ADVERTISEMENT

ചെന്നൈ ∙ പ്രിയ ഗായികയ്ക്കു പത്മ പുരസ്കാരം ലഭിച്ചതിന്റെ ആഹ്ലാദം അടങ്ങും മുൻപേ വിടപറയേണ്ടി വന്നതിന്റെ വേദനയിലാണു നഗരവും കലാസ്നേഹികളും. സംഗീത പ്രേമികൾക്കു മാത്രമല്ല ചെന്നൈ നഗരത്തിലെ മുഴുവൻ പേരെയും ദുഃഖത്തിലാഴ്ത്തുന്നതാണ് വാണി ജയറാമിന്റെ അപ്രതീക്ഷിത വിയോഗം. വെല്ലൂരിൽ ജനിച്ച് ചെന്നൈയിൽ വളർന്ന വാണി ജയറാം എന്നും നഗരത്തിന്റെ മകളായിരുന്നു. പിതാവിനു ജോലി കൊൽക്കത്തയിലായിരുന്നെങ്കിലും മകളുടെ സംഗീത പഠനം ഇടമുറിയാതിരിക്കാൻ മദ്രാസ് കേന്ദ്രമാക്കിയായിരുന്നു കുടുംബത്തിന്റെ ജീവിതം. 

ക്വീൻ മേരീസ് കോളജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ ശേഷം സ്റ്റേറ്റ് ബാങ്കിൽ ഉദ്യോഗം വഹിച്ചപ്പോഴും ചെന്നൈ തന്നെയായിരുന്നു തട്ടകം. ഇക്കാലയളവിൽ കടലൂർ ശ്രീനിവാസ അയ്യങ്കാർ, ടി.ആർ.ബാലസുബ്രഹ്മണ്യം, ആർ.എസ്.മണി തുടങ്ങിയ പ്രമുഖർക്കു കീഴിൽ വാണി കർണാടക സംഗീതം അഭ്യസിച്ചു.വിവാഹ ശേഷമാണു മുംബൈ സ്വദേശിയായ ഭർത്താവിനൊപ്പം വാണി ജയറാം മദ്രാസ് വിടുന്നത്. രാജ്യമാകെ അറിയപ്പെടുന്ന പിന്നണിഗായികയായി മാറിയശേഷമാണ് പിന്നീട് നഗരത്തിലേക്ക് മടങ്ങിയെത്തിയത്.

ആരുമറിയാതെ ആ വേർ‌പാട്

ചെന്നൈ ∙ പത്മഭൂഷൺ പുരസ്കാര പ്രഖ്യാപനത്തെ തുടർന്ന് ഒരാഴ്ചയായി സന്തോഷം നിറഞ്ഞിരുന്ന ഫ്ലാറ്റിലാണ് ആരുമറിയാതെ പ്രിയഗായിക മരണത്തെ പുൽകിക്കിടന്നത്.  ഉച്ചകഴിഞ്ഞാണു ആ വേർപാട് നഗരമറിഞ്ഞത്. നെറ്റിയിൽ മുറിവുണ്ടായിരുന്നെന്ന് അറിഞ്ഞതോടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന തരം വാർത്തകൾ പ്രചരിച്ചു. നുങ്കമ്പാക്കം ഹാ‍ഡോസ് റോഡിലെ സി2 ഫ്ലാറ്റിനു മുന്നിൽ ഇതോടെ ആൾക്കൂട്ടമെത്തിയെങ്കിലും അതിനകം തന്നെ മൃതദേഹം ഓമന്തൂരാർ മൾട്ടി സ്പെഷ്യൽറ്റി ആശുപത്രി മോർച്ചറിയിലേക്കു മാറ്റിയിരുന്നു.

വീട്ടിലെ സഹായി മലർക്കൊടി ദിവസവും രാവിലെ 10ന് ശേഷമാണ് എത്തിയിരുന്നത്. പലതവണ വിളിച്ചിട്ടും കോളിങ് ബെൽ മുഴക്കിയിട്ടും പ്രതികരണം ഇല്ലാതായതോടെ വാണിയുടെ സഹോദരി ഉമയെ വിളിച്ചു വരുത്തി. തുടർന്നു പൊലീസെത്തിയാണു കതകു തുറന്നത്. കട്ടിലിൽ നിന്നു പാതി താഴേക്കു വീണ നിലയിൽ കിടന്നിരുന്ന വാണിയുടെ നെറ്റി പൊട്ടിയിരുന്നു. രാത്രി എഴുന്നേറ്റപ്പോൾ, മേശയിൽ തലയിടിച്ചു വീണാണ് പരുക്കേറ്റതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 

അസ്വാഭാവിക മരണത്തിനു കേസെടുത്തതിനാൽ ഫൊറൻസിക് വിദഗ്ധർ വീട്ടിലെത്തി െതളിവെടുത്തു. പോസ്റ്റ്മോർട്ടം പൂർത്തിയാക്കി രാത്രിയോടെ ഫ്ലാറ്റിലെത്തിച്ച ഭൗതിക ശരീരത്തിൽ തമിഴ്നാട് ഗവർണർ ആർ.എൻ.രവി അടക്കമുള്ള പ്രമുഖരും കെ.എസ്.ചിത്ര, സുജാത മോഹൻ, ശിവമണി, മനു ബാല തുടങ്ങിയ സംഗീത, സിനിമാ പ്രവർത്തകരും അന്തിമോപചാരമർപ്പിച്ചു. മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ അനുശോചിച്ചു.

പറന്നെത്തിയ ഓലഞ്ഞാലിക്കുരുവി

കൊച്ചി ∙ ‘സിനിമയിലെ രംഗങ്ങൾ 1980 പശ്ചാത്തലത്തിലുള്ളതാണ്. ആ കാലത്തിന്റെ സ്വരമാധുരി പാട്ടിലുണ്ടാകണം. ഗായകൻ ജയചന്ദ്രൻ മതി. ഗായിക വാണി ജയറാമിനെപ്പോലെ പാടുന്ന ഒരാൾ’ – തന്റെ ആദ്യ സിനിമയായ ‘1983’ലെ പാട്ടൊരുക്കങ്ങൾക്കിടെ സംവിധായകൻ എബ്രിഡ് ഷൈൻ സംഗീതസംവിധായകൻ ഗോപി സുന്ദറിനോടാവശ്യപ്പെട്ടത് ഇതായിരുന്നു. ‘വാണി ജയറാമിനെപ്പോലെ പാടുന്നത് വാണി ജയറാം മാത്രമാണ്. നമുക്ക് വാണിയമ്മയെത്തന്നെ വിളിക്കാം എന്നായി ഗോപി സുന്ദർ.’ 

ആ ഒറ്റവിളിയിൽ ഓലഞ്ഞാലിക്കുരുവി ഇളങ്കാറ്റുപോലെ ഇങ്ങുവന്നു. മലയാളത്തിൽ ഇടവേളയ്ക്കു ശേഷം വാണി ജയറാമിനു ഹിറ്റുകൾ നൽകിയ 2 സിനിമകളും എബ്രിഡ് ഷൈൻ സംവിധാനം ചെയ്തതാണ്. ഗോപി സുന്ദറിന്റെ സംഗീതത്തിൽ ‘ ഓല‍ഞ്ഞാലിക്കുരുവിയും’ ജെറി അമൽദേവിന്റെ ഈണത്തിൽ ആക്‌ഷൻ ഹീറോ ബിജുവിലെ ‘പൂക്കൾ പനിനീർപ്പൂക്കളും’.‘റിക്കോർഡിങ് സമയത്ത് വാണിയമ്മ ഒറ്റ ടേക്കിൽ പാടിത്തീർക്കുകയായിരുന്നു. ഈ ജനറേഷനിൽപോലും അങ്ങനെ പാടുന്നവർ വിരളമാണ്’– ഗോപി സുന്ദർ പറഞ്ഞു.

എനിക്ക് അമ്മയായിരുന്നു: മലർക്കൊടി, വീട്ടുസഹായി 

‘‘10 വർഷത്തോളമായി ഞാനിവിടെ ജോലി ചെയ്യുന്നു. എനിക്ക് അമ്മയെപ്പോലെയായിരുന്നു അവർ. മകളായിത്തന്നെയാണ് എന്നെയും കണ്ടത്. ജയറാം സാറും അമ്മയും തമ്മിലുള്ള സ്നേഹത്തിനും അടുപ്പത്തിനും സാക്ഷിയായിരുന്നു ഞാൻ. പുസ്തകം വായിക്കുമ്പോൾ ആരും ശല്യപ്പെടുത്തുന്നത് അമ്മയ്ക്ക് ഇഷ്ടമല്ലായിരുന്നു. ചില സമയങ്ങളിൽ ജയറാം സാറിന് ഇഷ്ടമുള്ള പാട്ടുകൾ മൂളുന്നതു കേൾക്കാം. കാര്യമായ ഒരു ആരോഗ്യപ്രശ്നവും ഉണ്ടായിരുന്നില്ല. പത്മഭൂഷൺ ലഭിച്ചപ്പോൾ അഭിനന്ദനങ്ങൾ അറിയിച്ചവരോടെല്ലാം നന്ദി പറയുന്ന ഫോൺ കോളുകളുടെ തിരക്കിലായിരുന്നു ഈയിടെ. എന്തൊക്കെയോ കുറേ കാര്യങ്ങൾക്കൂടി ചെയ്യണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് അമ്മ പോയത്.’’ 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com