ADVERTISEMENT

ചെന്നൈ ∙ കോവിഡിനെ തുടർന്നു നിർത്തിവച്ച ട്രെയിൻ സർവീസുകൾ പുനഃസ്ഥാപിക്കണമെന്നും സ്റ്റോപ്പുകൾ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് തമിഴ്നാടിന്റെ ഡെൽറ്റ ജില്ലകളിൽ ട്രെയിനുകൾ തടഞ്ഞു കനത്ത പ്രതിഷേധം. പിന്മാറാതെ റെയിൽ പാളത്തിൽ കൊടികളുമായി സമരക്കാർ ഇരുന്നതോടെ ത‍ഞ്ചാവൂർ, തിരുവാരൂർ, നാഗപട്ടണം എന്നീ മേഖലകളിലെ ട്രെയിൻ ഗതാഗതവും താറുമാറായി. എറണാകുളം – കാരയ്ക്കൽ എക്സ്പ്രസ് അടക്കം 4 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി. 

സിപിഐ എംഎൽഎ മാരിമുത്തുവിന്റെ നേതൃത്വത്തിൽ തിരുവാരൂർ ജില്ലയിലെ മുത്തുപ്പെട്ടിൽ ട്രെയിൻ തട‍ഞ്ഞാണു പ്രതിഷേധം തുടങ്ങിയത്. മുത്തുപ്പെട്ട് വഴി രാമേശ്വരത്തേക്കുള്ള കമ്പൻ എക്സ്പ്രസ് ട്രെയിൻ പുനഃസ്ഥാപിക്കണമെന്നും തിരുവാരൂരിൽ‌ നിന്നു കാരയ്ക്കുടിയിലേക്കുള്ള ട്രെയിൻ മുത്തുപ്പെട്ടിൽ നിർത്തണമെന്നുമായിരുന്നു സമരക്കാരുടെ ആവശ്യം. ഡിഎംകെ, കോൺഗ്രസ്, വിസികെ, കർഷക സംഘടനകൾ എന്നിവ സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു. 

ട്രെയിൻ തടയൽ സമരത്തെ തുടർന്നു വിവിധയിടങ്ങളിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. തിരുവാരൂർ–മയിലാടുതുറൈ എക്സ്പ്രസ് (06688) നന്നിലത്ത് യാത്ര അവസാനിപ്പിച്ചു. തിരുവാരൂർ–കാരക്കുടി ഡെമു എക്സ്പ്രസ് (06197) മുത്തുപ്പെട്ടിലും മണ്ണാർഗുഡി–മയിലാടുതുറൈ എക്സ്പ്രസ് (06404) തിരുവാരൂരിലും യാത്ര അവസാനിപ്പിച്ചു. അതേസമയം സംഭവത്തിൽ വിശദീകരണവുമായി ദക്ഷിണ റെയിൽവേ രംഗത്തെത്തി. തിരുച്ചിറപ്പള്ളി ഡിആർഎമ്മുമായി എംപി ചർച്ച നടത്തിയതായും ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് അദ്ദേഹത്തെ അറിയിച്ചതായും റെയിൽവേ അറിയിച്ചു. സമരക്കാർക്കെതിരെ നിയമ നടപടി എടുക്കുന്ന കാര്യം ആലോചിക്കുമെന്നും പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com