ADVERTISEMENT

ചെന്നൈ ∙ ദീർഘദൂര എസ്ഇടിസി ബസുകളിൽ മാസത്തിൽ 5 തവണയിലധികം യാത്ര ചെയ്യുന്നവർക്ക് 50 ശതമാനം നിരക്കിളവ് പ്രഖ്യാപിച്ച് ഗതാഗത വകുപ്പ്. ഇതര സംസ്ഥാനങ്ങളിലേക്ക് അടക്കം സർവീസ് നടത്തുന്ന ബസുകളിൽ ആനുകൂല്യം ലഭിക്കും. എസ്ഇടിസി ബസുകളിൽ കൂടുതൽ യാത്രക്കാരെ ആകർഷിക്കുന്നതിനും സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിനുമാണിത്.

സംസ്ഥാനാന്തര യാത്രകൾക്കും ആനുകൂല്യം

കൂടുതൽ യാത്ര ചെയ്യുംതോറും കുറഞ്ഞ നിരക്ക് നൽകുന്ന വമ്പൻ ഓഫറാണ് ഗതാഗത വകുപ്പ് നൽകുന്നത്.  എല്ലാ  എസ്ഇടിസി ബസുകളിലും ഇതു നടപ്പാക്കുമെന്ന് അറിയിച്ചതിനാൽ ഇതര ജില്ലകളിലേക്കും സംസ്ഥാനങ്ങളിലേക്കുമുള്ള ബസുകളിലും ആനുകൂല്യം ലഭിക്കും. ജോലിക്കും മറ്റുമായി വീടുവിട്ടു താമസിക്കുന്ന ഒട്ടേറെ പേർ മിക്ക ആഴ്ചകളിലും വീട്ടിൽ പോയിവരാറുണ്ട്. ജോലി ആവശ്യങ്ങൾക്കായും പലരും ബസുകളിൽ ഇടയ്ക്കിടെ യാത്ര ചെയ്യാറുണ്ട്. നിരക്കിളവ് ഇത്തരം യാത്രക്കാർക്കു ഗുണം ചെയ്യും.

വനിതകൾക്ക് സീറ്റ്  നീക്കിവയ്ക്കും

വനിതാ യാത്രക്കാരുടെ എണ്ണം വർധിപ്പിക്കുന്നതിനാണ് 4 സീറ്റുകൾ നീക്കിവയ്ക്കുന്നത്. യാത്ര പുറപ്പെടുന്നതിന് 24 മണിക്കൂർ മുൻപു വരെ ഈ സീറ്റുകൾ ബുക്കിങ്ങിനു ലഭ്യമായിരിക്കും. സുരക്ഷ വർധിക്കുന്നതോടെ വനിതാ യാത്രക്കാരുടെ എണ്ണം കൂടുമെന്നാണ് പ്രതീക്ഷ. സർക്കാരിന്റെ പുതിയ പദ്ധതികൾ മലയാളികൾക്കും ഗുണകരമാകും. ചെന്നൈയിൽ നിന്ന് ഇതര ജില്ലകളിലേക്കും ബെംഗളൂരുവിലേക്കും ഒട്ടേറെ പേർ എസ്ഇടിസി ബസുകളിൽ യാത്ര ചെയ്യാറുണ്ട്. കേരളത്തിൽ ചിലയിടങ്ങളിലേക്കു സർവീസുമുണ്ട്. പുതിയ തീരുമാനം മലയാളികൾ അടക്കമുള്ള യാത്രക്കാരുടെ എണ്ണം കൂട്ടും. 

ഡ്രൈവിങ് വ്യവസ്ഥകളിൽ ഇളവ്; 42 സേവനങ്ങൾ ഓൺലൈനിൽ 

ചെന്നൈ ∙ ടാക്സി, ഓട്ടോ, മിനിവാൻ, മറ്റു ചെറുവാഹനങ്ങൾ എന്നിവ ഓടിക്കുന്നതിന് കമേഴ്സ്യൽ ബാഡ്ജ് വേണമെന്ന നിബന്ധന ഒഴിവാക്കി. സാധാരണ ലൈസൻസ് ഉള്ളവർക്കും ഇനി ഇവ ഓടിക്കാം. ഡ്രൈവർമാരുടെ കുറവ് പരിഹരിക്കുന്നതിനും ആർടി ഓഫിസുകളിലെ തിരക്ക് കുറയ്ക്കുന്നതിനുമാണ് ഈ തീരുമാനം. നിലവിൽ 3 വർഷം കൂടുമ്പോഴാണു ബാഡ്ജ് പുതുക്കേണ്ടത്. ഡ്രൈവിങ് സ്കൂളുകൾ വഴിയാണു മിക്കവരും പുതുക്കുന്നത്. ഇത് അഴിമതിക്കു കാരണമാകുന്നെന്ന് ഗതാഗത വകുപ്പ് അധികൃതർ പറയുന്നു. ഡ്രൈവിങ് ലൈസൻസ്, ആർസി എന്നിവയിൽ മാറ്റങ്ങൾ വരുത്തുന്നതടക്കം വാഹന സംബന്ധമായ 42 സേവനങ്ങൾ ഓൺലൈനായി അപേക്ഷിക്കാമെന്നും ഗതാഗത വകുപ്പ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com