ADVERTISEMENT

ചെന്നൈ ∙ വേനലവധി അവസാന വാരത്തിലേക്കു കടന്നതോടെ അനുഭവപ്പെടുന്ന യാത്രാത്തിരക്ക് മുതലാക്കാൻ നിരക്കു കുത്തനെ കൂട്ടി സ്വകാര്യ ബസുകൾ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും ചെന്നൈയിലെത്താൻ നിലവിൽ ഇരട്ടിത്തുക ചെലവാക്കേണ്ട അവസ്ഥയിലാണ് യാത്രക്കാർ. തിരക്ക് ഏറ്റവും കൂടുന്ന വാരാന്ത്യങ്ങളിൽ ഇരട്ടിയിലേറെയാണ് ടിക്കറ്റ് നിരക്ക്.

കേരളത്തിൽ നിന്ന് മടങ്ങാൻ ടിക്കറ്റില്ല

ഇത്തവണയും കേരളത്തിൽ നിന്നുള്ള ട്രെയിനുകളിലെ അവധിക്കാല ടിക്കറ്റുകൾ നേരത്തേ തീർന്നു. ദക്ഷിണ റെയിൽവേ ഒട്ടേറെ അവധിക്കാല സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചെങ്കിലും കേരളത്തിൽ നിന്നു ചെന്നൈയിലേക്കു യാത്ര ചെയ്യുന്നവർക്ക് ഉപകാരപ്പെടുന്ന ട്രെയിനുകൾ ഒന്നുമില്ല. പ്രധാനമായും 2 ട്രെയിനുകൾ മാത്രമുള്ള മലബാർ മേഖലയിലെ യാത്രക്കാർക്കാണ് ദുരിതം.മലബാർ യാത്രക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന മംഗലാപുരം – ചെന്നൈ മെയിലിൽ (നമ്പർ 12602) ജൂൺ അവസാനം വരെയുള്ള  ടിക്കറ്റുകൾ വെയ്റ്റിങ് ലിസ്റ്റിലാണ്. 

മറ്റു പ്രധാന ട്രെയിനുകളായ തിരുവനന്തപുരം – ചെന്നൈ മെയിൽ, തിരുവനന്തപുരം – ചെന്നൈ എക്സ്പ്രസ്, ആലപ്പി എക്സ്പ്രസ്, മംഗലാപുരം – ചെന്നൈ എക്സ്പ്രസ് തുടങ്ങിയവയിലും അടുത്ത രണ്ടാഴ്ചത്തെ ടിക്കറ്റുകൾ വെയ്റ്റിങ് ലിസ്റ്റിലാണ്. വാരാന്ത്യങ്ങളിൽ സ്‌ലീപ്പർ ടിക്കറ്റുകളുടെ വെയ്റ്റിങ് ലിസ്റ്റ് 100ന് മുകളിലാണ്. അവധിക്ക് കുട്ടികളെ നാട്ടിൽ അയച്ചവർ തത്കാൽ ടിക്കറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. എന്നാൽ തത്കാൽ വിൽപന ആരംഭിക്കുന്ന സമയം റെയിൽവേ സൈറ്റുകളിൽ അനുഭവപ്പെടുന്ന തിരക്കുമൂലം മിക്കവർക്കും ടിക്കറ്റ്  ലഭിക്കാറില്ല. ഏജന്റുമാരുടെ കള്ളക്കളികളാണ് തത്കാൽ ലഭ്യതക്കുറവിന് പിന്നിലെന്നും ആരോപണമുണ്ട്. 

നിരക്ക് കൂട്ടിക്കൂട്ടി ഇത് എങ്ങോട്ടാ...

സ്കൂളുകൾ തുറക്കുന്നത് ജൂൺ 7ലേക്കു മാറ്റിയതോടെ അടുത്ത ഒരാഴ്ച തിരക്ക് രൂക്ഷമാകും. കോയമ്പത്തൂർ – ചെന്നൈ യാത്രയ്ക്ക് സ്വകാര്യ ബസുകളുടെ സാധാരണ നിരക്ക് 750 മുതൽ 1300 രൂപ വരെയാണ്. എന്നാൽ അടുത്ത ആഴ്ചത്തേക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ 1000 മുതൽ 1900 രൂപ വരെ നൽകണം. മധുര–ചെന്നൈ റൂട്ടിൽ 1300 രൂപയായിരുന്ന നിരക്ക് 4000 വരെയായി.

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്ന് ചെന്നൈയ്ക്ക് സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നുണ്ടെങ്കിലും നിരക്കുവർധന കുടുംബസമേതം യാത്ര ചെയ്യുന്നവർക്ക് താങ്ങാനാകില്ലെന്നു പതിവു യാത്രക്കാർ പറയുന്നു. തിരുവനന്തപുരത്തും നിന്ന് ചെന്നൈയിലേക്ക് 2850 മുതൽ 3660 രൂപ വരെയാണ് സ്വകാര്യ ട്രാവലുകൾ ഈടാക്കുന്നത്. എറണാകുളത്തു നിന്ന് 2000 – 3850, കോഴിക്കോടു നിന്ന് 1800 – 2500 രൂപയാണ് സ്വകാര്യ ബസുകളിലെ ടിക്കറ്റ് നിരക്ക്.

സർക്കാർ നിർദേശങ്ങൾക്ക് പുല്ലുവില

സ്വകാര്യ ദീർഘദൂര ബസുകൾക്ക് സർക്കാർ നിയന്ത്രണമില്ലാത്തതാണ് തോന്നുംപടി നിരക്ക് കൂട്ടാൻ ബസുടമകളെ പ്രേരിപ്പിക്കുന്നത്.  നിരക്ക് നിശ്ചയിക്കുന്നതു സംബന്ധിച്ച് സർക്കാർ മാർഗനിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ടെങ്കിലും  മിക്ക ഉടമകളും ഇവ കണക്കിലെടുക്കാറില്ല.  അമിത നിരക്കു സംബന്ധിച്ച പരാതികൾ സ്വീകരിക്കാനോ നടപടിയെടുക്കാനോ സംവിധാനമില്ലാത്തതും സ്വകാര്യ ബസുകളുടെ കൊള്ളയ്ക്ക് സാഹചര്യമൊരുക്കുന്നു. അതേസമയം, തമിഴ്‌നാട് സർക്കാർ നിശ്ചയിച്ച നിരക്ക് ഈടാക്കണമെന്ന് നിർദേശം നൽകിയതായി സ്വകാര്യ ബസ് ഉടമസ്ഥരുടെ അസോസിയേഷൻ അറിയിച്ചു. നിർദേശം ലംഘിച്ച് കൂടുതൽ നിരക്ക് ഈടാക്കുന്നവർക്കെതിരെ അസോസിയേഷൻ തലത്തിൽ നടപടിയെടുക്കുമെന്നും ഭാരവാഹികൾ പറ‍ഞ്ഞു. 

കെഎസ്ആർടിസിയും കനിഞ്ഞില്ല

ഓണം, ക്രിസ്മസ് കാലങ്ങളിലും വേനലവധിക്കു മുൻപ് ഈസ്റ്റർ, റമസാൻ സമയത്തും പ്രത്യേക സർവീസ് നടത്തിയ കെഎസ്ആർടിസി, അവധിയുടെ അവസാനത്തോട് അനുബന്ധിച്ചുള്ള തിരക്കു മുൻകൂട്ടി കണ്ട് സർവീസുകൾ നടത്താൻ മിനക്കെട്ടില്ല. ഓരോ അവധിക്കാലത്തും നഗരത്തിലെ മലയാളി സംഘടനകൾ മുന്നിട്ടിറങ്ങിയാൽ മാത്രമേ സർവീസുകൾ പ്രഖ്യാപിക്കൂ. വാരാന്ത്യങ്ങളിൽ എറണാകുളത്തു നിന്ന ചെന്നൈയിലേക്ക് ആരംഭിച്ച സർവീസുകൾ ഇല്ലാതായതും അവശ്യഘട്ടത്തിൽ തിരിച്ചടിയായി.

ആശ്വാസം തരാതെ വിമാനനിരക്കും

തിരക്കു വർധിച്ചതോടെ കേരളത്തിൽ നിന്നുള്ള വിമാന നിരക്കും വർധിച്ചു. ജൂൺ 4ന് കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിൽ‍നിന്ന് ചെന്നൈയിലേക്ക് 6000 രൂപയ്ക്കു മുകളിലാണ് നിരക്ക്. കണ്ണൂർ, കോഴിക്കോട് വിമാനത്താവളങ്ങളിൽ നിന്നുള്ള നിരക്ക് 5000 രൂപയ്ക്കു മുകളിലെത്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com