ചെന്നൈ ∙ ഇന്നലെ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ റമസാൻ നോമ്പുകാലം നാളെ തുടങ്ങുമെന്ന് ഡപ്യൂട്ടി ചീഫ് ഖാസി മുഹമ്മദ് അക്ബർ അറിയിച്ചു.വീടുകളിലും പള്ളികളിലും വിശ്വാസികൾ പ്രാർഥനകളിൽ മുഴുകും. മലബാർ മുസ്‌ലിം അസോസിയേഷന്റെ പള്ളിയിലും മറ്റു പള്ളികളിലും നമസ്കാരത്തിന് സൗകര്യമുണ്ടാകും. നഗരത്തിൽ നോമ്പ് കഞ്ഞി വിതരണം നാളെ ആരംഭിക്കും. വൈകിട്ടത്തെ കഞ്ഞിയോടെ ആരംഭിക്കുന്ന നോമ്പുതുറയ്ക്ക് പള്ളികളിൽ തിരക്ക് അനുഭവപ്പെടും.
നോമ്പുകാല വിഭവങ്ങളുമായി നഗരത്തിലെ ഹോട്ടലുകളും മറ്റും സജീവമാകും. മലയാളി ഹോട്ടലുകളിലും ബേക്കറികളിലും എല്ലാ വർഷവും പ്രത്യേക റമസാൻ വിഭവങ്ങൾ ഒരുക്കാറുണ്ട്. മലയാളികളുടെ കൂട്ടായ്മയിൽ റമസാൻ കിറ്റ് വിതരണം അടക്കമുള്ള പ്രവർത്തനം ഇത്തവണയുമുണ്ടാകും.
മലബാർ മുസ്‌ലിം അസോസിയേഷൻ അണ്ണാ നഗർ ശാഖയുടെ നേതൃത്വത്തിൽ 150 കുടുംബങ്ങൾക്ക് റമസാൻ കിറ്റ് വിതരണം ചെയ്തു. പ്രസിഡന്റ് എം.കെ.നിസാർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഹുസൈൻ ബാപ്പു പ്രസംഗിച്ചു.