ചെന്നൈ ∙ പൊതുഖജനാവിൽ നിന്നുള്ള പണം ചെലവഴിച്ച് മെഡിക്കൽ വിദ്യാഭ്യാസം നേടുന്നവർക്ക് 2 വർഷം സർക്കാർ ആശുപത്രികളിൽ നിർബന്ധ സേവനമനുഷ്ഠിക്കണമെന്ന നിബന്ധനയോട് മുഖം തിരിക്കാൻ അവകാശമില്ലെന്ന് ഹൈക്കോടതി. പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ജോലിചെയ്യാൻ കഴിയില്ലെന്ന് വാശിപിടിക്കരുത്. വിവിധ പിഎച്ച്‌സികളിൽ നിയമിച്ചതിനെതിരെ 19 ഡോക്ടർമാർ നൽകിയ റിട്ട് ഹർജികൾ തള്ളിയാണ് ജസ്റ്റിസ് എൻ.ആനന്ദ് വെങ്കിടേഷിന്റെ ഉത്തരവ്.
എല്ലാ സൗകര്യങ്ങളുമുള്ള ആശുപത്രികളിൽ മാത്രമേ ജോലി ചെയ്യൂ എന്ന നിലപാട് പാടില്ല. പിജി ഡോക്ടർമാരുടെ വിദ്യാഭ്യാസത്തിന് സർക്കാർ ധാരാളം പണം ചെലവഴിച്ചിട്ടുണ്ടെന്നിരിക്കെ അവർക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെത്തി സൗകര്യങ്ങൾ നവീകരിക്കുന്നതിന് ക്രിയാത്മക നിർദേശങ്ങൾ സർക്കാരിനു നൽകാമെന്നും പറഞ്ഞു.ബോണ്ട് കാലയളവിൽ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ പാവപ്പെട്ടവർക്ക് സേവനം നൽകേണ്ടത് ഡോക്ടർമാരുടെ കടമയും നിയമപരമായ ബാധ്യതയുമാണ്. ഈ കാലയളവിലും പ്രതിഫലം നൽകുന്നുണ്ട്. അതിനാൽ, പിഎച്ച്‌സികളിൽ നിയമിക്കുന്നതിനെ എതിർക്കാനാകില്ല– കോടതി വ്യക്തമാക്കി.