പക്കത്തിലുണ്ട് ‘പച്ച’ ഓട്ടോ

HIGHLIGHTS
  • നങ്കനല്ലൂരിലും ഇ-ഓട്ടോകളെത്തി; കിലോമീറ്ററിന് 20 രൂപ
che-auto
SHARE

ചെന്നൈ ∙ മെട്രോ സ്റ്റേഷനുകളിലേക്ക് വേഗത്തിലെത്താനും മടങ്ങിപ്പോകാനും യാത്രക്കാർക്കു കൂട്ടായി ഗ്രീൻ ഓട്ടോകളെത്തുന്നു.  നങ്കനല്ലൂരിൽ ആരംഭിച്ച ‘ഗ്രീൻ ഓട്ടോ’സർവീസ് ചെറുകിട വ്യവസായ മന്ത്രി ടി.എം.അൻപരശൻ ഉദ്ഘാടനം ചെയ്തു. മെട്രോ സ്റ്റേഷനുകളിൽ ‍നിന്നു ജോലി സ്ഥലത്തേക്കും തിരിച്ചും എത്താൻ ഗ്രീൻ ഓട്ടോ ഫീഡർ സർവീസുകൾ സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു.കഴിഞ്ഞ നവംബറിൽ ആലന്തൂരിൽ ആരംഭിച്ച ഇ–ഓട്ടോ സർവീസിന്റെ തുടർച്ചയായാണ് നങ്കനല്ലൂരിലും ഇലക്ട്രിക് ഓട്ടോകൾ എത്തുന്നത്. നഗരത്തിലെ 39 മെട്രോ സ്റ്റേഷനുകളിലും  ഉടൻ തന്നെ ഇലക്ട്രിക് ഓട്ടോ സർവീസുകൾ ആരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു. 

കിലോമീറ്ററിന് 20 രൂപ

ഒരു കിലോമീറ്റർ സഞ്ചരിക്കാൻ 20 രൂപയാണ് ഇ–ഓട്ടോകളിൽ ഈടാക്കുക. സ്റ്റേഷന്റെ 10 കിലോമീറ്റർ ചുറ്റളവു വരെ യാത്ര നടത്താൻ ഈ–ഓട്ടോകളെ ആശ്രയിക്കാം. യാത്രാക്കൂലി യുപിഐ ആപ്പുകൾ വഴി നൽകാനുള്ള സൗകര്യവും ഇലക്ട്രിക് ഓട്ടോകളിൽ സജ്ജമാക്കിയിട്ടുണ്ട്. സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് മെട്രോ സ്റ്റേഷനുകളിലേക്ക് എത്തുന്നതിന് നേരിടുന്ന ബുദ്ധിമുട്ട് കണക്കിലെടുത്താണ് ഇ–ഓട്ടോകൾ അടക്കമുള്ള ഫീഡർ സർവീസുകൾ ഏർപ്പെടുത്താൻ ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് (സിഎംആർഎൽ) മുൻകയ്യെടുക്കുന്നത്. 

സ്റ്റേഷനോടു ചേർന്നുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവർ സ്വന്തം വാഹനങ്ങളിൽ എത്തിയാൽ പാർക്കിങ്ങിനായി ചെലവാക്കുന്ന തുക കണക്കാക്കുമ്പോൾ കിലോമീറ്ററിന് 20 രൂപ ഈടാക്കുന്ന ഓട്ടോ സർവീസ് ലാഭകരമാകുമെന്നാണ് കണക്കു കൂട്ടൽ. മെട്രോ സ്റ്റേഷനുകളിലെ പാർക്കിങ് കേന്ദ്രങ്ങളിൽ അനുഭവപ്പെടുന്ന തിരക്കു കുറയ്ക്കാനും ഓട്ടോകളുടെ സേവനം സഹായമാകും.  

നിലവിൽ ഫീഡർ സർവീസുകളായി ഷെയർ ഓട്ടോകളും മെട്രോപ്പൊലിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷന്റെ (എംടിസി) ചെറു ബസുകളും സർവീസ് നടത്തുന്നുണ്ട്. എന്നാൽ എല്ലാ മെട്രോ സ്റ്റേഷനുകളിലും ഈ സേവനങ്ങൾ ലഭ്യമാകുന്നില്ല എന്നതാണ് യാത്രക്കാർ നേരിടുന്ന പ്രധാന പ്രശ്നം. 

ആലന്തൂർ സ്റ്റേഷനിൽ നിന്ന് രാമപുരം ഡിഎൽഎഫ് ഐടി പാർക്കിലേക്ക് നടത്തുന്ന ഫീഡർ സർവീസുകൾ പ്രയോജനപ്രദമാണെന്ന് ഇവിടെ ജോലി ചെയ്യുന്നവർ അഭിപ്രായപ്പെടുന്നു. എന്നാൽ ആലന്തൂരിന് സമീപത്തു തന്നെ സ്ഥിതിചെയ്യുന്ന മറ്റു സ്ഥാപനങ്ങളിലേക്കു പോകേണ്ടവർക്ക് ഇത്തരം സൗകര്യങ്ങൾ ഇല്ലാത്തതിന് ഇ–ഓട്ടോകൾ പരിഹാരമാകുന്നുണ്ട്.

ചെറു ബസുകൾ ഉള്ള സ്റ്റേഷനുകളിൽ തന്നെ എല്ലാ സമയത്തും ഇവ ലഭ്യമല്ലാത്തതും യാത്രക്കാർക്കു ബുദ്ധിമുട്ടാകുന്നു. അത്തരം സ്റ്റേഷനുകളിൽ കൂടി ഇ–ഓട്ടോകൾ സജ്ജമാകുന്നതോടെ മെട്രോയാത്രകൾ ആയാസരഹിതമാകും. അതിവേഗം നിർമാണം പുരോഗമിക്കുന്ന രണ്ടാം ഘട്ട മെട്രോയുടെ വിവിധ ഇടനാഴികൾ പ്രവർത്തനക്ഷമമാകുന്നതോടെ ഫീഡർ സർവീസുകൾക്ക് ആവശ്യക്കാരേറും. 

താമസ സ്ഥലങ്ങളിൽ നിന്നു സ്റ്റേഷനുകളിലേക്കും സ്റ്റേഷനുകളിൽ നിന്നു ജോലി സ്ഥലങ്ങളിലേക്കും തിരികെയുമുള്ള യാത്രകൾക്ക് ഫീഡർ സർവീസുകൾ അനിവാര്യമാണ്. സുലഭമായും സൗകര്യപ്രദമായും ഫീഡർ സർവീസുകൾ ലഭ്യമാകുന്നത് മെട്രോ യാത്രക്കാരുടെ എണ്ണം വർധിപ്പിക്കാനും സഹായിക്കും.

വേളാച്ചേരി – സെന്റ് തോമസ് മൗണ്ട്  എംആർടിഎസ് പാത നിർമാണം വേഗത്തിൽ; അടുത്ത മാസം തുറക്കും

ചെന്നൈ ∙ വേളാച്ചേരി – സെന്റ് തോമസ് മൗണ്ട് എംആർടിഎസ് പാത ജൂലൈയിൽ പൂർത്തിയാകുമെന്ന് റിപ്പോർട്ട്. സുപ്രീം കോടതിയുടെ ഇടപെടലാണ് 15 വർഷമായി മുടങ്ങിക്കിടക്കുന്ന പദ്ധതിക്ക് പുതുജീവൻ നൽകിയത്. 2008ൽ ആരംഭിച്ച പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ 3 വർഷം കൊണ്ട് 90 ശതമാനവും പൂർത്തിയായിരുന്നു.

ആദമ്പാക്കത്തിനും സെന്റ് തോമസ് മൗണ്ടിനും ഇടയിലുള്ള 500 മീറ്റർ പാതയ്ക്കായി സ്ഥലം ഏറ്റെടുക്കുന്നതു സംബന്ധിച്ച കേസുകളാണ് ശേഷിക്കുന്ന പാത നിർമാണം പൂർത്തിയാക്കുന്നതിനു തടസ്സമായത്. സുപ്രീം കോടതി അനുകൂല വിധി പ്രഖ്യാപിച്ചതോടെ പുനരാരംഭിച്ച നിർമാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.

495 കോടി രൂപ ചെലവു പ്രതീക്ഷിച്ച് ആരംഭിച്ച പദ്ധതിയുടെ നിർമാണ ചെലവിലും ഇതിനിടെ വലിയ വർധനയുണ്ടായി. 730 കോടി രൂപയോളമാണ് പുതുക്കിയ എസ്റ്റിമേറ്റ്. ആദംപാക്കം, തില്ല ഗംഗാ നഗർ പ്രദേശങ്ങളിലെ തൂണുകളുടെ നിർമാണവും ഇരു വശങ്ങളിലെയും പാതകളെ മേൽപ്പാലവുമായി ബന്ധിപ്പിക്കുന്ന ജോലികളും അന്തിമഘട്ടത്തിലെത്തി. 

ശേഷിക്കുന്ന ജോലികൾ ജൂലൈ മാസത്തോടെ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. എത്രയും വേഗം പണികൾ പൂർത്തിയാക്കി, റെയിൽവേ സുരക്ഷാ കമ്മിഷന്റെ അനുമതി വാങ്ങി ട്രെയിൻ സർവീസുകൾ ആരംഭിക്കാനാകുമെന്നാണ് ദക്ഷിണ റെയിൽവേ അധികൃതർ കണക്കു കൂട്ടുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA