കൽപെട്ടിൽ 60 ഗ്രാമങ്ങൾ സർക്കാർ വിജ്ഞാപനം ചെയ്തു. ഇതിനു പുറമേ മിഞ്ചൂരിൽ പുതിയ ഉപഗ്രഹ നഗരം നിർമിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാനും തീരുമാനമായി. നിർദിഷ്ട പദ്ധതികൾ യാഥാർഥ്യമാകുന്നതോടെ നഗരത്തിലെന്ന പോലെ പ്രാന്തപ്രദേശങ്ങളിലും വലിയ വികസനം നടപ്പാകും.

എല്ലായിടത്തും വികസനം

നഗരത്തിൽ പുതിയ വികസന പദ്ധതികൾ യാഥാർഥ്യമാകുന്നതിനനുസരിച്ച് ജനസംഖ്യയും വാഹനത്തിരക്കും ഏറിവരുകയാണ്. വരും വർഷങ്ങളിൽ തിരക്ക് വർധിക്കുന്നത് മുൻകൂട്ടി കണ്ടാണു സമീപ പ്രദേശങ്ങളെയും സമാന്തര നഗരങ്ങളായി വികസിപ്പിക്കാൻ തീരുമാനിച്ചത്. കാഞ്ചീപുരം, ചെങ്കൽപെട്ട് ഭാഗങ്ങളിൽ നേരത്തേ തന്നെ 5 ഉപഗ്രഹ നഗരങ്ങൾ സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു.

പുതിയ പദ്ധതി പ്രകാരം 136.25 ചതുരശ്ര കിലോമീറ്ററിലാണ് ചെങ്കൽപെട്ടിൽ വികസനം നടപ്പാക്കുക. വികസനം ഏതു തരത്തിൽ നടപ്പാക്കണമെന്നത് സംബന്ധിച്ച് വിശദമായ മാസ്റ്റർപ്ലാൻ തയാറാക്കും. വിശാലമായതും ഉന്നത നിലവാരത്തിലുള്ളതുമായ റോഡുകൾ, മെച്ചപ്പെട്ട ഗതാഗത സംവിധാനം, ചെന്നൈ നഗരത്തെ ബന്ധിപ്പിച്ച് വിപുലമായ യാത്രാ മാർഗങ്ങൾ, താമസ സൗകര്യങ്ങൾ എന്നിവയും ഇതിനനുസരിച്ച് വികസിപ്പിക്കും. മെച്ചപ്പെട്ട റോഡുകൾ അടക്കമുള്ള അടിസ്ഥാന സൗകര്യ വികസനത്തിനു തന്നെയായിരിക്കും മുൻഗണന നൽകുക.

പരാതികളും നിർദേശങ്ങളും അറിയിക്കാം

60 ഇടങ്ങളിൽ നടപ്പാക്കുന്ന വികസന പദ്ധതികൾ സംബന്ധിച്ച് ജനങ്ങൾക്കും നിർദേശങ്ങളോ പരാതികളോ ഉണ്ടെങ്കിൽ ബന്ധപ്പെട്ടവരെ അറിയിക്കാം. നിർദേശങ്ങളോ പരാതികളോ ഉള്ളവർ ഭവന, നഗര വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് 60 ദിവസത്തിനകം അവ അയയ്ക്കണം. 

മിഞ്ചൂരും മാറും ഉപഗ്രഹ നഗരമായി

സർക്കാർ നേരത്തേ പ്രഖ്യാപിച്ചതു പ്രകാരം മിഞ്ചൂരിൽ ഉപഗ്രഹ നഗരം നിർമിക്കുക 111 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ. മിഞ്ചൂർ, എന്നൂർ, കാട്ടുപ്പള്ളി, വയലൂർ അടക്കം 12 വില്ലേജുകൾ ഉപഗ്രഹ നഗരത്തിന്റെ പരിധിയിൽ വരും. ഉപഗ്രഹ നഗരം യാഥാർഥ്യമാകുന്നതോടെ വികസന ഭൂപടത്തിലേക്ക് ഇനിയും എത്തിച്ചേരാത്ത മിഞ്ചൂരിലും മറ്റു പഞ്ചായത്തുകളിലും വൻ മാറ്റങ്ങൾക്കും വഴിയൊരുങ്ങും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും വരുമാനം കുറഞ്ഞ മറ്റു വിഭാഗക്കാർക്കും ഭീമമായ സാമ്പത്തിക ചെലവില്ലാതെ താമസ സൗകര്യങ്ങൾ ലഭിക്കുമെന്നതും വലിയ നേട്ടമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com