ചെന്നൈ ∙ പുകയില ഉൽപന്നങ്ങൾ പൂർണമായി നിരോധിക്കാൻ നിലവിലെ കേന്ദ്ര, സംസ്ഥാന നിയമങ്ങൾ പര്യാപ്തമല്ലെന്നു മദ്രാസ് ഹൈക്കോടതി. പാൻമസാലയും ഗുഡ്കയും നിരോധിച്ച തമിഴ്നാട് സർക്കാരിന്റെ ഉത്തരവ് റദ്ദാക്കിയാണ് കോടതിയുടെ നിരീക്ഷണം. പുകയില ഉൽപന്നങ്ങൾ നിരോധിച്ചുകൊണ്ട് തമിഴ്നാട് 2018ൽ പുറത്തിറക്കിയ ഉത്തരവ് ചോദ്യം ചെയ്ത് പുകയില ഉൽപന്നങ്ങളുടെ നിർമാതാക്കൾ നൽകിയ ഹർജിയിലാണ് കോടതി നടപടി.
ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ്സ് കമ്മിഷണറുടെ ഉത്തരവ് പ്രകാരമായിരുന്നു സംസ്ഥാനത്ത് പാൻ മസാലയും ഗുഡ്കയും നിരോധിച്ചിരുന്നത്.എന്നാൽ ഈ ഉദ്യോഗസ്ഥന് ഇത്തരം നിരോധനം ഏർപ്പെടുത്താനുള്ള അധികാരമില്ലെന്നു കോടതി നിരീക്ഷിച്ചു. പുകയില ഉൽപന്നങ്ങൾ ഭക്ഷണത്തിന്റെ പരിധിയിൽ വരുന്നില്ലെന്ന് പരാതിക്കാരായ കമ്പനിയുടെ വാദം അംഗീകരിച്ച കോടതി നിരോധനം റദ്ദാക്കുകയായിരുന്നു.