ചെന്നൈ ∙ വിമാന യാത്രക്കാരുടെയും മറ്റും നീണ്ട നാളത്തെ കാത്തിരിപ്പിനു വിരാമമിട്ട് ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിൽ ബഹുനില പാർക്കിങ് കേന്ദ്രം യാഥാർഥ്യമാകുന്നു. വിപുലമായ സൗകര്യങ്ങളോടു കൂടിയുള്ള പാർക്കിങ് കേന്ദ്രം ഡിസംബർ 4ന് പുലർച്ചെ 12.01ന് പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും. 6 നിലകളിലായി സ്ഥിതി ചെയ്യുന്ന കെട്ടിടത്തിൽ 2150 കാറുകൾക്കും ഇരുചക്ര വാഹനങ്ങൾക്കും ഒരേസമയം പാർക്ക് ചെയ്യാനാകും. ടെംപോ, ബസ്, ട്രക്ക് തുടങ്ങിയ വാഹനങ്ങൾക്കും നിർത്തിയിടാനുള്ള സൗകര്യങ്ങളുണ്ട്.
വിപുലമായ സംവിധാനം
രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ മൂന്നാമത്തെ വലിയ വിമാനത്താവളമാണു ചെന്നൈയിലേത്. എന്നാൽ വാഹനങ്ങളുമായി എത്തുന്നവർക്ക് ഈ വലുപ്പമൊന്നും പ്രത്യേകിച്ച് ഗുണം ചെയ്യുന്നില്ല. വിപുലമായ പാർക്കിങ് സംവിധാനം ഇല്ലാത്തതിനാൽ വിമാനത്താവളത്തിൽ എത്തുന്നവർ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. പുതിയ പാർക്കിങ് കേന്ദ്രം ഈ പ്രശ്നത്തിനു പരിഹാരം കാണുമെന്ന് പ്രതീക്ഷിക്കാം. 2.5 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ മെട്രോ സ്റ്റേഷനു കിഴക്ക്, പടിഞ്ഞാറ് ഭാഗങ്ങളിലായാണു പാർക്കിങ് കേന്ദ്രം. കിഴക്ക് ഭാഗത്ത് 750 വാഹനങ്ങൾക്കും പടിഞ്ഞാറ് ഭാഗത്ത് 1400 വാഹനങ്ങൾക്കും ഒരേസമയം നിർത്തിയിടാം. ആശയക്കുഴപ്പം ഒഴിവാക്കുന്നതിനായി ദിശാസൂചികകളും മാർഗനിർദേശങ്ങൾക്കായി ജീവനക്കാരെയും നിയമിക്കും.
നിരക്ക് ഇങ്ങനെ
ഇരുചക്ര വാഹനങ്ങൾക്ക് 20 രൂപയും കാറുകൾക്ക് 75 രൂപയുമാണ് ആദ്യ അര മണിക്കൂർ വരെയുള്ള നിരക്ക്. 1 മണിക്കൂറിന് ഇരുചക്ര വാഹനങ്ങൾക്ക് ഇതേ നിരക്കും കാറുകൾക്ക് 100 രൂപയും. തുടർന്നുള്ള ഓരോ മണിക്കൂറിനും ഇരുചക്ര വാഹനങ്ങൾക്ക് 5–10 രൂപയും കാറുകൾക്ക് 30–50 രൂപയും വർധിക്കും. ഓൺലൈൻ ടാക്സി, പ്രീപെയ്ഡ് ടാക്സി തുടങ്ങിയവയ്ക്ക് യാത്രക്കാരെ കയറ്റുന്നതിന് 40 രൂപയാണ് പ്രവേശന ഫീ.
സിനിമ കാണാം, ഷോപ്പിങ് നടത്താം
വിപുലവും വൈവിധ്യമാർന്നതുമായ സൗകര്യങ്ങളാണു ബഹുനില കേന്ദ്രത്തിൽ കാത്തിരിക്കുന്നത്. 5 സിനിമ സ്ക്രീനുകളുള്ള മൾട്ടിപ്ലക്സ് ആണ് ഏറ്റവും വലിയ ആകർഷണം. ഫുഡ് കോർട്ട്, റസ്റ്ററന്റുകൾ, ചില്ലറ കടകൾ, കുട്ടികൾക്കു വിനോദത്തിനുള്ള പ്രത്യേക കേന്ദ്രം എന്നിവയെല്ലാം ഉണ്ടാകും. കിഴക്ക് ഭാഗത്തായിരിക്കും ചില്ലറ വിൽപന കടകൾ പ്രവർത്തിക്കുക. കിഴക്ക്, പടിഞ്ഞാറ് ഭാഗങ്ങളിൽ ഫുഡ് കോർട്ടുകൾ ഉണ്ടാകും. യാത്രക്കാർക്കും യാത്രയാക്കാൻ വന്നവർക്കും അവിസ്മരണീയ അനുഭവമാകാനുള്ള സംവിധാനമാണു സജ്ജമാക്കുന്നത്. കിഴക്ക്, പടിഞ്ഞാറ് ഭാഗങ്ങളിൽ നിന്നു ഡിപ്പാർച്ചർ ഭാഗത്തെ ബന്ധിപ്പിച്ച് 65 മീറ്റർ നീളമുള്ള ആകാശപാത (സ്കൈവോക്ക്) ഉള്ളത് യാത്രക്കാർക്ക് സൗകര്യമാകും. ഭിന്നശേഷിക്കാർക്ക് പ്രത്യേകം സൗകര്യങ്ങൾ ഉണ്ടാകും.
വൈദ്യുത വാഹനങ്ങൾ ചാർജ് ചെയ്യാം
വൈദ്യുത കാറുകൾക്കുള്ള ചാർജിങ് പോയിന്റുകൾ സ്ഥാപിച്ചിട്ടുണ്ടെന്നതാണു മറ്റൊരു പ്രത്യേകത. പടിഞ്ഞാറ് ഭാഗത്ത് മൂന്നും കിഴക്ക് ഭാഗത്ത് രണ്ടും ചാർജിങ് സ്റ്റേഷനുകൾ ആണുള്ളത്. സ്ലോട്ടുകൾ നേരത്തേ ബുക്ക് ചെയ്യാം. ബുക്കിങ്ങിനുള്ള ആപ്ലിക്കേഷൻ ഉടൻ തന്നെ പുറത്തിറക്കുമെന്നും ആവശ്യത്തിനനുസരിച്ച് സ്റ്റേഷനുകളുടെ എണ്ണം വർധിപ്പിക്കുമെന്നും വിമാനത്താവളം അധികൃതർ പറഞ്ഞു.