ചെന്നൈ ∙ ക്രിസ്മസ്, പുതുവർഷം എന്നിവയോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കെഎസ്ആർടിസി സ്പെഷൽ സർവീസ് നടത്തും. എറണാകുളത്തേക്കും തിരിച്ചുമാണ് സ്പെഷൽ സർവീസ് ഉള്ളത്. 22 മുതൽ 24 വരെ ചെന്നൈയിൽ നിന്നും 26 മുതൽ 28 വരെയും 31, ജനുവരി 1, 2 തീയതികളിൽ തിരിച്ചും സർവീസ് നടത്തും. എന്നാൽ തിരുവനന്തപുരത്തേക്കും മലബാർ ഭാഗത്തേക്കും ബസ് ഇല്ലാത്തത് ഈ ഭാഗങ്ങളിലേക്കുള്ള യാത്ര ദുഷ്കരമാക്കും.
ബുക്കിങ് ആരംഭിച്ചു
ചെന്നൈയിൽ നിന്നുള്ള ബസ് വൈകിട്ട് 5.30ന് പുറപ്പെടും. പിറ്റേന്നു രാവിലെ 6.40ന് എറണാകുളത്ത് എത്തും. സേലം, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ എന്നിവ വഴിയാണു സർവീസ്. എറണാകുളത്തു നിന്നുള്ള ബസ് വൈകിട്ട് 7.30നു പുറപ്പെടും. പാലക്കാട്, കോയമ്പത്തൂർ, സേലം വഴി പിറ്റേന്നു രാവിലെ 8.25നു ചെന്നൈയിൽ എത്തും. സൂപ്പർ ഡീലക്സ് എയർ ബസാണ് സർവീസ് നടത്തുക. 1,231 രൂപയാണ് എറണാകുളത്തേക്കുള്ള നിരക്ക്. അതേസമയം, എറണാകുളം–ചെന്നൈ സർവീസിന് സ്പെഷൽ നിരക്കാണ് ഈടാക്കുകയെന്ന് വെബ്സൈറ്റിലുണ്ട്.
നിലവിൽ ഈ ബസുകളിൽ ഇഷ്ടം പോലെ ടിക്കറ്റുണ്ട്. അതേസമയം, എറണാകുളത്തേക്കുള്ള സ്ഥിരം ബസിൽ 22, 23, 24 തീയതികളിൽ മുഴുവൻ ടിക്കറ്റുകളും കാലിയായി. ചെന്നൈയിലേക്കുള്ള ബസിൽ ക്രിസ്മസിനു ശേഷം ധാരാളം ടിക്കറ്റുകൾ ലഭ്യമാണ്. 1,141 രൂപയാണു നിരക്ക്.
ഒരു ബസ്, പതിനായിക്കണക്കിന് യാത്രക്കാർ
അവസാന നിമിഷം കൂടുതൽ ബസ്, ട്രെയിൻ സർവീസുണ്ടാകുമെന്ന പ്രതീക്ഷ ബാക്കിപതിനായിരക്കണക്കിനു പേരാണ് ക്രിസ്മസ്, പുതുവർഷം എന്നിവയോടനുബന്ധിച്ച് കേരളത്തിലേക്കു പോകുന്നത്. തിരക്കു കാരണം ട്രെയിൻ ടിക്കറ്റുകൾ നേരത്തേ കാലിയായി. തിരുവനന്തപുരം, മംഗളൂരു എന്നിവിടങ്ങളിലേക്കുള്ള ട്രെയിനുകളിലെല്ലാം ക്രിസ്മസിനോട് അടുപ്പിച്ചുള്ള ദിവസങ്ങളിൽ ടിക്കറ്റ് വെയ്റ്റ് ലിസ്റ്റ് ആണ്.
ചെന്നൈയിൽ നിന്നു വൈകിട്ട് 4.20നു പുറപ്പെടുന്ന മംഗളൂരു സൂപ്പർഫാസ്റ്റ് എക്സ്പ്രസിലെ മൂന്നു സ്ലീപ്പർ കോച്ചുകൾ വെട്ടിക്കുറച്ചതു മൂലം സാധാരണ ദിവസങ്ങളിൽ പോലും ടിക്കറ്റ് കിട്ടാത്ത അവസ്ഥയാണ്. മണ്ഡലകാലം ആരംഭിച്ചതോടെ മുൻപൊരിക്കലുമില്ലാത്ത തിരക്കാണ് അനുഭവപ്പെടുന്നത്. എറണാകുളത്തേക്കുള്ള കെഎസ്ആർടിസിയുടെ സ്ഥിരം ബസിലും സീറ്റില്ല.
മിനിറ്റുകൾ കൊണ്ടു കാലിയാകുന്ന തത്കാൽ ട്രെയിൻ ടിക്കറ്റുകളിൽ യാത്രക്കാർക്ക് പ്രതീക്ഷയില്ല.കാര്യങ്ങൾ ഇങ്ങനെയായിട്ടും ദിവസേന ഒരു ബസ്, അതും എറണാകുളത്തേക്കു മാത്രമാണ് ഇതുവരെ പ്രഖ്യാപിച്ചത്. കൂടുതൽ ബസും ട്രെയിനും ഉണ്ടെങ്കിൽ മാത്രമേ മലയാളികൾക്ക് സുഗമമായി നാട്ടിലെത്താനാകൂ. കെഎസ്ആർടിസിയും ദക്ഷിണ റെയിൽവേയും അവസാന ദിവസങ്ങളിൽ പ്രഖ്യാപിച്ചേക്കാവുന്ന സ്പെഷൽ സർവീസുകളിലാണ് ഇനി പ്രതീക്ഷ.
ബുക്കിങ്ങിന് www.online.keralartc.com,
Ente KSRTC (മൊബൈൽ ആപ്).
വിവരങ്ങൾക്ക് 0484–2372033 (എറണാകുളം),
കൺട്രോൾ റൂം–9447071021, 0471–2463799,
8129562972 (വാട്സാപ്)