ADVERTISEMENT

ചെന്നൈ ∙ നഗരത്തിന്റെ വ്യവസായ, ഗതാഗത മേഖലകളിൽ വൻ മുന്നേറ്റത്തിനു വഴിയൊരുക്കുമെന്നു പ്രതീക്ഷിക്കുന്ന തുറമുഖം–മധുരവയൽ ഡബിൾ ഡക്കർ മേൽപാതയ്ക്കു കേന്ദ്ര പരിസ്ഥിതി വിഭാഗത്തിന്റെ പച്ചക്കൊടി. മറ്റ് അനുമതികളെല്ലാം നേരത്തേ ലഭിച്ചിരുന്നതിനാൽ നിർമാണത്തിനുള്ള ഒരുക്കങ്ങൾ ഇനി വേഗത്തിലാകും മേൽപാത യാഥാർഥ്യമാകുന്നതോടെ തുറമുഖത്തിലേക്കുള്ള ചരക്കു ഗതാഗതം വർധിക്കുകയും കാലതാമസം ഒഴിവാകുകയും ചെയ്യും. ഇതോടെ നഗര വികസനത്തിലും സംസ്ഥാനത്തിന്റെ വളർച്ചയിലും വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്.

തടസ്സങ്ങൾ അകന്നു, ഇനി നിർമാണം

ചെന്നൈ തുറമുഖം മുതൽ മധുരവയൽ വരെ 20.6 കിലോമീറ്ററിലായാണ് എലിവേറ്റഡ് മേൽപാത നിർമിക്കുന്നത്. തുറമുഖത്തിലെ പത്താം നമ്പർ ഗേറ്റിൽ നിന്ന് ആരംഭിക്കുന്ന പാത കൂവം നദിക്കരയിലൂടെ കോയമ്പേടിലെത്തിയ ശേഷം ദേശീയ പാതയിലൂടെ മധുരവയലിൽ എത്തിച്ചേരും. കൂവം നദിക്കരയിലൂടെ കടന്നു പോകുന്നതിനാലാണു പരിസ്ഥിതി അനുമതി തേടിയത്. പദ്ധതിയുടെ രൂപരേഖയ്ക്കു റെയിൽവേയുടെ അനുമതിയും നേരത്തേ ലഭിച്ചിരുന്നു. ചിന്താദ്രിപെട്ട്, ചെപ്പോക് എംആർടിഎസ് റെയിൽവേ സ്റ്റേഷനുകൾക്കു മുകളിലൂടെ കടന്നു പോകുന്നതിനാലാണു റെയിൽവേയുടെ അനുമതി വേണ്ടിയിരുന്നത്.

ആവശ്യമായ അനുമതികളെല്ലാം ലഭിച്ചതോടെ മേൽപാത നിർമാണത്തിന് ദശാബ്ദങ്ങളായുള്ള കാത്തിരിപ്പിനു വിരാമമാകുമെന്നാണു കരുതുന്നത്. 2007ൽ ആണു തമിഴ്നാട് സർക്കാർ പദ്ധതിക്ക് അനുമതി നൽകിയത്. 2009ൽ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ് തറക്കല്ലിട്ടു. എന്നാൽ പരിസ്ഥിതി പ്രശ്നങ്ങളിൽ കുരുങ്ങി പദ്ധതി പാടേ നിലച്ചു. നിലവിൽ തടസ്സങ്ങളെല്ലാം അകന്നതോടെ ഏപ്രിലിലോ മേയിലോ നിർമാണം ആരംഭിച്ചേക്കും.

കാത്തിരിക്കുന്നത് വൻ വികസന സാധ്യതകൾ

പത്താം നമ്പർ തുറമുഖ ഗേറ്റിൽ നിന്ന് ആരംഭിക്കുന്ന 4 വരി മേൽപാതയുടെ കോയമ്പേട് ഗ്രേഡ് സെപ്പറേറ്റർ മുതൽ മധുരവയൽ വരെയുള്ള ഭാഗത്താണു ഡബിൾ ഡക്കർ രീതിയിൽ നിർമിക്കുക. മുകൾ നിലയിൽ തുറമുഖത്തിലേക്കും തിരിച്ചുമുള്ള വാഹനങ്ങളും താഴത്തെ ഭാഗത്ത് യാത്രാ വിമാനങ്ങളും കടത്തിവിടും. ശിവാനന്ദ ശാല, കോളജ് റോഡ് എന്നിവിടങ്ങളിൽ നിന്നു മേൽപാതയിലേക്കു പ്രവേശിക്കുന്നതിനുള്ള എൻട്രി റാംപുകളും കാമരാജർ ശാല, സ്പുർടാങ്ക് റോഡ് എന്നിവിടങ്ങളിൽ എക്സിറ്റ് റാംപുകളും ഉണ്ടാകും. 

മേൽപാത വരുന്നതോടെ നഗരത്തിലെ റോഡുകളിലെ വാഹനത്തിരക്കിനും വലിയ മോചനമുണ്ടാകും. പതിനായിരക്കണക്കിനു വാഹനങ്ങൾ തുടർ‍ച്ചയായി കടന്നു പോകുന്ന കോയമ്പേട്–മധുരവയൽ റൂട്ടിലും പൂനമല്ലി ഹൈറോഡിലും തിരക്കിൽ അൽപം കുറവുണ്ടാകും.  സംസ്ഥാനത്തിന്റെ വ്യവസായ വളർച്ചയിലും വലിയ മുന്നേറ്റങ്ങളാണു പ്രതീക്ഷിക്കുന്നത്. ചരക്കു ഗതാഗതത്തിനുള്ള കാലതാമസം ഒഴിവാകുന്നതോടെ കൂടുതൽ ചരക്കുകൾ കൈകാര്യം ചെയ്യാനുമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com