ADVERTISEMENT

ചെന്നൈ ∙ ആയിരക്കണക്കിനു മലയാളി യാത്രക്കാരെ ദുരിതത്തിലാഴ്ത്തി ആലപ്പി–ചെന്നൈ സൂപ്പർഫാസ്റ്റ് ട്രെയിൻ വൈകിയോടുന്നത് പതിവാകുന്നു. 3 മണിക്കൂറോളം വൈകിയാണ് ഇന്നലെ രാവിലെ ട്രെയിൻ ചെന്നൈയിലെത്തിയത്. രാവിലെ താമസ സ്ഥലത്തെത്തിയ ശേഷം ഓഫിസിൽ എത്താമെന്ന പലരുടെയും പ്രതീക്ഷകളാണ് ഇതോടെ തകിടം മറിഞ്ഞത്. നേരത്തേ വളരെ കുറച്ചു സമയം മാത്രം വൈകിയെത്തിയിരുന്ന ട്രെയിൻ എന്നാൽ സമയ മാറ്റത്തിനു ശേഷം പതിവായി വൈകിയോടുന്നതായാണു സ്ഥിരം യാത്രക്കാരുടെ പരാതി.

ട്രെയിനിൽ അകപ്പെട്ട് യാത്രക്കാർ

വൈകിട്ട് 3.40ന് ആലപ്പുഴയിൽ നിന്നു പുറപ്പെടുന്ന ട്രെയിൻ പിറ്റേന്നു പുലർച്ചെ 5.30ന് ആണ് ചെന്നൈയിൽ എത്തേണ്ടത്. എന്നാൽ 2 മണിക്കൂർ 45 മിനിറ്റ് വൈകിയാണ് ഇന്നലെ സെൻട്രലിൽ എത്തിച്ചേർന്നത്. ഇതോടെ ഓഫിസിൽ കൃത്യ സമയത്ത് എത്താമെന്ന പലരുടെയും പ്രതീക്ഷയാണു തെറ്റിയത്. 

സമയമാറ്റത്തിനു ശേഷമാണു വൈകിയോട്ടം പതിവായതെന്ന് സ്ഥിരം യാത്രക്കാരനായ ശോഭിത്ത് പറയുന്നു. ആദ്യമൊക്കെ കുറച്ചു സമയമായിരുന്നു വൈകിയിരുന്നത്. പിന്നീട് 1 മണിക്കൂർ വൈകാൻ തുടങ്ങി. ഇപ്പോഴിതാ മൂന്നു മണിക്കൂറോളവും. ആലപ്പുഴയിൽ നിന്ന് എടുത്ത ശേഷം തുറവൂർ വരെ കൃത്യസമയത്ത് ഓടിയെത്തുന്ന ട്രെയിൻ പിന്നീടാണു വൈകുന്നത്.  കോയമ്പത്തൂർ വരെ സമയത്തിൽ പിന്നിലാകുന്ന ട്രെയിൻ തുടർന്നുള്ള സമയങ്ങളിൽ ഇതു തിരിച്ചു പിടിക്കാറുണ്ടെന്നും എന്നാൽ ഇന്നലെ മുഴുനീളെ വൈകിയതായും ശോബിൻ പറഞ്ഞു.

ട്രെയിൻ തന്നെ ഒാഫിസാക്കി

പ്രതീക്ഷകൾ പാടേ തെറ്റിച്ച് ട്രെയിൻ വൈകിയതോടെ ചെന്നൈ മലയാളികളുടെ ഫെയ്സ്ബുക് പേജിലും മറ്റും വലിയ പ്രതിഷേധം. സൂപ്പർ ഫാസ്റ്റ് എന്ന പേരു മാറ്റി സൂപ്പർ സ്ലോ എന്നാക്കണമെന്നാണ് ഒരാളുടെ കമന്റ്.  ഈ ട്രെയിൻ നാട്ടിലേക്കുള്ള യാത്രയിൽ ഇതിലേറെ മോശം പ്രകടനമാണെന്നാണു മറ്റൊരാളുടെ അഭിപ്രായം. 'പെട്ടു' എന്നാണു മൊത്തത്തിലുള്ള അഭിപ്രായം. കൃത്യസമയത്ത് ഓഫിസിൽ എത്തില്ലെന്ന് ഉറപ്പായതോടെ ഏറെ പേർ ട്രെയിൻ തന്നെ ഓഫിസാക്കി മാറ്റിയാണു പ്രശ്നം ഒരു പരിധി വരെ പരിഹരിച്ചത്. സീറ്റിലിരുന്ന് ലാപ്ടോപ്പിൽ ലോഗിൻ ചെയ്താണു പലരും രക്ഷപ്പെട്ടത്.

 അൽപം വൈകുമെന്ന് മാനേജരോടു ചിലർ‌ വിളിച്ചു പറഞ്ഞു. ദൂരക്കൂടുതൽ കാരണം ഓഫിസ് കാബിൽ സ്ഥിരമായി യാത്ര ചെയ്യുന്നവരാണു കൂടുതൽ പെട്ടത്. മറ്റു വാഹനങ്ങൾ വിളിച്ച് ഓഫിസിൽ എത്തുമ്പോഴേക്കും സമയം ഏറെ കഴിഞ്ഞിരുന്നു. യാത്രയിലെ കഷ്ടപ്പാടിനെ കുറിച്ച് അറിയാൻ യാത്രക്കാരനെ ഇന്നലെ രാത്രി എട്ടിനു വിളിച്ചപ്പോഴും അദ്ദേഹം ഓഫിസിൽ തന്നെയായിരുന്നു. രാവിലെ വൈകിയതിന്റെ പ്രായശ്ചിത്തമായി രാത്രി വരെ ഓഫിസിൽ ഇരുന്ന് ജോലി തീർക്കണമെന്നതാണു കാരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com