ADVERTISEMENT

ചെന്നൈ ∙ ഓട്ടോ നിരക്ക് വർധന ആവശ്യപ്പെട്ട് സർക്കാരിൽ സമ്മർദം ശക്തമാക്കാനുള്ള നീക്കവുമായി യൂണിയനുകൾ. ഇന്ധന വില വർധനയും മറ്റും ചൂണ്ടിക്കാട്ടിയാണു നിരക്കുകൂട്ടൽ  ആവശ്യപ്പെടുന്നത്. അതേ സമയം, നിരക്കു വർധിപ്പിച്ചാൽ മീറ്റർ അടക്കമുള്ളവ കർശനമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു യാത്രക്കാരും രംഗത്തെത്തി. 

പിടിവിട്ട നിരക്കുകൾ

ഒന്നര കിലോമീറ്റർ വരെ 25 രൂപയാണ് സർക്കാർ നിശ്ചയിച്ച കുറഞ്ഞ നിരക്ക്. ശേഷമുള്ള ഓരോ കിലോമീറ്ററിനും 12 രൂപ നൽകണം. നിലവിൽ മിനിമം 50 രൂപ കൊടുക്കാതെ ഒരു കിലോമീറ്റർ പോലും ഓടാൻ ഓട്ടോ ഡ്രൈവർമാർ തയാറല്ലെന്ന പരാതി വ്യാപകമാണ്. സ്ഥലം പരിചയമില്ലാത്തവരോ മറ്റുനാടുകളിൽ നിന്ന് എത്തുന്നവരോ ആണെങ്കിൽ തോന്നുംപടിയാണ് ചാർജ് ഈടാക്കുക. 

അരക്കിലോമീറ്ററിന് 125 രൂപ

നന്ദനം മെട്രോ സ്റ്റേഷനിൽ നിന്ന് തൊട്ടടുത്തു തന്നെയുള്ള നന്ദനം എക്സ്റ്റൻഷനിലെ ഒരു സ്ഥാപനത്തിലേക്കു പോകാനാ‍യി 125 രൂപയാണ് കൊച്ചിയിൽ നിന്നെത്തിയ സ്മിതയോട് കഴിഞ്ഞ ദിവസം ഒരു ഓട്ടോക്കാരൻ ഈടാക്കിയത്. സ്ഥല പരിചയമില്ലാതിരുന്നതിനാൽ ദൂരക്കൂടുതലുണ്ടെന്നു കരുതിയാണ് ഓട്ടോയിൽ കയറിയതെന്നു സ്മിത പറഞ്ഞു. ദൂരം അര കിലോമീറ്ററിലും താഴെ മാത്രമായിരുന്നു. 

നഗരത്തിൽ ഓടുന്ന എല്ലാ ഓട്ടോറിക്ഷകളിലും മീറ്ററുകൾ ഘടിപ്പിക്കണമെന്നാണ് ചട്ടം. എന്നാൽ മിക്ക വാഹനങ്ങളിലും ഇവയില്ല. അഥവാ ഉണ്ടെങ്കിൽ തന്നെ പ്രവർത്തനക്ഷമമല്ല. 2013ലാണ് അവസാനമായി നിരക്കു വർധിപ്പിച്ചത്. എല്ലാ ഓട്ടോകളിലും മീറ്ററുകൾ സ്ഥാപിക്കണമെന്ന കർശന നിർദേശത്തോടെയാണ് അന്ന് നിരക്ക് പുതുക്കി നിശ്ചയിച്ചത്. തുടർന്ന് ഏതാനും മാസങ്ങൾ പൊലീസും ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരും നഗരത്തിലുടനീളം  ഓട്ടോകളിലെ മീറ്ററുകൾ പരിശോധിച്ചിരുന്നു. പിന്നീട് പരിശോധനകൾ നിലയ്ക്കുകയും തുടർന്ന് എല്ലാം തോന്നുംപടിയാകുകയും ചെയ്തു. 

പ്രീപെയ്ഡ് സംവിധാനവും നോക്കുകുത്തി

സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ പ്രീ പെയ്ഡ് ഓട്ടോറിക്ഷാ സംവിധാനവും നോക്കു കുത്തിയാകുന്നു. മിക്കപ്പോഴും കൗണ്ടറിൽ ആളില്ലാത്ത അവസ്ഥയാണ്. ദീർഘദൂര യാത്ര കഴിഞ്ഞ് കുടുംബ സമേതം എത്തുന്ന യാത്രക്കാരാണ് ബുദ്ധിമുട്ടിലാകുന്നത്. അവസരം മുതലാക്കി വൻതുകയാണ് ഓട്ടോറിക്ഷാ ഡ്രൈവർമാർ ഈടാക്കുന്നത്. പരാതിപ്പെടാനും സംവിധാനമില്ല,. ബന്ധപ്പെട്ടവരുടെ ഫോൺ നമ്പറുകളും എവിടെയും രേഖപ്പെടുത്തിയിട്ടില്ലാത്തതിനാൽ ഡ്രൈവർമാർ ആവശ്യപ്പെടുന്ന തുക കൊടുക്കേണ്ട സ്ഥിതിയാണ്. 

ബദൽ വഴി തേടി യാത്രക്കാർ

ഷെയർ ഓട്ടോ, സ്ത്രീകൾക്കുള്ള സൗജന്യ ബസ് സർവീസുകൾ, മെട്രോ ട്രെയിൻ തുടങ്ങിയവയാണ് നഗരത്തിൽ യാത്ര ചെയ്യാനുള്ള മറ്റു മാർഗങ്ങൾ. എന്നാൽ ബസ് സർവീസുകളുടെ എണ്ണക്കുറവും മെട്രോയിൽ എത്താവുന്ന സ്ഥലങ്ങളുടെ പരിമിതികളും പ്രതികൂല ഘടകങ്ങളാണ്. അതിനാൽ ഷെയർ ഓട്ടോയാണ് ആശ്രയിക്കാവുന്ന പ്രധാന യാത്രാമാർഗം. 

എന്നാൽ കോവിഡിനു ശേഷം ഇവയുടെ എണ്ണത്തിലും കുറവുണ്ടായി. എന്നാൽ ഉൾ പ്രദേശങ്ങളിലേക്കും ലഗേജുമായി യാത്ര ചെയ്യേണ്ടി വരുമ്പോൾ ഓട്ടോകളെ തന്നെ ആശ്രയിക്കേണ്ടി വരും. വിവിധ ഓൺലൈൻ ഓട്ടോ, ടാക്സി സർവീസുകൾ ഒരു പരിധി വരെ സഹായകമാണ്. യാത്രാക്കൂലി കൃത്യമായി അറിയാൻ സാധിക്കുന്നതും യാത്ര ചെയ്തതിനും പണം കൊടുത്തതിനും രേഖയുണ്ടെന്നതും കൂടുതൽ പേരെയും ഓൺലൈൻ ഓട്ടോകളിലേക്കും ടാക്സികളിലേക്കും ആകർഷിക്കുന്നുണ്ട്. 

നഗരത്തിലെ ഔദ്യോഗിക നിരക്ക് 

ആദ്യ ഒന്നര കിലോമീറ്ററിന് – 25 രൂപ

പിന്നീടുള്ള ഓരോ കിലോമീറ്ററിനും – 12 രൂപ

ഓട്ടോക്കാർ ആവശ്യപ്പെടുന്ന നിരക്ക്

ആദ്യ ഒന്നര കിലോമീറ്ററിന് – 50 രൂപ

പിന്നീടുള്ള ഓരോ കിലോമീറ്ററിനും – 25 രൂപ

ശങ്കർ, കെ.കെ.നഗർ- അത്യാവശ്യമായി എവിടെയെങ്കിലും പോകണമെങ്കിൽ ഓൺലൈൻ ഓട്ടോ സർവീസിനെയാണ് ആശ്രയിക്കുന്നത്. റോഡിലിറങ്ങി ഓട്ടോകൾക്കു കൈകാട്ടി ചാർജ് ചോദിച്ചാൽ താങ്ങാനാവാത്ത നിരക്കാണ് മിക്കവരും ആവശ്യപ്പെടുക. ഓൺലൈൻ ടാക്സി വിളിച്ചാൽ പോലും പലപ്പോഴും ഓട്ടോക്കാർ ആവശ്യപ്പെടുന്ന തുകയേക്കാൾ കുറവായിരിക്കും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com