ADVERTISEMENT

ചെന്നൈ ∙ ഇരുഭാഗത്തു നിന്നുമുള്ള സമ്മർദം ശക്തമായതോടെ ഈറോഡ് ഈസ്റ്റ് ഉപതിരഞ്ഞെടുപ്പിന്റെ മത്സരരംഗത്തു നിന്ന് അണ്ണാഡിഎംകെ പനീർസെൽവം വിഭാഗം പിൻമാറി. സ്ഥാനാർഥി ബി.സെന്തിൽ മുരുകനെ മത്സരത്തിൽ നിന്ന് പിൻവലിക്കാൻ തീരുമാനിച്ചതായി പാർട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചു. പനീർസെൽവത്തിന്റെ നേതൃത്വത്തിൽ അനുയായികളുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മുൻ മന്ത്രിയും ഒപിഎസ് വിഭാഗം ഡപ്യൂട്ടി കോ-ഓർഡിനേറ്ററുമായ കെ.പി.കൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്.

ആത്യന്തികമായി രണ്ടില ചിഹ്നത്തിന്റെ വിജയം ഉറപ്പാക്കാനാണു പിന്മാറ്റമെന്നു പാർട്ടി അവകാശപ്പെടുമ്പോഴും സഖ്യകക്ഷിയായ ബിജെപിയുടെ ഭാഗത്തു നിന്നുള്ള സമ്മർദവും എതിർവിഭാഗമായ എടപ്പാടി തിരഞ്ഞെടുപ്പു കമ്മിഷൻ വഴി നടത്തിയ നീക്കങ്ങളും ശക്തമാക്കിയതോടെയാണ് പിൻമാറിയതെന്നാണ്  വിലയിരുത്തൽ. സുപ്രീംകോടതി നിർദേശ പ്രകാരം,ജനറൽ കൗൺസിൽ അംഗങ്ങളുടെ അംഗീകാരത്തോടെ മുൻ എംഎൽഎ കെ. എസ്. തെന്നരസുവിനെ പാർട്ടി ഔദ്യോഗിക സ്ഥാനാർഥിയായി പ്രഖ്യാപിച്ച് രേഖകൾ തിരഞ്ഞെടുപ്പു കമ്മിഷനു കൈമാറി.

ഇതോടെ, രണ്ടില ചിഹ്നവും കിട്ടില്ലെന്ന് ഒപിഎസ് വിഭാഗത്തിന് ഉറപ്പായി. പിന്നാലെയാണു നാടകീയമായ പിൻമാറ്റം. അതേ സമയം, നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. 27നാണു വോട്ടെടുപ്പ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com