ADVERTISEMENT

ചെന്നൈ ∙ കിലാമ്പാക്കത്ത് നിർമാണം പൂർത്തിയാകുന്ന ‘കലൈഞ്ജർ സെന്റിനറി ബസ് ടെർമിനസ്’  ഉദ്ഘാടനത്തിനു മുന്നോടിയായി ടെർമിനസിനെയും പുതിയ സബേർബൻ റെയിൽവേ സ്റ്റേഷനെയും ബന്ധിപ്പിച്ച് ആകാശനടപ്പാലം നിർമിക്കുന്നു. ടെർമിനസ് നിർമാണം ഏകദേശം പൂർത്തിയായെങ്കിലും സമീപറോഡുകളുടെ വികസനം, സ്വകാര്യ ബസുകൾക്കുള്ള പാർക്കിങ് സ്റ്റാൻ‍ഡ്, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ സജ്ജമാക്കൽ എന്നിവ പൂർത്തിയാകാത്തതിനാൽ ഉദ്ഘാടനം നീണ്ടുപോകുകയാണ്. 

ജൂണിൽ ഉദ്ഘാടനം നടത്താൻ പദ്ധതിയിട്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ കൂടുതൽ സമയം ആവശ്യമായതിനാൽ നീട്ടിവയ്ക്കുകയായിരുന്നു. ജൂലൈ അവസാന വാരമോ ഓഗസ്റ്റ് ആദ്യമോ ബസ് ടെർമിനസ് ഉദ്ഘാടനം നടത്താമെന്നാണ് ചെന്നൈ മെട്രോപ്പൊലിറ്റൻ ഡവലപ്മെന്റ് അതോറിറ്റി (സിഎംഡിഎ) അധികൃതരുടെ പ്രതീക്ഷ. ടെർമിനസ് പ്രവർത്തനക്ഷമമാകുന്നതോടൊപ്പം ആകാശനടപ്പാലവും പൂർത്തിയാക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

ടിനഗർ ആകാശ നടപ്പാലം മാതൃക

ടിനഗറിൽ നിർമിച്ച ആകാശനടപ്പാലത്തിന്റെ മാതൃകയിലാകും കിലാമ്പാക്കത്തെ നടപ്പാലവും നിർമിക്കുക. എന്നാൽ ട്രാവലറേറ്റർ അടക്കമുള്ള ആധുനിക സൗകര്യങ്ങൾ അധികമായി ഏർപ്പെടുത്തും. യാത്രക്കാർക്ക് വിശ്രമിക്കാനുള്ള സൗകര്യം, ചില്ലറ വിൽപന കേന്ദ്രങ്ങൾ എന്നിവയും നടപ്പാലത്തിൽ ഒരുക്കും. ബസ് ടെർമിനസിൽ നിന്ന് ജിഎസ്ടി റോഡ് മുറിച്ചു കടന്ന്, പുതുതായി നിർമിക്കുന്ന കിലാമ്പാക്കം സബേർബൻ സ്റ്റേഷനിലേക്ക് 450 മീറ്റർ ദൂരത്തിലാണ് നടപ്പാലം നിർമിക്കുന്നത്. വീതി 10 മീറ്റർ. ബസ് ടെർമിനസ് പ്രവർത്തനം ആരംഭിക്കുന്നതോടെ തിരക്കേറിയ സമയം മണിക്കൂറിൽ 5000 യാത്രക്കാർ ഈ പാത ഉപയോഗിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. പ്രതിദിനം 65,000 യാത്രക്കാർക്കെങ്കിലും നടപ്പാലത്തിന്റെ പ്രയോജനം ലഭിക്കും. ഉത്സവ കാലങ്ങളിൽ ഇത് ഒരുലക്ഷം വരെ ഉയരും. 

ഏറെ സൗകര്യങ്ങൾ

എസ്കലേറ്ററുകൾ, ലിഫ്റ്റുകൾ, മേൽക്കൂര, പ്രകാശ സംവിധാനം, സിസിടിവി തുടങ്ങി ടി നഗറിലേതിന് സമാനമായ മറ്റെല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കും. ആകാശ നടപ്പാല നിർമാണത്തിനായുള്ള വിശദമായ പദ്ധതി രൂപരേഖ ചെന്നൈ യൂണിഫൈഡ് മെട്രോപ്പൊലിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റിയുടെ (സിയുഎംടിഎ) നേതൃത്വത്തിൽ തയാറാക്കി. നടപ്പാല ത്തിന് ആവശ്യമായ 1.5 ഏക്കർ ഏറ്റെടുക്കുന്നതിന്  പണവും സിഎംഡിഎ അനുവദിച്ചു.

ഗതാഗതം സുഗമമാക്കും

  പ്രദേശത്തെ റോഡുകൾ വീതി കൂട്ടുന്നതടക്കമുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ബസ് ടെർമിനസിൽ നിന്നുള്ള വാഹനങ്ങൾ, ജിഎസ്ടി റോഡിൽ ഗതാഗതക്കുരുക്ക് ഉണ്ടാക്കാത്ത വിധം സർവീസ് നടത്താനുള്ള സംവിധാനം ഒരുക്കുന്നതും തെക്കൻ ജില്ലകളിലേക്ക് പുതിയ റൂട്ടുകൾ സൃഷ്ടിക്കുന്നതും സംബന്ധിച്ച ആസൂത്രണങ്ങളും പൂർത്തിയാകുന്നതായി അധികൃതർ പറഞ്ഞു. കിലാമ്പാക്കം ടെർമിനസിലേക്ക് എത്തുമ്പോഴുള്ള പ്രധാന ജംക്‌ഷനായ ഗുഡുവാഞ്ചേരിയിൽ, റോഡിനു നടുവിൽ റൗണ്ടാന നിർമിച്ച് ഗതാഗതം സുഗമമാക്കും. 

മെട്രോ റെയിൽ കിലാമ്പാക്കം വരെ നീട്ടുന്നതിനുള്ള പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങളും ഉടൻ ആരംഭിക്കുംകിലാമ്പാക്കം ബസ് ടെർമിനസിൽ ‍നിന്ന് നഗരത്തിലേക്കുള്ള എംടിസി ബസ് റൂട്ടുകൾ നിശ്ചയിക്കാൻ മെട്രോപ്പൊലിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷന് (എംടിസി) ഗതാഗത വകുപ്പ് നിർദേശം നൽകി.

 വിവിധ സ്ഥലങ്ങളിൽ നിന്ന് എത്തുന്നവർക്ക് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്താനുള്ള സൗകര്യം ഏർപ്പെടുത്തുന്നതിനാണ് ഇത്. കോയമ്പേട് നിന്ന് നഗരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും എംടിസി സർവീസുകൾ നടത്തുന്ന മാതൃകയിൽ കിലാമ്പാക്കത്ത് നിന്നും സർവീസുകൾ നടത്താനാണ് പദ്ധതി.

വരദരാജപുരത്ത്  വരും സ്വകാര്യ ബസ് സ്റ്റാൻഡ് 

കിലാമ്പാക്കത്തു നിന്നു സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾക്കായി ഔട്ടർ റിങ് റോഡിൽ (ഒആർആർ) വരദരാജപുരത്ത് സ്റ്റാൻഡ് നിർമിക്കും. കിലാമ്പാക്കത്തു നിന്ന് 7 കിലോമീറ്റർ അകലെ നിർമിക്കുന്ന പാർക്കിങ് സ്റ്റാൻഡിൽ നൂറിലേറെ ബസ്ബേകൾ ഉണ്ടാകും. ഇതോടെ നിലവിൽ കോയമ്പേടുള്ള ഓമ്നി ബസ് ടെർമിനസിന്റെ പ്രവർത്തനം പൂർണമായും വരദരാജപുരത്തേക്കു മാറ്റും. 

ദീർഘദൂര സർവീസ് നടത്തുന്ന എസ്ഇടിസി ബസുകൾ പൂർണമായും കോയമ്പേടിലേക്കു മാറും. മധുര, തിരുനൽവേലി, കന്യാകുമാരി തുടങ്ങിയ തെക്കൻ ജില്ലകളിലേക്കും കോയമ്പത്തൂർ, സേലം മുതലായ പടിഞ്ഞാറൻ ജില്ലകളിലേക്കുള്ള ബസുകളും കിലാമ്പാക്കത്തു നിന്നാകും സർവീസ് നടത്തുക. ഇതോടെ കോയമ്പേടിൽ അനുഭവപ്പെടുന്ന തിരക്കു കുറയും. ഗതാഗതക്കുരുക്കിനും പരിഹാരമാകും.  

വലിയ സൗകര്യങ്ങളോടെയുള്ള ടെർമിനസാണു കിലാമ്പാക്കത്ത് നിർമിക്കുന്നത്. ഒന്നര ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാൻ പാകത്തിലാണു രൂപകൽപന. 250 ബസുകൾക്കു പുറമേ 270 കാറുകൾ, 3,500 ഇരുചക്ര വാഹനങ്ങൾ എന്നിവയ്ക്കും നിർത്തിയിടാം. നഗരത്തിന്റെ ഹൃദയ ഭാഗങ്ങളിൽ നിന്ന് ഏറെ അകലെയാണെന്നതിനാൽ നഗരത്തെ ബന്ധിപ്പിച്ച് ഇവിടെ നിന്നു ബസ് സർവീസുകളും ആരംഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com