ADVERTISEMENT

ചെന്നൈ ∙ വാട്ടർ സ്പോർട്സ്, ബോട്ടിങ്, സൈക്കിൾ പാത എന്നിവയടക്കം നവീന സൗകര്യങ്ങളോടെ തടാകങ്ങൾ വികസിപ്പിക്കാൻ കോർപറേഷന്റെ പദ്ധതി. നഗരത്തിലെ തടാകങ്ങളെല്ലാം മികച്ചതാക്കി വിനോദ സഞ്ചാരികളെ ആകർഷിക്കുകയാണു ലക്ഷ്യം. ഇതിനായി 100 കോടി രൂപ ചെലവിൽ ലേക്ക് ഫ്രണ്ട് വികസന പദ്ധതി നടപ്പാക്കാൻ കോർപറേഷൻ തീരുമാനിച്ചു. തടാകങ്ങളിലെ കയ്യേറ്റം ഒഴിപ്പിക്കലിനും ഇത് വേഗം കൂട്ടും.

ബോട്ടിൽ പോകാം, സൈക്കിൾ ചവിട്ടാം...

നഗരത്തിൽ ജലാശയങ്ങൾ ഏറെയുണ്ടെങ്കിലും പലതിലും മാലിന്യം നിറഞ്ഞ സ്ഥിതിയാണ്. ഈ പ്രശ്നങ്ങളകറ്റി മനോഹരമായ ജലാശയങ്ങളാക്കി മാറ്റുകയാണു ലേക്ക് ഫ്രണ്ട് വികസന പദ്ധതിയുടെ ലക്ഷ്യം.

10 തടാകങ്ങൾ ആദ്യ ഘട്ടത്തിൽ നവീകരിക്കും. പെരുമ്പാക്കം, റേട്ടേരി, മുടിച്ചൂർ, മാദമ്പാക്കം, സെമ്പാക്കം, വേളാച്ചേരി, ആദംപാക്കം, അയനമ്പാക്കം, കൊളത്തൂർ, പുഴൽ എന്നിവിടങ്ങളിലുള്ള തടാകങ്ങളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. തടാകത്തിനു ചുറ്റും നടപ്പാത, സൈക്കിൾ പാത, സൈക്കിൾ വാടക സ്റ്റേഷൻ, ഔട്ഡോർ ജിംനേഷ്യം, പൂന്തോട്ടം, പാർക്കിങ് സ്ഥലം എന്നിവ സ്ഥാപിക്കും. കുട്ടികളുടെ കളിസ്ഥലം, ഔട്ഡോർ തിയറ്റർ, വാട്ടർ സ്പോർട്സ്, ഫിഷിങ് സ്പോട്ട്, പക്ഷി നിരീക്ഷണ കേന്ദ്രം എന്നിവയും ഉണ്ടാകും. 

മികച്ച ആസൂത്രണത്തോടെ പദ്ധതി വിജയകരമായി നടപ്പാക്കാമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ബോട്ടിങ്, അക്വേറിയം അടക്കമുള്ള ചെത്പെട്ടിലുള്ള ഇക്കോ പാർക്ക് പോലെ മറ്റു തടാകങ്ങളും വികസിപ്പിക്കും.

ബക്കിങ്ങാം കനാൽ കയ്യേറ്റം അടുത്തമാസം ഒഴിപ്പിക്കും

ചെന്നൈ ∙ ബക്കിങ്ങാം കനാൽ വീണ്ടെടുക്കാനുള്ള ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പരിസരങ്ങളിലെ കയ്യേറ്റം ഏപ്രിൽ മുതൽ ഘട്ടംഘട്ടമായി ഒഴിപ്പിക്കും. ആദ്യഘട്ടത്തിൽ ശിവാനന്ദ ശാല മുതൽ ഡോ. രാധാകൃഷ്ണൻ റോഡ് വരെയുള്ള 2.7 കിലോമീറ്റർ ഭാഗത്തെ 1200 വീടുകളും കടകളും ഒഴിപ്പിക്കും. മൊത്തം 5,000ലേറെ വീടുകളും കടകളുമാണ് ഒഴിപ്പിക്കുക. ഇതു പൂർത്തിയായശേഷം മണ്ണും ചെളിയും നീക്കൽ, വേലി കെട്ടൽ, ചുറ്റുമതിൽ നിർമാണം എന്നിവ നടപ്പാക്കും. സമീപത്തു പച്ചപ്പ് വർധിപ്പിക്കുന്നതിന് വൃക്ഷത്തൈകൾ നടും.

ഒഴിപ്പിക്കുന്നവരെ തമിഴ്നാട് അർബൻ ഹാബിറ്റാറ്റ് ഡവലപ്മെന്റിനു കീഴിലുള്ള പ്രദേശത്ത് പുനരധിവസിപ്പിക്കും. ഇവർക്കു മാറിത്താമസിക്കാൻ താൽപര്യമുള്ള സ്ഥലങ്ങളെക്കുറിച്ച് അഭിപ്രായം തേടുമെന്നും അധികൃതർ സൂചിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com