ADVERTISEMENT

ചെന്നൈ ∙ നിക്ഷേപത്തിന് ഇരട്ടിത്തുക വാഗ്ദാനം ചെയ്ത് സമൂഹമാധ്യമമായ ടെലിഗ്രാം വഴിയുള്ള പുതിയ സാമ്പത്തിക തട്ടിപ്പ് സംസ്ഥാനത്ത് വ്യാപകമാകുന്നു. കെണിയിൽ കുരുങ്ങി പലർക്കും പണം നഷ്ടപ്പെട്ടതായാണു വിവരം. തട്ടിപ്പിൽ വീഴരുതെന്നും ജാഗ്രത വേണമെന്നുമുള്ള മുന്നറിയിപ്പുമായി സംസ്ഥാന പൊലീസ് മേധാവി സി.ശൈലേന്ദ്രബാബു തന്നെ നേരിട്ടു രംഗത്തെത്തി. തട്ടിപ്പിന്റെ രൂപവും അപകടവും വിശദമായി വ്യക്തമാക്കുന്ന വിഡിയോയും പുറത്തുവിട്ടു. കുട്ടികൾ മുതൽ മുതിർന്നവർ വരെ സാമൂഹിക മാധ്യമങ്ങളിൽ സജീവമായതിനാൽ കൂടുതൽ പേരെ ലക്ഷ്യമിട്ട് തട്ടിപ്പുസംഘം വലവിരിച്ചതായാണു സൂചന.

∙ വാട്സാപ് മുതൽ  ടെലിഗ്രാം വരെ

വാട്സാപ്പിൽ ലഭിക്കുന്ന ചെറിയൊരു സന്ദേശത്തിൽ നിന്നാണു തട്ടിപ്പിന്റെ തുടക്കം. തുടർന്ന് ടെലിഗ്രാമിലൂടെ ലക്ഷങ്ങളോ കോടികളോ ആയി വലിയ പണം തട്ടിയെടുത്താണ് സംഘത്തിന്റെ ഓപ്പറേഷൻ. അതിന്റെ സ്വഭാവരീതി ചുവടെ.

∙ നിങ്ങൾക്ക് വാട്സാപ്പിൽ ആദ്യമായി സന്ദേശം ലഭിക്കുന്നു. നിക്ഷേപിക്കുന്ന തുകയ്ക്ക് ഇരട്ടിയിലേറെ തുക തിരികെ ലഭിക്കുമെന്നും ലാഭം ലഭിക്കുന്ന മറ്റനേകം കാര്യങ്ങളുണ്ടെന്നുമുള്ള മോഹിപ്പിക്കുന്ന സന്ദേശം. ഇതിന്റെ ഭാഗമാകുന്നതിനുള്ള ടെലിഗ്രാം ഗ്രൂപ്പിന്റെ വിവരങ്ങളും അതോടൊപ്പം ലഭിക്കും.

∙ കെണിയിൽ വീഴുന്നതിന്റെ ആദ്യ പടിയായി ഗ്രൂപ്പിൽ ചേരുന്നു. അവിടെ നടക്കുന്നത് വ്യാജമായി സൃഷ്ടിച്ച അംഗങ്ങളുടെ വൻ ചർച്ച. 5 ലക്ഷം നിക്ഷേപിച്ച് 10 ലക്ഷം കിട്ടി എന്നതു മുതൽ 25 മുതൽ 50 ലക്ഷം വരെ കിട്ടിയതായി വ്യാജന്മാർ തമ്മിൽ സംസാരം. പുതിയ അംഗങ്ങൾ ഇവരോട് ചാറ്റ് ചെയ്യുമ്പോൾ ലാഭത്തിന്റെ പെരുമഴയെ കുറിച്ച് വാതോരാതെ വിവരിക്കും

∙ ഈ വാക്കുകളിൽ വീഴുന്നവർ ആദ്യം ചെറിയ തുകയിൽ നിന്നു തുടങ്ങുകയും പിന്നീടു വലിയ തുക വരെ നിക്ഷേപിക്കുന്നു

∙ അംഗങ്ങൾ നിക്ഷേപിച്ച പണവും ഇതുവരെ തിരികെ ലഭിച്ചതുമായ കണക്കുകൾ അടങ്ങിയ വ്യാജ അക്കൗണ്ട് സ്റ്റേറ്റ്മെന്റ് ഇടയ്ക്കിടെ കാണിക്കും

∙ പണം തിരികെ ചോദിക്കുമ്പോൾ ആദ്യം ചില ഒഴികഴിവുകൾ പറയും. വീണ്ടും ചോദിക്കുന്നവരെ ഗ്രൂപ്പിൽ നിന്ന് ഒഴിവാക്കും. പിന്നീട് ബന്ധപ്പെടാൻ മാർഗങ്ങളൊന്നുമില്ല

∙ എങ്ങനെ രക്ഷപ്പെടാം?

തമിഴ്നാട്ടിൽ ഇതിനകം അരങ്ങേറിയ പണത്തട്ടിപ്പുകളുടെ തുടർച്ചയാണ് ഇപ്പോൾ നടക്കുന്ന പുതിയ തട്ടിപ്പ്. മേലുദ്യോഗസ്ഥരുടെ വ്യാജ പ്രൊഫൈൽ തയാറാക്കി പണം നൽകണമെന്ന് ആവശ്യപ്പെട്ട് കീഴുദ്യോഗസ്ഥർക്ക് സന്ദേശം അയയ്ക്കുന്ന ബോസ് സ്കാം, വൈദ്യുതി ബിൽ തുക അടച്ചതിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ടാൻജെഡ്കോയുടേതെന്ന വ്യാജേന മൊബൈൽ‌ സന്ദേശം, വായ്പ എന്നിവ വഴി ഒട്ടേറെ പേർക്ക് ഇതിനകം ധാരാളം പണം നഷ്ടപ്പെട്ടിട്ടുണ്ട്.

മൊബൈൽ ഫോൺ വഴിയാണ് തട്ടിപ്പുകൾ എന്നതിനാൽ പരിചയമില്ലാത്ത സന്ദേശങ്ങളും ലിങ്കുകളും കണ്ണുംപൂട്ടി വിശ്വസിക്കാതിരിക്കുക.കെവൈസി പുതുക്കുക, ഇഎംഐ അടച്ചു തീർത്ത ശേഷവും സർവീസ് ചാർജ് അടയ്ക്കണം തുടങ്ങിയ ആവശ്യങ്ങളുമായി ബാങ്കുകളുടെയും മറ്റു ധനസ്ഥാപനങ്ങളുടെയും പേരിൽ സന്ദേശം ലഭിച്ചാലും ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ വിളിച്ച് അവ ഉറപ്പു വരുത്തുക. ഏതു സ്ഥാപനത്തിനും ഓൺലൈൻ സേവനം ലഭ്യമാണെന്നതിനാൽ ഇതിന്റെ മറവിൽ വ്യാജന്മാർ പ്രവർത്തിക്കുന്നതിനാൽ വളരെയധികം ജാഗ്രത പുലർത്തണം.

തവണകളായി നിക്ഷേപം; പോയത് 46 ലക്ഷം

 ടെലിഗ്രാം വഴിയുള്ള തട്ടിപ്പിൽ തൂത്തുക്കുടി സ്വദേശിക്ക് നഷ്ടപ്പെട്ടത് 46 ലക്ഷം രൂപ. തട്ടിപ്പ് സംഘത്തിന്റെ വാഗ്ദാനത്തിൽ വിശ്വസിച്ച് പല തവണകളായാണു പണം നിക്ഷേപിച്ചത്. പണം തിരികെ ലഭിക്കാതെ വന്നപ്പോൾ സൈബർ ക്രൈം പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിൽ തിരുനെൽവേലി സ്വദേശിയെ അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് ഒട്ടേറെ മൊബൈൽ ഫോണുകളും സീലുകളും പിടിച്ചെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com