ചെന്നൈ ∙ ദക്ഷിണേന്ത്യയിലെ മൂന്നാമത്തെ വന്ദേഭാരത് സർവീസ് ചെന്നൈ – കോയമ്പത്തൂർ റൂട്ടിൽ ഏപ്രിൽ 8 മുതൽ ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്യും. പുതിയ സർവീസ് വരുന്നതോടെ ചെന്നൈ – കോയമ്പത്തൂർ യാത്രാസമയം 2 മണിക്കൂർ കുറയുമെന്നാണ് പ്രതീക്ഷ.
ഇന്റർസിറ്റി, ശതാബ്ദി എക്‌സ്പ്രസ് ട്രെയിനുകൾക്ക് മുൻപ് വന്ദേഭാരത് രാവിലെ ചെന്നൈയിൽ നിന്ന് പുറപ്പെട്ട് ഉച്ചയോടെ കോയമ്പത്തൂരിലെത്തും വിധത്തിലാകും സർവീസ്. കാട്പാടി, സേലം, ഈറോഡ്, തിരുപ്പൂർ സ്റ്റേഷനുകളിൽ മാത്രമാകും സ്റ്റോപ്പ് എന്നാണു പ്രാഥമിക വിവരം. പുതിയ സർവീസ് ഏതൊക്കെ ദിവസം, പരമാവധി വേഗം ഉൾപ്പെടെയുള്ള വിവരങ്ങൾ ഉടൻ റെയിൽവേ പുറത്തു വിടും. കൂടാതെ തിരുതറപൂണ്ടി-അഗസ്ത്യമ്പള്ളിക്ക് ഇടയിലുള്ള 37 കിലോമീറ്റർ ബ്രോഡ് ഗേജ് റെയിൽ പാതയും താംബരം – ചെങ്കോട്ട സർവീസും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ആഴ്ചയിൽ 3 ദിവസമാണു താംബരം – ചെങ്കോട്ട സർവീസ്.
വന്ദേഭാരത് നീളുമോ പാലക്കാട്ടേക്ക്
വന്ദേഭാരതിനായുള്ള കേരളത്തിന്റെ കാത്തിരിപ്പു നീളുന്നതിനിടെ ചെന്നൈ – കോയമ്പത്തൂർ സർവീസ് പാലക്കാട്ടേക്ക് നീട്ടുമെന്ന പ്രതീക്ഷയിൽ മലയാളി യാത്രക്കാർ. പകൽ അതിവേഗം പാലക്കാട് വരെയെത്തുന്ന സർവീസ് ആരംഭിച്ചാൽ തന്നെ യാത്രാക്ലേശം ഒരു പരിധി വരെ കുറയ്ക്കാമെന്നും മലയാളികൾ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ഷൊർണൂരിലേക്കോ തൃശൂരിലേക്കോ വരെ നീട്ടാനായാൽ കേരളത്തിന്റെ ഇരു മേഖലകളിലുള്ള യാത്രക്കാർക്ക് ഒരേപോലെ ഗുണം ചെയ്യുമെന്നും യാത്രക്കാർ പറയുന്നു.