ADVERTISEMENT

ചെന്നൈ ∙ സുന്ദരനഗരമാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾക്കു വേഗം കൂട്ടാൻ കോർപറേഷൻ തീരുമാനം. സിങ്കാര ചെന്നൈ 2.0 പദ്ധതിയുടെ ഭാഗമായി 1.64 കോടി രൂപ ചെലവിട്ട് 5 പാലങ്ങളുടെ സൗന്ദര്യവൽക്കരണം പൂർത്തിയാക്കി. 6 മേൽപാതകളിൽ പെയിന്റിങ്, ചെടി നടീൽ, ജലധാര നിർമാണം തുടങ്ങിയവ പുരോഗമിക്കുകയാണ്. മഴക്കാലത്തിനു മുന്നോടിയായി വെള്ളക്കെട്ട് നീക്കാനുള്ള പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ മന്ദഗതിയിലായ സൗന്ദര്യവൽക്കരണം വേഗത്തിലാക്കാനാണ് കോർപറേഷന്റെ ശ്രമം.

സുന്ദരമാകും പാതകളും പാലങ്ങളും

14 മേൽപാതകൾക്കും 12 റെയിൽവേ മേൽപാലങ്ങൾക്കും പുറമേ 18 അടിപ്പാതകളും കാൽനടയാത്രക്കാർക്കുള്ള  5 പ്രത്യേക അടിപ്പാതകളും (സബ്‌വേ) 234 മേൽപാതകളുമാണ് കോർപറേഷന്റെ നിയന്ത്രണത്തിലുള്ളത്. ഇവയിലെല്ലാം സൗന്ദര്യവൽക്കരണം ഘട്ടം ഘട്ടമായി പൂർത്തിയാക്കുകയാണ് ലക്ഷ്യം. പദ്ധതിക്കായി 25 കോടി രൂപ മാറ്റിവച്ചു. കോയമ്പേട്, മധുരവയൽ ബൈപാസ് മേൽപാതകൾ, എംആർടിഎസ് പാതയുടെ ആദംപാക്കം സ്റ്റേഷൻ മുതൽ തില്ലൈഗംഗാനഗർ വരെയുള്ള ഭാഗങ്ങൾ എന്നിവിടങ്ങളിൽ 73 ലക്ഷം രൂപ ചെലവിലാണ് സൗന്ദര്യവൽക്കരണം പൂർത്തിയാക്കിയത്. 

അഡയാർ സോണിൽ ‍വേളാച്ചേരി എംആർടിഎസ് സ്റ്റേഷൻ മുതൽ പുഴുതിവാക്കം സ്റ്റേഷൻ വരെയും ഇതിന്റെ തുടർച്ചയായി ആദംപാക്കം വരെയും പ്രവർത്തനങ്ങൾ പൂർത്തിയായി. എഗ്‌മൂർ പാന്ത്യൻ റോഡ്, നോർത്ത് ഉസ്മാൻ റോഡ്, ജിഎൻ ചെട്ടി റോഡിലെ കലൈവാണർ തുടങ്ങിയ സ്ഥലങ്ങളിൽ സൗന്ദര്യവൽക്കരണം പുരോഗമിക്കുകയാണ്. 

സൗകര്യങ്ങൾ കൂട്ടി വിക്ടോറിയ ഹാൾ

നവീകരണ പ്രവർത്തനങ്ങൾ‌ പൂർത്തിയാക്കി വിക്ടോറിയ ഹാൾ ഉടൻ തുറക്കും. 32 കോടി ചെലവു പ്രതീക്ഷിക്കുന്ന പ്രവർത്തനങ്ങളുടെ ടെൻഡർ നടപടികൾ ആരംഭിച്ചു. വിക്ടോറിയ ഹാൾ കൂടി സജ്ജമാകുന്നതോടെ നഗരത്തിലെ പ്രധാന ആകർഷണ കേന്ദ്രങ്ങളിൽ ഒന്നായി സെൻട്രൽ ‍സ്ക്വയർ മാറും. 

താഴത്തെ നിലയിൽ ചെന്നൈയുടെ ചരിത്രമടങ്ങുന്ന മ്യൂസിയം രാജ്യാന്തര നിലവാരത്തിൽ ആധുനിക ദൃശ്യ സാങ്കേതിക വിദ്യകളുൾപ്പെടുത്തി നിർമിക്കും. പരമ്പരാഗത ഭക്ഷ്യ വിഭവങ്ങൾ വിളമ്പുന്ന കഫെറ്റീരിയ, സാംസ്കാരിക പരിപാടികൾക്കുള്ള ഹാൾ എന്നിവ സജ്ജമാക്കും. കെട്ടിടത്തിനു ബലക്ഷയം സംഭവിച്ചിട്ടുണ്ടെന്നും ഇതു പരിഹരിക്കാനുള്ള നടപടികൾ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമാണെന്നും അധികൃതർ പറഞ്ഞു. 

നഗരപാതകളിൽ എൽഇഡി വെളിച്ചം

ശാരീരിക പരിമിതി ഉള്ളവർക്കായി ബസന്റ് നഗർ എലിയറ്റ്സ് ബീച്ചിൽ റാംപ് നിർമിക്കാനും പദ്ധതിയുണ്ട്. കഴിഞ്ഞ വർഷം മറീനയിൽ നിർമിച്ച റാംപ് മാൻഡോസ് കൊടുങ്കാറ്റിൽ തകർന്നിരുന്നു.150 പാർക്കുകളും അത്ര തന്നെ കളിസ്ഥലങ്ങളും നവീകരിക്കാനുള്ള പ്രവർത്തനങ്ങളും വർഷാവസാനത്തോടെ പൂർത്തിയാക്കും. നഗരപാതകളെ രാത്രികൂടുതൽ സുരക്ഷിതമാക്കാൻ 7000 എൽഇഡി ലൈറ്റുകൾ സ്ഥാപിക്കാനും പദ്ധതിയുണ്ട്. അപകടസാധ്യത കൂടുതലുള്ളതെന്ന് പൊലീസ് കണ്ടെത്തിയ 696 ഡാർക് സ്പോട്ടുകളിൽ കൂടുതലായി 800 തൂണുകൾ സ്ഥാപിച്ച് ലൈറ്റുകൾ സ്ഥാപിക്കും.

എലിഫന്റ് ഗേറ്റ് മേൽപാലം ഓഗസ്റ്റിൽ സജ്ജമാകും

ചെന്നൈ ∙ റെയിൽവേയും ചെന്നൈ കോർപറേഷനും ചേർന്ന് നിർമിക്കുന്ന എലിഫന്റ് ഗേറ്റ് റെയിൽവേ മേൽപാലം ഓഗസ്റ്റിൽ പൂർത്തിയാകും. നോർത്ത് ചെന്നൈയ്ക്കും ചെന്നൈ സെൻട്രലിനും ഇടയിലെ പ്രധാന ലെവൽ ക്രോസായിരുന്ന എലിഫന്റ് ഗേറ്റിൽ 2019ൽ ആരംഭിച്ച പാലം നിർമാണം ലോക്ഡൗണും മറ്റു സാങ്കേതിക കാരണങ്ങളും മൂലം വൈകുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com