ADVERTISEMENT

ചെന്നൈ ∙ പാൽ സംഭരണത്തിലും വിതരണത്തിലുമടക്കം പ്രതിസന്ധി നേരിടുന്ന ആവിന്റെ ദുർദശ തീരുന്നില്ല. അമ്പത്തൂരിലെ പ്ലാന്റിൽ പ്രായപൂർത്തിയാകാത്തവരെ ജോലിക്കു നിയോഗിച്ചെന്ന വിവാദത്തിനിടെ, വെല്ലൂരിലെ പ്ലാന്റിൽ നിന്നു പ്രതിദിനം 2500 പാക്കറ്റ് പാൽ മോഷണം പോകുന്നതായും കണ്ടെത്തി. നാളുകളായി നടക്കുന്ന മോഷണം കണ്ടെത്താൻ വൈകിയതോടെ ആവിനുണ്ടായ നഷ്ടവും ചില്ലറയല്ല. അതേസമയം, നഗരത്തിലെ പാൽ വിതരണം കാര്യക്ഷമമല്ലെന്ന പരാതി വീണ്ടും ശക്തമായി.

ചെന്നൈയിൽ പലയിടങ്ങളിലും ആവശ്യത്തിന് പാൽ പാക്കറ്റുകൾ കിട്ടാനുമില്ല. വേനൽച്ചൂട് കനക്കുമ്പോൾ ഐസ്ക്രീം പോലെ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള ഉൽപന്നങ്ങളും മിക്ക വിതരണ കേന്ദ്രങ്ങളിലും വേണ്ടത്ര സ്റ്റോക്കില്ലെന്ന് വിതരണക്കാരും ഉപഭോക്താക്കളും പരാതിപ്പെടുന്നു.

വെല്ലൂർ പ്ലാന്റിൽ കണ്ണടച്ച്   പാലുകുടി

വെല്ലൂർ സത്തുവാചാരിയിലെ ആവിൻ പ്ലാന്റിൽ നിന്ന് ഒരേ നമ്പർ പ്ലേറ്റുള്ള 2 വണ്ടികൾ ഉപയോഗിച്ച് പാൽ പാക്കറ്റുകൾ ശേഖരിച്ച്, പ്രതിദിനം 2500 പാക്കറ്റ് പാൽ കടത്തുന്നതായാണു കണ്ടെത്തിയത്. 93,000 ലീറ്റർ പാലാണ് ദിവസവും സത്തുവാചാരി പ്ലാന്റിൽ നിന്ന് വിതരണം ചെയ്യുന്നത്. എന്നാൽ, തിമിരി റൂട്ടിൽ പോകുന്ന രണ്ടു വണ്ടികൾക്ക് ഒരേ റജിസ്റ്റർ നമ്പറാണുള്ളതെന്നാണിപ്പോൾ കണ്ടെത്തിയത്. ഇതിൽ ഒരു വണ്ടിയിൽ കയറ്റുന്ന പാലിന്റെ കണക്കു മാത്രമേ പ്ലാന്റിൽ രേഖപ്പെടുത്തുകയുള്ളൂ. അടുത്ത വണ്ടിയിൽ കയറ്റുന്ന 2500 പാക്കറ്റുകൾ അനധികൃതമായി വിൽക്കുന്നതായാണു വിവരം.

സംഭവം പുറത്തറിഞ്ഞതോടെ, രണ്ടു വണ്ടികൾക്ക് ഒരേ നമ്പർ വന്നതു സംബന്ധിച്ച് ഗതാഗത വകുപ്പും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പാൽ മോഷണം സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയതായി ആവിൻ അധികൃതർ പറഞ്ഞു. വണ്ടികൾ പ്ലാന്റിൽ പ്രവേശിക്കുമ്പോഴും പാൽ പാക്കറ്റുകൾ കയറ്റുമ്പോഴും പുറത്തേക്കു പോകുമ്പോഴും മേൽനോട്ടം വഹിക്കേണ്ട ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയതായാണ് വിലയിരുത്തൽ. പ്ലാന്റിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് പാൽ മോഷണത്തിൽ പങ്കുണ്ടെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് ആവിൻ ജനറൽ മാനേജർ പരാതി നൽകിയത്.

പാലിനു പശുവും  എരുമയും

ക്ഷീര കർഷകർക്കിടയിൽ എരുമ വളർത്തൽ പ്രോത്സാഹിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്ന് ക്ഷീരമന്ത്രി മനോ തങ്കരാജ് പറഞ്ഞു. കൊഴുപ്പു കൂടുതലുള്ള എരുമപ്പാൽ പാലുൽപ്പന്നങ്ങൾ നിർമിക്കാൻ ഉത്തമമാണ്. എരുമകൾക്ക് രോഗ പ്രതിരോധ ശേഷി കൂടുതലുണ്ട് എന്നതും മറ്റൊരു മെച്ചമാണ്. എന്നാൽ, സംസ്ഥാനത്ത് എരുമകളുടെ എണ്ണത്തിൽ കുറവു വന്നതിനാൽ എരുമപ്പാലിന്റെ ലഭ്യത കുറഞ്ഞു. അതിനാലാണ് എരുമ വളർത്തൽ പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതി ആവിഷ്കരിക്കാൻ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു. ഈറോഡ്, നാമക്കൽ, കരൂർ എന്നിവിടങ്ങളിൽ നിന്ന് പ്രതിദിനം ഒരു ലക്ഷം ലീറ്റർ എരുമപ്പാൽ ആവിൻ സംഭരിക്കുന്നുണ്ട്.

പാലുൽപാദനം വർധിപ്പിക്കുന്നതിനായി 2 ലക്ഷം കറവപ്പശുക്കളെ വിതരണം ചെയ്യാനും പദ്ധതിയുണ്ട്. പാൽ സംഭരണം ഇരട്ടിയാക്കുക എന്നതാണ് ആദ്യ ലക്ഷ്യം. നിലവിൽ 45 ലക്ഷം ലീറ്റർ പാൽ സംസ്കരിക്കാനുള്ള സംവിധാനമാണ് ആവിനുള്ളത്. സംസ്കരണ ശേഷി വർധിപ്പിക്കാനുള്ള നടപടികൾ ഈ വർഷം അവസാനത്തോടെ പൂർത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു. വർഷം മുഴുവൻ ഒരേ വിലയ്ക്കാണ് ആവിൻ പാൽ വിതരണം ചെയ്യുന്നത്. എന്നാൽ സ്വകാര്യ പാൽ കമ്പനികൾ അടിക്കടി വില വർധിപ്പിക്കുന്നതായും മനോ തങ്കരാജ് പറഞ്ഞു.

അമുല്‍ വരട്ടെ: കൃഷ്ണഗിരിയിലെ ക്ഷീരകർഷകർ

അമുൽ കമ്പനിയെ തമിഴ്നാട്ടിൽ പ്രവർത്തിക്കുന്നതിൽ നിന്നു തടയാനുള്ള നീക്കത്തിൽ നിന്ന് പിൻമാറണമെന്ന് കൃഷ്ണഗിരിയിൽ ചേർന്ന കർഷക സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. പാൽ സംഭരണ വില വർധിപ്പിച്ചാൽ ആവിന് പാൽ നൽകാൻ കർഷകർ തയാറാകുമെന്നും അഭിപ്രായമുയർന്നു. ഗുജറാത്തിൽ നിന്നുള്ള അമുൽ ക്ഷീരകർഷകർക്കു പണം ഉടൻ ലഭ്യമാക്കുന്നതാണ് അനുകൂല വികാരത്തിന്റെ കാരണം.

‘കുട്ടികളുടെ ജോലി നിയമപ്രകാരം ’

അമ്പത്തൂരിലെ ഡെയറിഫാമിൽ പരിശോധന നടത്തിയ മന്ത്രി മനോ തങ്കരാജ്, അപകട സാധ്യതയില്ലാത്ത വ്യവസായ സ്ഥാപനങ്ങളിൽ15നും 18നും ഇടയിൽ പ്രായമുള്ള ആൺകുട്ടികളെ ജോലിക്കു നിയോഗിക്കാമെന്ന് 1986ലെ ബാലവേല നിയമം അനുശാസിക്കുന്നുണ്ടെന്നു വിശദീകരിച്ചു.

പ്രായപൂർത്തിയകാത്തവരെ ജോലിക്കു നിയോഗിച്ച സംഭവത്തിൽ വിശദീകരണം നൽകുകയായിരുന്നു അദ്ദേഹം. കൂലി ലഭിക്കാത്തതിനെ തുടർന്ന്, കരാർ ജോലിക്കാർ സമരം ആരംഭിച്ചതോടെയാണ് സംഭവം വെളിച്ചത്തു വന്നത്. ഇവിടെ ജോലി ചെയ്തിരുന്നവരിൽ മിക്കവരും 15 – 18 പ്രായക്കാരായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com