ADVERTISEMENT

ചെന്നൈ ∙ വിമാനങ്ങൾക്കായുള്ള കാത്തിരിപ്പുകളിൽ ബോറടി ഒഴിവാക്കാൻ സിനിമ കാഴ്ചകളൊരുക്കി ചെന്നൈ രാജ്യാന്തര വിമാനത്താവളം. യാത്രക്കാർക്കും അല്ലാത്തവർക്കും വിമാനത്താവളത്തിനോട് ചേർന്നു സിനിമ അനുഭവം സമ്മാനിക്കുന്ന പിവിആർ സിനിമാസ് മൾട്ടിപ്ലക്സ് പ്രദർശനത്തിനു തയാറായി. രാജ്യത്ത് ആദ്യമായാണു വിമാനത്താവളത്തിൽ മൾട്ടിപ്ലക്സ് ഒരുക്കുന്നത്. 

ഇഷ്ടം പോലെ സ്ക്രീൻ, സിനിമകളും

5 സ്ക്രീനുകളുള്ള മൾട്ടിപ്ലക്സ് ആണു നിർമിച്ചിരിക്കുന്നത്. 1155 സീറ്റുകളാണ് ആകെയുള്ളത്. 2കെ ആർജിബി+ലേസർ പ്രൊജക്ടറുകൾ, ത്രിഡി ഡിജിറ്റൽ സ്റ്റീരിയോസ്കോപിക് പ്രൊജക്‌ഷൻ, ഡോൾബി അറ്റ്മോസ് എച്ച്ഡി ഓഡിയോ എന്നിങ്ങനെ ഉന്നത നിലവാരത്തിലുള്ള സൗകര്യങ്ങളാണ് ഓരോ സ്ക്രീനിലുമുള്ളത്. കണ്ണിന് ഇമ്പം നൽകുന്ന പച്ച നിറത്തിലുള്ള കളർ തീം ആണ് അകത്ത് സജ്ജമാക്കിയിട്ടുള്ളത്. ഇതിനു പുറമേ വശങ്ങളിലുള്ള മനോഹരമായ നിർമിതകളാലും വ്യത്യസ്തമായ സിനിമാനുഭവമാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്. 

കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ട് രാജ്യത്തെ ജനങ്ങൾക്ക് ഏറ്റവും മികച്ച സിനിമ കാഴ്ചകൾ സമ്മാനിക്കുകയാണു ലക്ഷ്യമെന്ന് പിവിആർ സിനിമാസ് വൃത്തങ്ങൾ പറയുന്നു.  വിമാനം മാറിക്കയറുന്നതിനായി കാത്തിരിക്കുന്ന ട്രാൻസിറ്റ് യാത്രക്കാർക്കു വിമാനത്താവളത്തിൽ ലഭിക്കുന്ന സിനിമകളെക്കാൾ മറ്റൊരു നേരമ്പോക്കില്ലെന്നും അവർ പറയുന്നു.

വിമാനത്താവളം വേറെ ലെവൽ

വിമാനത്താവളത്തിൽ പോയി ഒരു സിനിമ കണ്ടാലോ? അല്ലെങ്കിൽ ഒരു ചായ കുടിച്ചാലോ? ഈ ചോദ്യങ്ങളിൽ ഒരു ഷോപ്പിങ് മാളിലേക്കോ ഹോട്ടലിലേക്കോ പോകുന്ന ലാഘവമുണ്ടെങ്കിലും അൽപം കൂടി കഴിഞ്ഞാൽ ഇതൊരു യാഥാർഥ്യമാകുമെന്നുറപ്പ്. വിമാന യാത്രക്കാർക്കു മാത്രം സ്വന്തമായിരുന്ന വിമാനത്താവളം ഇനി സിനിമ കാണാനും ചായ കുടിക്കാനും കൂടിയുള്ളതായി മാറുകയാണ്. യാത്രക്കാർക്കൊപ്പം മറ്റുള്ളവർക്കും ഇവിടെയുള്ള മൾട്ടിപ്ലക്സുകളിലെത്തി സിനിമ കാണാം. സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവർക്കും യാത്രയാക്കാൻ വരുന്നവർക്കും തങ്ങളുടെ ഒഴിവു സമയം ആനന്ദകരമാക്കുകയും ചെയ്യാം.

മെട്രോ റെയിൽ വിമാനത്താവളം വരെ നീട്ടിയതു മുതൽ വലിയ മാറ്റങ്ങളാണു സംഭവിച്ചിട്ടുള്ളത്. വിമാനത്താവളത്തിനകത്തേക്ക് എത്തുന്ന മെട്രോ പലർക്കും പുതിയ അനുഭവങ്ങളാണു സമ്മാനിക്കുന്നത്. ഇതുവരെ വിമാനത്തിൽ കയറാത്തവർക്കു ദൂരെ നിന്നു വിമാനത്താവളം കാണുന്നതിനു പകരം അതിനടുത്തേക്കു പരമാവധി എത്താനാകും. പലരും കുടുംബത്തോടെ വിമാനത്താവളം സ്റ്റേഷനിൽ ഇറങ്ങിയ ശേഷം കാഴ്ചകളെല്ലാം കണ്ട് ആസ്വദിക്കുന്നുണ്ട്. തുടർന്ന്, സമീപത്തുള്ള കന്റീനിലെത്തി ചായയും ഭക്ഷണവും കഴിച്ച ശേഷമാണു മിക്കവരും മടങ്ങുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com