ADVERTISEMENT

ചെന്നൈ ∙ നഗരത്തിലെ പ്രധാന 7 ബീച്ചുകളുടെ ശുചിത്വ നിലവാരം സംബന്ധിച്ചു കോർപറേഷൻ വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ സർവേയിൽ  100ൽ 98.7 പോയിന്റ് നേടി ബസന്റ് നഗർ എലിയറ്റ്സ് ബീച്ച് ഒന്നാം സ്ഥാനത്ത്. 98.1 പോയിന്റുമായി മറീന രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. തിരുവാൺമിയൂർ (92.2), തിരുവൊട്ടിയൂർ (91), പാലവാക്കം (81.3), അക്കര (73.6), നീലാങ്കര (71.6) എന്നിങ്ങനെയാണ് മറ്റു ബീച്ചുകളുടെ ശുചിത്വ നിലവാരം. കടകളിൽ മാലിന്യങ്ങൾ തരം തിരിക്കാത്തതാണ് മറീന ബീച്ചിന്റെ ശുചിത്വനിലവാരത്തെ ബാധിച്ചത്. മറീനയിലെ 200ൽ ‍കൂടുതൽ കടകൾ മാലിന്യം തരംതിരിക്കൽ ഇനിയും തുടങ്ങിയിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. 

പരിപാലനമില്ലാതെ ഇസിആർ ബീച്ചുകൾ 

ഈസ്റ്റ് കോസ്റ്റ് റോഡിനോടു (ഇസിആർ) ചേർന്നു സ്ഥിതി ചെയ്യുന്ന ബീച്ചുകളുടെ പരിപാലനം ശരിയായി നടക്കുന്നില്ലെന്നാണ് സർവേയിലെ കണ്ടെത്തൽ. തിരുവാൺമിയൂർ ‍ബീച്ചിന്റെ ശുചീകരണം ഏറ്റെടുത്തിട്ടുള്ള ഏജൻസി ഇവിടെ മണൽ ശുചീകരിക്കുന്നതിനുള്ള യന്ത്രങ്ങൾ ഏർപ്പെടുത്തിയിട്ടില്ല.

പാലവാക്കം, നീലാങ്കര, അക്കര ബീച്ചുകളിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ജീവനക്കാരുമില്ല. ശുചീകരണ തൊഴിലാളികളുടെ എണ്ണത്തിൽ 0 പോയിന്റാണ്  ഈ രണ്ടു ബീച്ചുകളും നേടിയത്. ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരോട് വിശദീകരണം തേടുമെന്ന് അധികൃതർ പറഞ്ഞു.

മലിനമാക്കി വിസർജ്യം

മലമൂത്ര വിസർജനമാണ് പാലവാക്കം, നീലാങ്കര, അക്കര ബീച്ചുകളെ മലിനമാക്കുന്നതെന്ന് പ്രദേശവാസികൾ. ഇതു തടയാൻ കർശന നടപടികളുണ്ടാകണം. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യമുയർന്നു. ഇസിആറിൽ നിയന്ത്രണമില്ലാതെ പ്രവർത്തിക്കുന്ന കടകളും ബീച്ചുകൾ  വൃത്തികേടാക്കുന്നതിൽ പങ്കു വഹിക്കുന്നുണ്ട്. മറീന, ബസന്റ് നഗർ തുടങ്ങിയ ബീച്ചുകളിലെ കടകളുടെയും കച്ചവവടക്കാരുടെയും എണ്ണത്തിൽ നിയന്ത്രണങ്ങളും രേഖകളുമുണ്ട്. എന്നാൽ ഇസിആറിലെ ബീച്ചുകളിൽ കച്ചവടക്കാരെ സംബന്ധിച്ച രേഖകളില്ലെന്ന് നാട്ടുകാർ പറയുന്നു. 

ശുചീകരണം വിലയിരുത്തും

7 ബീച്ചുകളിലെയും ശുചീകരണ പ്രവർത്തനങ്ങൾ വിലയിരുത്താൻ കോർപറേഷൻ പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ബീച്ചുകളുടെ ശുചീകരണം സംബന്ധിച്ച് രണ്ടാഴ്ച കൂടുമ്പോൾ അവലോകന യോഗങ്ങൾ നടത്തുന്നുണ്ട്. പൊതു ശുചിത്വ നിലവാരം, ചവറ്റുകുട്ടകളുടെ പരിപാലനം, പിഴ ഈടാക്കൽ, ശുചീകരണ തൊഴിലാളികളുടെ ഹാജർ തുടങ്ങിയവയാണ് പരിശോധിക്കുക. മികച്ച പ്രകടനം നടത്തുന്ന പ്രദേശങ്ങളുടെ മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥർക്ക് പുരസ്കാരങ്ങളും നൽകും.  അഡയാർ, കൂവം, കൊസത്തലയാർ നദികളിലും ബക്കിങാം കനാലിലും നിന്നുള്ള മാലിന്യങ്ങളും ബീച്ചുകളെ  വൃത്തികേടാക്കുന്നെന്നും പരാതിയുണ്ട്. ഇതു തടയാൻ കോ‍ർപറേഷൻ നടപടിയെടുക്കണമെന്നാണ് നഗരവാസികളുടെ ആവശ്യം. 

ബസന്റ് നഗർ സൂപ്പറാ, കാരണങ്ങളേറെ 

കോർപറേഷന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്ന നഗരത്തിലെ 7 ബീച്ചുകളിൽ ഏറ്റവും നന്നായി പരിപാലിക്കപ്പെടുന്നത് എലിയറ്റ്സ് ബീച്ചാണ്. ശുചീകരണ തൊഴിലാളികളുടെ പ്രവർത്തനങ്ങൾ, മണൽ ശുചീകരിക്കാൻ ഉപയോഗിക്കുന്ന യന്ത്രങ്ങളുടെ എണ്ണം, പൊതു ശുചിമുറികളുടെ വൃത്തി, സർവീസ് റോഡുകളുടെ അവസ്ഥ, മാലിന്യങ്ങളുടെ കുന്നുകൂടൽ, ചവറ്റുകുട്ടകളുടെ എണ്ണം തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ മറീനയും എലിയറ്റ്സ് ബീച്ചും ഒപ്പത്തിനൊപ്പം നിന്നപ്പോൾ ശുചീകരണ തൊഴിലാളികളുടെ എണ്ണത്തിലും കടകളിലെ മാലിന്യങ്ങൾ തരം തിരിക്കുന്നതിലും എലിയറ്റ്സ് ബീച്ച് മുന്നിലെത്തി.

ബസന്റ് നഗറിൽ ആകെയുള്ള 336 കടകളും മാലിന്യങ്ങൾ തരം തിരിച്ചാണ് ശുചീകരണ തൊഴിലാളികൾക്കു കൈമാറുന്നത്. മാലിന്യങ്ങൾ മണലിൽ തള്ളുന്നതും ഇല്ലാതായി.പ്ലാസ്റ്റിക് മാലിന്യങ്ങൾ മൂലം കടലിലെ ആവാസ വ്യവസ്ഥയ്ക്കു സംഭവിക്കുന്ന ദോഷങ്ങൾ സംബന്ധിച്ച് കടക്കാർക്കായി കോർപറേഷൻ നടത്തിയ ബോധവൽക്കരണം ശുചിത്വത്തിൽ മുന്നേറാൻ ബസന്റ് നഗറിനു സഹായമായി. അടിച്ചുവാരാൻ കൂടുതൽ ജോലിക്കാരെ നിയോഗിച്ചതും പരിസര പ്രദേശങ്ങളിലെ വീടുകളിലെത്തി മാലിന്യ സംഭരണം നടത്തുന്നതും പൊതു ശുചിമുറികൾ വൃത്തിയായി സംരക്ഷിക്കുന്നതും എലിയറ്റ്സ് ബീച്ച് സർവേയിൽ മുന്നിലെത്താൻ കാരണമായി. 

 

മാലിന്യം വലിച്ചെറിയരുത് 

മറീനയിൽ എത്തുന്ന സന്ദർശകർ ഭക്ഷണം കഴിക്കുന്നതിന്റെ അവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും കടൽത്തീരത്ത് ഉപേക്ഷിക്കാറുണ്ട്. ഇതൊഴിവാക്കാൻ സന്ദർശകരും ശ്രദ്ധിക്കണം. മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കെതിരെ നടപടികൾ സ്വീകരിക്കാൻ ആരംഭിച്ചാൽ ഇതിന് ഒരളവു വരെ കുറവുണ്ടാകും. 

കെ.ശിവകുമാർ, ട്രിപ്ലിക്കേൻ

വിസർജിക്കരുത് 

പാലവാക്കത്തെ കടൽത്തീരത്ത് പുലർച്ചെ മലമൂത്ര വിസർജനം ചെയ്യുന്നവരെ കാണാം. ഈ അവസ്ഥയ്ക്കു പരിഹാരമുണ്ടാക്കാൻ അധികൃതരുടെ ഭാഗത്തു നിന്ന് കർശന നടപടികളുണ്ടാകണം.

 റീജ കുമാർ, പാലവാക്കം

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com