ADVERTISEMENT

ചെന്നൈ ∙ ബീച്ച് – എഗ്‌മൂർ റൂട്ടിൽ നാലാം പാതയുടെ നിർമാണത്തിനു വേണ്ടി ചെപ്പോക്കിനും ചെന്നൈ ബീച്ചിനും ഇടയിൽ 7 മാസത്തേക്ക് എംആർടിഎസ് സർവീസ് നിർത്തുന്നു. ഇൗ റൂട്ടിലെ സ്ഥിരം യാത്രക്കാർ ജൂലൈ 1 മുതൽ മറ്റു യാത്രാ മാർഗങ്ങൾ തേടേണ്ടി വരും. വേളാച്ചേരിയിലേക്കുള്ള സർവീസുകൾ ജൂലൈ മുതൽ ചെപ്പോക്കിൽ നിന്നാണ് ആരംഭിക്കുകയെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. നേരിട്ടും അല്ലാതെയും പ്രതിദിനം അയ്യായിരത്തിലേറെ യാത്രക്കാരെയാണു നിയന്ത്രണം ബാധിക്കുക.

∙ പുതിയ പാത പൂർത്തിയാകുന്നതു വരെ നിയന്ത്രണം

ബീച്ച് – എഗ്‌മൂർ റൂട്ടിൽ നിലവിൽ 3 പാതകളാണുള്ളത്. ഇതിൽ 2 എണ്ണവും സബേർബൻ ട്രെയിനുകളുടെ സർവീസിന് ഉപയോഗിക്കുന്നതിനാൽ ചരക്കു ട്രെയിനുകൾക്കും എക്സ്പ്രസ് ട്രെയിനുകൾക്കും കടന്നു പോകാൻ ഒരു പാത മാത്രമാണുള്ളത്. അതിനാൽ ഇരു വശങ്ങളിലേക്കും ഒരേ സമയം ഇവയ്ക്ക് കടന്നു പോകാൻ കഴിയാതെ വരുന്നു.

എഗ്‌മൂറിൽ നിന്ന് വടക്കൻ സംസ്ഥാനങ്ങളിലേക്ക് അടക്കമുള്ള ട്രെയിനുകളും ചെന്നൈ തുറമുഖത്തേക്കുള്ള ചരക്കു ട്രെയിനുകളും ഇതുവഴിയാണ് കടന്നു പോകുന്നത്. റോയപുരത്തെ എഫ്സിഐ ഗോഡൗണടക്കം ആശ്രയിക്കുന്നതും ഇതുവഴിയുള്ള ചരക്കു ട്രെയിനുകളെയാണ്. അതിനാൽ ദീർഘദൂര, ചരക്കു തീവണ്ടികൾക്കായി രണ്ട് പാതകൾ വേണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്. ഇതിനായുള്ള പാതയിരട്ടിപ്പിക്കൽ നടത്താനായാണ് ബീച്ചിനും ചെപ്പോക്കിനും ഇടയിൽ സർവീസ് നിർത്തി വയ്ക്കുന്നത്. 96.70 കോടി രൂപ ചെലവിലാണ് പാതയിരട്ടിപ്പിക്കൽ നടക്കുന്നത്.

∙ ബാധിക്കുക ഐടി മേഖലയിലെ യാത്രക്കാരെ

ചെന്നൈയുടെ പ്രധാന ഐടി മേഖലയായ ഓൾഡ് മഹാബലിപുരം റോഡിനോട് (ഒഎംആർ) അനുബന്ധിച്ചുള്ള പ്രദേശങ്ങളിലെ യാത്രക്കാരെയാണ് ട്രെയിൻ നിയന്ത്രണം ഏറ്റവും കൂടുതൽ ബാധിക്കുക. തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അന്യ സംസ്ഥാനങ്ങളിൽ നിന്നും സെൻട്രൽ, എഗ്‌മൂർ റെയിൽവേ സ്റ്റേഷനുകളിൽ എത്തുന്നവർക്ക് ഒഎംആറിലെ ലക്ഷ്യ സഥാനങ്ങളിൽ എത്താനുള്ള ഏറ്റവും എളുപ്പ മാർഗമാണ് ബീച്ച് – വേളാച്ചേരി റൂട്ടിലെ എംആർടിഎസ് ട്രെയിൻ സർവീസ്. ഈ പ്രദേശങ്ങളിലുള്ളവർക്ക് മൗണ്ട് റോഡ് മുതൽ ബീച്ച് വരെയുള്ള പ്രദേശങ്ങളിലെ ഓഫിസുകളിലും സ്ഥാപനങ്ങളിലും വേഗത്തിൽ എത്താനും മറ്റൊരു എളുപ്പമാർഗമില്ല.

∙ അധിക ചെലവ്, അലച്ചിൽ

ചെന്നൈ ബീച്ച്, ചെന്നൈ ഫോർട്ട്, പാർക്ക് ടൗൺ, ചിന്താദ്രിപെട്ട് സ്റ്റേഷനുകളിലേക്ക് ഈ റൂട്ടിൽ യാത്ര ചെയ്യുന്ന യാത്രക്കാർ ജൂലൈ മുതൽ മറ്റു യാത്രാ മാർഗങ്ങൾ തേടേണ്ടി വരും. ചെപ്പോക്കിൽ ഇറങ്ങിയാലും ഇവിടങ്ങളിലേക്ക് എത്തിപ്പെടാൻ ഓട്ടോറിക്ഷകളെയോ ബസിനെയോ ആശ്രയിക്കേണ്ടി വരും.

ഇത് അധിക ചെലവിനും കാരണമാകും. ചിന്താദ്രിപെട്ട് വരെ ട്രെയിൻ സർവീസുകൾ നടത്തിയിരുന്നെങ്കിൽ മെട്രോയിൽ തുടർ യാത്ര സാധ്യമാകുമായിരുന്നെന്നാണ് ഇതുവഴിയുള്ള യാത്രക്കാരുടെ പ്രതികരണം. മെട്രോ ഫീഡർ സർവീസുകളുടെ മാതൃകയിൽ ബസുകളും ഷെയർ ഓട്ടോകളും ഷട്ടിൽ സർവീസിനായി നിയോഗിക്കുന്നതും പരിഗണനയിലാണെന്ന് റെയിൽവേ അധികൃതർ പറഞ്ഞു.

ഐപിഎൽ; മെട്രോയും ഹിറ്റ്

ചെന്നൈ ∙ കഴി‍ഞ്ഞ 4 മാസങ്ങളെ അപേക്ഷിച്ച് മേയിൽ ചെന്നൈ മെട്രോയിൽ 5.82 ലക്ഷം യാത്രക്കാർ‍ കൂടുതലായി സഞ്ചരിച്ചെന്ന് സിഎംആർഎൽ. 72.68 ലക്ഷം യാത്രക്കാരാണ് മേയിൽ യാത്ര ചെയ്തത്. മേയ് 24ന് മാത്രം 2,64,974 പേർ  യാത്ര ചെയ്തതായി അധികൃതർ അറിയിച്ചു. ഐപിഎൽ മത്സരങ്ങളും ചെന്നൈ സൂപ്പർ കിങ്സിന്റെ കളികൾക്ക് സൗജന്യ യാത്ര അനുവദിച്ചതും യാത്രക്കാരുടെ എണ്ണം കൂടാൻ കാരണമായതായാണ് വിലയിരുത്തൽ.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com