ചെന്നൈ ∙ അഞ്ചാം തവണയും ഐപിഎൽ ട്രോഫിയിൽ ചെന്നൈ സൂപ്പർ കിങ്സ് (സിഎസ്കെ) മുത്തമിട്ടത് ആഘോഷമാക്കി നഗരം. രാത്രി വൈകിയും ഉറക്കമിളച്ചിരുന്ന ആരാധകർ കളി വിജയിച്ചതോടെ ആഹ്ലാദാരവങ്ങളുമായി തെരുവിലിറങ്ങി. മഞ്ഞക്കുപ്പായമണിഞ്ഞും പരസ്പരം കെട്ടിപ്പിടിച്ചും വാദ്യ മേളങ്ങൾ മുഴക്കിയുമായിരുന്നു ആഘോഷം. ഐപിഎൽ ട്രോഫിയുമായി ചെന്നൈ വിമാനത്താവളത്തിൽ ഇറങ്ങിയ ടീമിന് പ്രത്യേക സ്വീകരണവും ഒരുക്കിയിരുന്നു.
സൗജന്യ യാത്രയൊരുക്കി ‘സ്പീഡ് മുരുകേശൻ’
കടുത്ത ധോണി ആരാധകനായ ഓട്ടോറിക്ഷാ ഡ്രൈവർ ‘സ്പീഡ് മുരുകേശൻ’ കിരീടനേട്ടം ആഘോഷിച്ചത് ചൊവ്വാഴ്ചത്തെ ട്രിപ്പുകൾ സൗജന്യമാക്കിയാണ്. സിഎസ്കെ ജയിച്ചാൽ പിറ്റേ ദിവസം യാത്രക്കാരിൽ നിന്നു പണം വാങ്ങില്ലെന്നു നേരത്തേ പ്രഖ്യാപിച്ചിരുന്നു. കൈകാണിച്ചു വണ്ടിയിൽ കയറുന്നവരെ ലക്ഷ്യസ്ഥാനത്ത് ഇറക്കി വിടും. വണ്ടിക്കൂലി കൊടുക്കാൻ തുനിയുന്നവരോട് യാത്ര സൗജന്യമാണെന്നു പറയുമ്പോൾ പലരും ആദ്യം വിശ്വസിച്ചില്ല.
കുംഭകോണം സ്വദേശിയായ മുരുകേശൻ കുടുംബസമേതം പൂനമല്ലിക്കടുത്ത് കാട്ടുപ്പാക്കത്താണ് താമസിക്കുന്നത്. 12 വർഷമായി ഓട്ടോറിക്ഷാ ഡ്രൈവറായി ജോലി ചെയ്യുന്ന മുരുകേശൻ ചെന്നൈയിൽ നടക്കുന്ന സിഎസ്കെയുടെ എല്ലാ കളികളും സ്റ്റേഡിയത്തിലെത്തി കാണാറുണ്ട്. ഇനിയും 10 വർഷം കൂടി ധോണി കളിക്കണമെന്നാണ് ഈ ‘തല’ ആരാധകന്റെ ആഗ്രഹം.
വിജയശിൽപിയായത് ‘ബിജെപി പ്രവർത്തകൻ’: അണ്ണാമലൈ
ചെന്നൈ ∙ ചെന്നൈ സൂപ്പർ കിങ്സിനെ (സിഎസ്കെ) വിജയിപ്പിച്ചത് ബിജെപി പ്രവർത്തകനായ രവീന്ദ്ര ജഡേജയാണെന്നു തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ.അണ്ണാമലൈ. നിർണായക സമയത്തു വിജയ റൺ നേടാൻ ബിജെപി പ്രവർത്തകനു കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജഡേജയുടെ ഭാര്യ റിവാബ ജഡേജ ഗുജറാത്തിൽ നിന്നുള്ള ബിജെപി എംഎൽഎയാണ്. ജഡേജയും പാർട്ടിക്കു പിന്തുണ പ്രഖ്യാപിച്ചിരുന്നു.