ADVERTISEMENT

ചെന്നൈ ∙ ഉത്സവം ആരംഭിച്ചതോടെ പ്രത്യേക പൂജകളും ചടങ്ങുകളും ഒപ്പം വിശ്വാസികളുടെ ഒഴുക്കുമായി ഭക്തിലഹരിയിൽ മഹാലിംഗപുരം ശ്രീ അയ്യപ്പൻ ഗുരുവായൂരപ്പൻ ക്ഷേത്രം. 34–ാം പ്രതിഷ്ഠാ ദിനത്തിനു പിന്നാലെയാണ് ഗുരുവായൂരപ്പന്റെ വാർഷിക ഉത്സവത്തിന് കൊടിയേറിയത്. ചടങ്ങുകൾക്ക് അകമ്പടി തീർക്കുന്ന വാദ്യമേളങ്ങളുടെയും പ്രത്യേക പൂജകളുടെയും നടുവിലാണ് ക്ഷേത്രവും പരിസരവും. ആഘോഷക്കാഴ്ചകൾക്ക് ഉത്സവം സമാപിക്കുന്നതു വരെ ഇനി ഇടവേളയില്ല.

മലയാളികൾ ഏറെ എത്തുന്ന ക്ഷേത്രങ്ങളിൽ മുൻനിരയിലാണ് മഹാലിംഗപുരം ക്ഷേത്രം. പേരിലെ വ്യത്യസ്തതയിൽ നിന്നു തന്നെ ആ ബന്ധത്തിനു തുടക്കമാകുന്നു. അയ്യപ്പനും ഗുരുവായൂരപ്പനും തുല്യ പ്രാധാന്യം നൽകുന്ന അപൂർവത തന്നെ പ്രത്യേകത. ചെന്നൈയിലെ മലയാളികൾക്ക് ഒരേ സമയം ഗുരുവായൂരമ്പലത്തിലും ശബരിമലയിലും ദർശനം നടത്തുന്നതിന്റെ അനുഭവം പകരുന്നതാണു മഹാലിംഗപുരം ക്ഷേത്രത്തിന്റെ ചൈതന്യം. നാട്ടിൽ പോകാൻ സമയമില്ലെങ്കിലും ഗുരുവായൂരപ്പനും അയ്യപ്പനും അടുത്തുണ്ടെന്ന സന്തോഷവും വിശ്വാസികളെ ക്ഷേത്രത്തിലേക്ക് അടുപ്പിക്കുന്നു. പ്രധാന ക്ഷേത്രങ്ങളിൽ നടക്കുന്ന ശീവേലി അടക്കമുള്ള ചടങ്ങുകൾക്കും ഇവിടെ മുടക്കമില്ല. 

ശബരിമല തന്ത്രി കണ്ഠര് മഹേഷ് മോഹനര് തന്നെയാണ് മഹാലിംഗപുരം ക്ഷേത്രത്തിന്റെയും തന്ത്രി. താഴമൺ കുടുംബത്തിലെ മുൻ തലമുറയിലെ തന്ത്രിമാരുടെ തുടർച്ചയായാണ് മഹേഷ് മോഹനര് ഇപ്പോൾ ചുമതലകൾ നിർവഹിക്കുന്നത്. മുത്തശ്ശൻ കണ്ഠര് മഹേശ്വരരോടൊപ്പം ഈ ക്ഷേത്രത്തിൽ വന്നു തുടങ്ങിയതാണെന്നും മഹാലിംഗപുരം ക്ഷേത്രം തന്റെ ജീവിതത്തിന്റെ ഭാഗം തന്നെയാണെന്നും മഹേഷ് മോഹനര് പറയുന്നു. 

ഉത്സവം പ്രമാണിച്ച് 11 വരെ രാവിലെ 8.30ന് ഉത്സവബലി, 10ന് മഹാ ഉത്സവബലി എന്നിവ ഉണ്ടാകും. 11ന് രാത്രി 9ന് പള്ളിവേട്ട. 12ന് വൈകിട്ട് 5 മുതൽ സന്നിധാനം ഹാളിൽ ആറാട്ട് ചടങ്ങുകൾ നടക്കും. 13നു രാവിലെ 9.30 മുതൽ കളഭ പൂജയും കളഭാഭിഷേകവും ഉണ്ടാകും. ഉത്സവ ദിനങ്ങളിൽ പറയെടുപ്പിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും രാവിലെ 7 മുതൽ നാരായണീയ പാരായണവും വൈകിട്ട് 6.50 മുതൽ കലാപരിപാടികളും അരങ്ങേറും. 

ചിട്ടകളിൽ നിഷ്കർഷത

പ്രതിഷ്ഠാ കാലം മുതൽ ഇന്നു വരെ ചിട്ടകളിൽ പാലിച്ചിട്ടുള്ള നിഷ്കർഷത  ക്ഷേത്രത്തിന്റെ മഹത്വം വർധിപ്പിക്കുന്നു. മുടങ്ങാതെയുള്ള ഉത്സവവും ശുദ്ധിക്രിയകളും വഴി ക്ഷേത്രചൈതന്യം വർധിക്കുകയും ഈ നാടിനു തന്നെ അതിന്റെ ഗുണവും ലഭിക്കുകയുംചെയ്യുന്നു. ക്ഷേത്ര പുരോഗതിക്കായി ഭാരവാഹികളും ഭക്തരും  അക്ഷീണം പ്രയത്നിക്കുന്നു.- കണ്ഠര് മഹേഷ് മോഹനര്, തന്ത്രി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com